ഗുജറാത്തി വ്യാപാരിയുടെ സ്വർണവും പണവും കവർന്നു; മലയാളികൾക്കായി തിരച്ചിൽ
മുംബൈ: വിമാനത്താവളത്തിൽവെച്ച് സൂറത്തിലെ വസ്ത്രവ്യാപാരിയിൽനിന്ന് 1.95 കോടി രൂപയുടെ സ്വർണവും 33.35 ലക്ഷം രൂപയും കവർന്ന മലയാളികൾക്കായി അന്വേഷണം ഊർജിതമാക്കി മുംബൈ പൊലീസ്. 67കാരനായ വ്യാപാരിയുടെ പരാതിയിൽ മലപ്പുറം സ്വദേശികളായ തുംബ്ലാൻതൊടി മുഹമ്മദ് ഹാരിസ്, കാട്ടുമടത്തിൽ നിയാസ് മുഹമ്മദ് എന്നിവർക്കെതിരെയാണ് സഹാർ പൊലീസ് കേസെടുത്തത്.
വസ്ത്ര വ്യാപാരത്തിനുപകരം മറ്റൊരു വ്യവസായ സാധ്യത തേടുകയായിരുന്ന തന്നെ ദുബൈയിൽവെച്ച് പരിചയപ്പെട്ട മലയാളി മുഹമ്മദ് ഹാരിസ് സ്വർണക്കച്ചവടത്തിന് പ്രേരിപ്പിച്ചതായും അതുപ്രകാരം നാട്ടിൽ കൊണ്ടുവന്നു വിൽക്കാനായി ദുബൈയിൽനിന്ന് വാങ്ങിയ ഒന്നര കിലോ സ്വർണവും അതിന് കസ്റ്റംസ് തീരുവയായി അടക്കാൻ കരുതിവെച്ച 1.28 ലക്ഷം ദിർഹമും (ഏകദേശം 33.35 ലക്ഷം രൂപ) ആണ് മലപ്പുറം സ്വദേശികൾ തട്ടിയെടുത്തതെന്നാണ് പരാതി. വെള്ളിയാഴ്ച മുംബൈയിലേക്കുള്ള എമിറേറ്റ്സ് വിമാനത്തിൽവെച്ച് നിയാസ് മുഹമ്മദിനെ പരിചയപ്പെടുകയായിരുന്നു എന്നും തന്റെ വിശ്വാസം നേടിയ അയാൾ കസ്റ്റംസ് നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ സഹായിക്കാമെന്ന് പറഞ്ഞു സ്വർണവും പണവും അടങ്ങിയ ബാഗ് കൈക്കലാക്കി കടന്നുകളയുകയായിരുന്നു എന്നുമാണ് പരാതി. മുഹമ്മദ് ഹാരിസുമായി ആസൂത്രണം നടത്തിയാണ് നിയാസ് സ്വർണവും പണവും കവർന്നതെന്നാണ് പരാതിയിൽ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.