ജൂത ദേവാലയം കത്തിച്ച സംഭവം: പ്രതി എബിൻ പോളിന്‍റെ ഫോണിൽ ദുരൂഹ ചാറ്റുകൾ; തീവ്രവാദ ബന്ധം സംശയിച്ച് പൊലീസ്

കോലഞ്ചേരി: എറണാകുളം മാർക്കറ്റ് റോഡിലുള്ള ജൂത ആരാധാന കേന്ദ്രം കത്തിച്ചതുമായി ബന്ധപ്പെട്ട കേസിൽ പിടിയിലായ യുവാവിന്റെ താമസസ്ഥലത്ത് നടത്തിയ പരിശോധനയിൽ വൻ രാസലഹരി ശേഖരം കണ്ടെത്തി. വടയമ്പാടി പത്താംമൈൽ ജിഞ്ചർ കൗണ്ടി വില്ലയിലെ 10 എയിൽ താമസിക്കുന്ന എബിൻ ബി പോളിന്റെ (32) വീട്ടിൽനിന്നാണ് ഏഴ് ഇനങ്ങളിലായി 105.703 ഗ്രാം ലഹരിവസ്തുക്കൾ പുത്തൻകുരിശ് പൊലീസ് പിടികൂടിയത്.

പ്രതിക്ക് തീവ്രവാദ ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഇത് വ്യക്തമാക്കുന്ന ചില രേഖകൾ ഇയാളുടെ ഫോണിൽനിന്ന് അന്വേഷണ സംഘം കണ്ടെത്തി. തിങ്കളാഴ്ച പുലർച്ചെ രണ്ടരക്കാണ് എറണാകുളം മാർക്കറ്റിനുള്ളിലെ സിനഗോഗിനോട് ചേർന്നുള്ള നഴ്സറിയുടെ മുൻ ഭാഗത്ത് തീ കൊളുത്തിയത്. കാറിൽ വന്ന എബിൻ വാഹനം മാറ്റിയിട്ട് സിനഗോഗ് ലക്ഷ്യമാക്കി കൈയിലിരുന്ന പെട്രോൾ നിറച്ച കാനുമായി പോകുന്നതും നഴ്സറിയിലേക്ക് പെട്രോൾ മുഴുവനായി ഒഴിക്കുന്നതിന്റെയും ദൃശ്യങ്ങൾ കണ്ടെത്തിയിട്ടുണ്ട്. അകലേക്ക് മാറിനിന്ന് തീ എറിഞ്ഞ് കത്തിക്കുകയായിരുന്നു. ഇതെല്ലാം സ്വയം വിഡിയോയിൽ പകർത്തി.

കൂടാതെ, ഈ വിഡിയോ ചിലർക്ക് അയച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് പ്രതിയെ പിടികൂടാൻ സഹായിച്ചത്. വീട്ടിൽ നടത്തിയ പരിശോധനയിൽ കിടപ്പുമുറിയിലെ അലമാരയിൽനിന്നാണ് ഡബ്ല്യു ഹെറോയിൻ, ബി ഹെറോയിൻ, ഓക്സികോഡോൺ, ഫെന്റാനിൽ, അൽപ്രാസോലം, കെറ്റാമിൻ, കെ റോക്ക് എന്നി ലഹരിവസതുക്കൾ കണ്ടെത്തിയത്. ഇവയുടെ കൃത്യമായ സ്വഭാവവും ലഹരിപദാർഥങ്ങളുടെ സാന്നിദ്ധ്യവും ശാസ്ത്രീയ പരിശോധനയിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. പിടിച്ചെടുത്ത ലഹരിവസ്തുക്കളുടെ ഉറവിടവും ഇവ മറ്റാർക്കെങ്കിലും വിതരണം ചെയ്തിട്ടുണ്ടോയെന്നും കണ്ടെത്തുന്നതിനുമായി അന്വേഷണം ഊർജിതമാക്കി.

ജൂതപ്പള്ളി കത്തിച്ച കേസിൽ എറണാകുളം സെൻട്രൽ പൊലീസിന്റെ കസ്റ്റഡിയിലുള്ള ഇയാളുടെ പേരിൽ എൻ.ഡി.പി.എസ് നിയമപ്രകാരം പുതിയ കേസ് കൂടി രജിസ്റ്റർ ചെയ്തു. നേരത്തെ, മൂവാറ്റുപുഴയിലെ ഒരു യൂസ്ഡ് കാർ ഷോറൂമിനും ഇതേ രീതിയിൽ തീയിട്ടതായി എബിൻ സമ്മതിച്ചിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്.

സി.ഐ പി.എം. എബി, എസ്.ഐമാരായ എം.ടി ജിതിൻ കുമാർ, എസ്.ഐ എസ്.എസ് അജിൻ, ദിലീപ്കുമാർ, സി.പി.ഒമാരായ സിനോജ്, ആശ എന്നിവരടങ്ങിയ സംഘമാണ് അന്വേഷണം നടത്തിയത്.

Tags:    
News Summary - Jewish Place of Worship Fire Incident: Suspicious Chats Found on Accused Ebin Paul’s Phone; Police Suspect Terror Links

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.