അറസ്റ്റിലായ സീതാറാം ഭട്ടാനെ

കൊല​ക്കേസ് പ്രതി പിടിയിൽ: 50 വർഷത്തിന് ശേഷം!

അഹമ്മദാബാദ്: അരനൂറ്റാണ്ട് കാലം ഒളിവിൽ കഴിഞ്ഞ കൊലക്കേസ് പ്രതിയെ ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. 73 വയസ്സുള്ള സീതാറാം ഭട്ടാനെയെയാണ് ഗുജറാത്ത് സർദാർനഗർ പൊലീസ് ചൊവ്വാഴ്ച അറസ്റ്റ് ചെയ്തത്.

പുതുതായി ചുമതലയേറ്റ പൊലീസ് ഇൻസ്‌പെക്ടർ പി.വി. ഗോഹിൽ പഴയകേസ് പൊടിത​ട്ടിയെടുത്ത് പരിശോധിച്ചപ്പോഴാണ് കേസിന് തുമ്പുണ്ടായത്. ആധാർ കാർഡ് വിവരങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പൊക്കുകയായിരുന്നു.

1973 സെപ്‌റ്റംബർ 11നാണ് കേസിനാസ്പദമായ സംഭവം. മോഷണത്തിനിടെ സീതാറാം, 70 കാരിയായ മണിബെൻ ശുക്ലയെ കൊലപ്പെടുത്തുകയായിരുന്നു. അന്ന് 23 വയസ്സുകാരനായ പ്രതി മോഷ്ടിക്കാനായാണ് മണിബെൻ ശുക്ലയുടെ വീട്ടിൽ കയറിയത്. പ്രതിയെ കണ്ട് മണിബെൻ നിലവിളിച്ചപ്പോൾ ​കൊലപ്പെടുത്തുകയായിരുന്നു.

കൃത്യം നടത്തി വീട് പുറത്തുനിന്ന് പൂട്ടി സീതാറാം മുങ്ങി. മൂന്ന് ദിവസത്തിന് ശേഷം ദുർഗന്ധം വമിച്ചപ്പോൾ അയൽവാസി സംശയം തോന്നി പൊലീസിനെ വിളിച്ചറിയിക്കുകയായിരുന്നു. വീട് കുത്തിത്തുറന്നപ്പോഴാണ് ശുക്ലയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടിലേക്ക് ഏറ്റവും അവസാനം വന്നത് ഒന്നാം നിലയിൽ വാടകക്ക് താമസിച്ചിരുന്ന സീതാറാമാണെന്നും അയാൾ പൂട്ടിയിടുന്നത് കണ്ടിട്ടുണ്ടെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. പൊലീസ് ഇയാളെ തിരഞ്ഞ് സ്വദേശമായ മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിലേക്ക് പോയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ​കേസ് ഫയലിൽ വിശ്രമിക്കുകയായിരുന്നു.

2013 ഓഗസ്റ്റ് 14-ന് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചെങ്കിലും ഫലമുണ്ടായില്ല. സർദാർനഗർ പൊലീസ് മഹാരാഷ്ട്ര പൊലീസിനോട് സീതാറാം ഭട്ടാനെയെ കണ്ടെത്താൻ രണ്ടുമൂന്നു പ്രാവശ്യം ആവശ്യപ്പെട്ടിരുന്നതായും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. നവംബർ അവസാനവാരം പുതിയ ഇൻസ്‌പെക്ടറായി പി വി ഗോഹിൽ ചുമതലയേറ്റു. 'നവംബർ 30നാണ് ഈ കേസ് ശ്രദ്ധയിൽപെട്ടത്. ഈ പേരുള്ള ഒരാൾക്ക് അഹമ്മദ് നഗറിൽ ആധാർ കാർഡ് ലഭിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ ഞാൻ എന്റെ ടീമിനോട് പറഞ്ഞു. ആധാർ കാർഡ് വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ അഹമ്മദ്നഗർ ജില്ലയിലെ പതാർഡി രഞ്ജനി ഗ്രാമത്തിൽ സീതാറാം താമസിക്കുന്നുണ്ടെന്ന് കണ്ടെത്തി' - ഗോഹിൽ പറഞ്ഞു. പിന്നാലെ, സർദാർനഗർ പൊലീസ് സംഘം അവിടെയെത്തി പ്രതിയെ ചോദ്യം ചെയ്തു. 50 വർഷം മുമ്പ് മണിബെൻ ശുക്ലയെ കൊലപ്പെടുത്തിയതായി സമ്മതിച്ച പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

Tags:    
News Summary - Man held for murder after half a century

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.