മുഷ്താഖ് ഷെയ്ഖ്
വഡോദര: റെയിൽവേ ട്രാക്കിൽ സ്ഫോടകവസ്തുക്കൾ സ്ഥാപിച്ച സംഭവത്തിൽ മുൻ സൈനികനും റെയിൽവേ കരാറുകാരനുമായ മുഷ്താഖ് ഷെയ്ഖിനെ വഡോദര പൊലീസ് അറസ്റ്റ് ചെയ്തു. അങ്കാദ് ഗ്രാമത്തിന് സമീപമുള്ള റെയിൽവേ ട്രാക്കിലാണ് ഇയാൾ സ്ഫോടകവസ്തുക്കൾ വെച്ചത്. ട്രാക്കിൽ സ്ഫോടകവസ്തുക്കൾ ഇരിക്കുന്നുണ്ടെന്ന് അധികൃതരെ ആദ്യം വിവരം അറിയിച്ചതും ഇയാൾ തന്നെയായിരുന്നു.
രണ്ടു ദിവസം മുമ്പാണ് റെയിൽവേ ലൈനിൽ സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ വിവരം അധികൃതർക്ക് ലഭിച്ചത്. തുടർന്ന് ബോംബ് സ്ക്വാഡും ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. നാല് പടക്കങ്ങൾ കെട്ടിവെച്ച നിലയിലാണ് ട്രാക്കിൽ കണ്ടെത്തിയത്. അന്വേഷണത്തിൽ സ്ഫോടകവസ്തുക്കൾ വെച്ചത് മുഷ്താഖ് ഷെയ്ഖ് തന്നെയാണെന്ന് പൊലീസ് കണ്ടെത്തിയത്. റെയിൽവേയുമായുള്ള ഇയാളുടെ രണ്ട് വർഷത്തെ കരാർ ഈ വർഷം അവസാനിക്കുകയായിരുന്നു.
ട്രാക്കിലെ അപകടസാധ്യത കണ്ടെത്തി അധികൃതരെ അറിയിച്ചാൽ റെയിൽവേയുടെ നയം അനുസരിച്ച് കരാർ നീട്ടിക്കിട്ടുമെന്നോ അല്ലെങ്കിൽ പാരിതോഷികം ലഭിക്കുമെന്നുള്ള പ്രതീക്ഷയിലാണ് ഇയാൾ ഈ കൃത്യം ചെയ്തതെന്ന് പൊലീസ് പറയുന്നു. റെയിൽവേ നിയമപ്രകാരം ട്രാക്കിലെ തകരാറുകളോ അപകടസാധ്യതകളോ കണ്ടെത്തി അധികൃതരെ അറിയിക്കുന്നവർക്ക് പാരിതോഷികവും പ്രശംസാപത്രവും ലഭിക്കാറുണ്ട്.
വിവാഹങ്ങൾക്കും മറ്റും ഉപയോഗിക്കുന്ന 'കോൾഡ് പൈറോ' ആണ് ഇയാൾ ട്രാക്കിൽ വെച്ചത്. ഒരു വിവാഹ ചടങ്ങിൽ നിന്നാണ് ഇയാൾ ഈ വസ്തുക്കൾ ശേഖരിച്ചത്. ഗൂഢാലോചന നടത്തുന്നതിനും മനുഷ്യജീവന് അപകടമുണ്ടാക്കുന്ന രീതിയിൽ പ്രവർത്തിച്ചതിനുമാണ് ഷെർഖി ഗ്രാമവാസിയായ മുഷ്താഖിനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. പിടിച്ചെടുത്ത സ്ഫോടകവസ്തുക്കൾ എഫ്.എസ്.എൽ പരിശോധനക്ക് അയച്ചിട്ടുണ്ട്. വിവിധ അന്വേഷണ ഏജൻസികൾ സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.