പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു; ഏഴുപേർ കസ്റ്റഡിയിൽ
പാലക്കാട്: മൂലത്തറയില്‍ ഭിക്ഷാടകനെ തല്ലിക്കൊന്നു. മൂലത്തറ ഡാമിന് സമീപത്തെ കള്ള് ഷാപ്പിന് മുമ്പില്‍ ശനിയാഴ്ച രാത്രിയാണ് സംഭവം. പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചത്.
ഞായറാഴ്ച രാവിലെ നാട്ടുകാരാണ് ഭിക്ഷാടകനെ സംശയാസ്പദമായി മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടന്ന പോസ്റ്റ്‌മോര്‍ട്ടത്തിലാണ് ഇയാൾ ക്രൂരമായ മർദനത്തിനിരയായിട്ടുണ്ടെന്നും സംഭവം കൊലപാതകമാണെന്നും വ്യക്തമായത്. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനക്കൊടുവിലാണ് അഞ്ചുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
സംഭവത്തില്‍ മീനാക്ഷിപുരം പൊലീസ് കേസെടുത്തു. നിലവില്‍ ഏഴ് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കൂടുതൽപേർ കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് കരുതുന്നത്. യുവാക്കൾ മദ്യപാനത്തിനെത്തിയപ്പോൾ ഭിക്ഷാടകനെത്തുകയും തുടർന്ന് തർക്കത്തിലേർപ്പെടുകയുമായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞിട്ടില്ല.
കേരള-തമിഴ്‌നാട് അതിർത്തി ഗ്രാമമായതിനാൽ, കൊല്ലപ്പെട്ടയാൾ അയൽ സംസ്ഥാനങ്ങളിൽ നിന്ന് എത്തിയതാണോയെന്ന് കണ്ടെത്താൻ തമിഴ്‌നാട് പൊലീസിന്‍റെ സഹായത്തോടെ അന്വേഷണം പുരോഗമിക്കുകയാണ്.
മൃതദേഹം കണ്ടെത്തിയ മൂലത്തറ ഡാമിന് സമീപമുള്ള പ്രദേശം രാത്രികാലങ്ങളിൽ സാമൂഹിക വിരുദ്ധരുടെയും മദ്യപാനികളുടെയും പ്രധാന കേന്ദ്രമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇത്തരക്കാരുമായി ഉണ്ടായ തർക്കമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.