നിർമാണസ്ഥലത്തുനിന്നും കോൺക്രീറ്റ് വീണത് ചോദ്യം ചെയ്തു; കൊൽക്കത്തയിൽ പത്മശ്രീ ജേതാവിനും അധ്യാപികക്കും നേരെ കയ്യേറ്റം
കൊൽക്കത്ത: സെൻസസ് ജോലികൾ കഴിഞ്ഞ് മടങ്ങുകയായിരുന്ന പത്മശ്രീ ജേതാവായ പ്രധാന അധ്യാപകനും വനിതാ സഹപ്രവർത്തകക്കും നേരെ കൊൽക്കത്തയിൽ അതിക്രമം. നിർമാണത്തിലിരിക്കുന്ന ഉയർന്ന കെട്ടിടത്തിൽ നിന്നും കോൺക്രീറ്റ് അവശിഷ്ടങ്ങൾ ദേഹത്ത് പതിച്ചതിനെത്തുടർന്ന് തൊഴിലാളികളെ ചോദ്യം ചെയ്ത പത്മശ്രീ പുരസ്കാര ജേതാവായ കാസി മസും അക്തറിനും സഹപ്രവർത്തകയായ സ്വാതി ബാനർജിക്കും നേരെയാണ് കയ്യേറ്റവും അധിക്ഷേപവുമുണ്ടായത്. ഉത്തർ കൊൽക്കത്തയിലാണ് സംഭവം.
ബാഗ്ബസാർ ഹരിനാഥ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററായ കാസി മസും അക്തറും, അതേ സ്കൂളിലെ അസിസ്റ്റന്റ് അധ്യാപികയായ സ്വാതി ബാനർജിയും ശ്യാമബസാർ എ.വി. സ്കൂളിന് സമീപമുള്ള ജതീന്ദ്ര മോഹൻ അവന്യൂവിലൂടെ നടന്നുപോകുന്നതിനിടയിലാണ് അതിക്രമമുണ്ടായത്. നിർമാണത്തിലിരുന്ന ഉയർന്ന കെട്ടിടത്തിൽ നിന്നും വലിയ സിമന്റ് കഷ്ണങ്ങളും ചെങ്കല്ലുകളും ഇവരുടെ തലയിലേക്ക് പതിക്കുകയായിരുന്നു.
തിരക്കേറിയ റോഡിലേക്ക് അവശിഷ്ടങ്ങൾ വീഴുന്നത് തടയാൻ നിർമാണസ്ഥലത്ത് യാതൊരുവിധ സുരക്ഷാ വലകളും സ്ഥാപിച്ചിരുന്നില്ലെന്ന് സ്വാതി ബാനർജി നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു. കെട്ടിടത്തിന്റെ അതിർത്തികളിൽ ഇരുമ്പ് കമ്പികൾ അപകടകരമാംവിധം പുറത്തേക്ക് തള്ളിനിൽക്കുന്നതായും അവർ ചൂണ്ടിക്കാണിച്ചു. ‘ഞങ്ങൾ സെൻസസ് ജോലി പൂർത്തിയാക്കി മടങ്ങിവരുന്ന വഴിയാണ് വലിയ രീതിയിൽ അവശിഷ്ടങ്ങൾ ഞങ്ങളുടെ ദേഹത്തേക്ക് വീണത് സ്വാതി ബാനർജി തന്റെ പരാതിയിൽ പറയുന്നു.
തുടർന്ന് അധ്യാപകർ കാര്യം അന്വേഷിക്കാനായി നിർമാണസ്ഥലത്തെ തൊഴിലാളികളെ ചോദ്യം ചെയ്തതോടെയാണ് രംഗം വഷളായത്. തൊഴിലാളികൾ പ്രകോപിതരായി തങ്ങൾക്ക് നേരെ തിരിയുകയായിരുന്നുവെന്ന് ഇവർ പറയുന്നു. സംഭവസ്ഥലവും തൊഴിലാളികളുടെ പെരുമാറ്റവും വിഡിയോയിൽ പകർത്താൻ ശ്രമിച്ചപ്പോൾ ഒരാൾ ഫോൺ തട്ടിപ്പറിക്കാൻ ശ്രമിക്കുകയും തടയുകയും ചെയ്തു. ഇതിനിടയിൽ ഇരുവരെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.
ഈ സംഘർഷം തനിക്ക് വലിയ രീതിയിൽ അപമാനമുണ്ടാക്കിയതായും ഉന്തും തള്ളുമിനിടയിൽ തന്റെ മാന്യത ചോദ്യം ചെയ്യപ്പെട്ടതായും സ്വാതി ബാനർജി വ്യക്തമാക്കി. പരിക്കേറ്റതിന്റെ ചിത്രങ്ങളും നിർമാണസ്ഥലത്തിന്റെ ഫോട്ടോകളും സഹിതം ഇവർ ശ്യാമ്പുകൂർ പൊലീസ് സ്റ്റേഷനിൽ ഔദ്യോഗികമായി പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സംഭവത്തെ തുടർന്ന് ഞായറാഴ്ച മാധ്യമപ്രവർത്തകർ സ്ഥലത്ത് എത്തിയപ്പോൾ നിർമാണസ്ഥലത്ത് സുരക്ഷാ വലകൾ സ്ഥാപിച്ചിരിക്കുന്നത് കണ്ടു. എന്നാൽ ഈ വലകൾ വെള്ളിയാഴ്ച അപകടം നടക്കുന്ന സമയത്ത് അവിടെയുണ്ടായിരുന്നതാണോ, അതോ സംഭവത്തിന് ശേഷം തൊഴിലാളികൾ തിടുക്കത്തിൽ സ്ഥാപിച്ചതാണോ എന്ന് പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.