ഗോപാൽഗഞ്ച്: മദ്യം വാങ്ങാൻ 100 രൂപ നൽകാത്തതിനെത്തുടർന്ന് 28കാരനായ മകൻ അമ്മയെ ക്രൂരമായി കൊലപ്പെടുത്തി. ബീഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലുള്ള വൈകുണ്ഠ്പൂരിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവത്തിൽ മകൻ രാംഭരോസെ റാവത്തിനെ പൊലീസ് അറസ്റ്റ് ചെയ്തു. സുമിത്രാ ദേവിയാണ് (50) കൊല്ലപ്പെട്ടത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. ദിവസക്കൂലി തൊഴിലാളിയായ രാംഭരോസെ മദ്യം വാങ്ങാൻ അമ്മയോട് 100 രൂപ ആവശ്യപ്പെട്ടു. പണം നൽകാൻ വിസമ്മതിച്ചതോടെ പ്രകോപിതനായ ഇയാൾ അമ്മയുടെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
സംഭവസ്ഥലത്ത് നിന്ന് ഒരു ഇരുമ്പ് വടിയും മൂർച്ചയുള്ള ആയുധവും ഫോറൻസിക് സംഘം കണ്ടെടുത്തു. പ്രാഥമിക അന്വേഷണത്തിൽ കഴുത്തറുത്തതാണ് മരണകാരണമെന്ന് സബ് ഡിവിഷണൽ പൊലീസ് ഓഫീസർ രാജേഷ് കുമാർ സ്ഥിരീകരിച്ചു. പ്രതി മദ്യത്തിന് പുറമെ മയക്കുമരുന്നിനും അടിമയാണെന്ന് നാട്ടുകാർ പറയുന്നു. പിടിയിലായ രാംഭരോസെ റാവത്ത് ഒരു ദിവസക്കൂലി തൊഴിലാളിയാണ്. എന്നാൽ സമ്പാദിക്കുന്ന പണമത്രയും മദ്യത്തിനും മയക്കുമരുന്നിനുമായാണ് ഇയാൾ ചിലവാക്കിയിരുന്നത്. ലഹരിക്ക് പണമില്ലാതെ വരുമ്പോൾ വീട്ടിൽ നിരന്തരം വഴക്കുണ്ടാക്കാറുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു.
ബീഹാറിൽ മദ്യനിരോധനം നിലവിലുള്ള സാഹചര്യത്തിൽ 'സ്മാക്' പോലുള്ള വീര്യമേറിയ ലഹരിവസ്തുക്കളുടെ ഉപയോഗം വർധിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ വിഷയം ബീഹാർ നിയമസഭയുടെ ബജറ്റ് സമ്മേളനത്തിലും ചർച്ചയായി. സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗം വർധിക്കുന്നതിൽ ആർ.ജെ.ഡി എം.എൽ.സി അജയ് കുമാർ സിങ്ങും എം.എൽ.എ രാഹുൽ കുമാറും ആശങ്ക രേഖപ്പെടുത്തി. മുമ്പ് പഞ്ചാബിലെ ലഹരി ഉപയോഗത്തെ സൂചിപ്പിക്കാൻ 'ഉഡ്താ പഞ്ചാബ്' എന്ന് വിശേഷിപ്പിച്ചിരുന്നത് പോലെ, അധികം വൈകാതെ ആളുകൾ 'ഉഡ്താ ബീഹാർ' എന്ന് സംസാരിക്കേണ്ടി വരുമെന്ന് എം.എൽ.എ രാഹുൽ കുമാർ പറഞ്ഞു.
2016ൽ ഗോപാൽഗഞ്ചിൽ വ്യാജമദ്യം കഴിച്ച് 16 പേർ മരിച്ച സംഭവത്തിന് ശേഷം മദ്യനിരോധനം ഏർപ്പെടുത്തിയെങ്കിലും, ലഹരിയുടെ മറ്റ് വകഭേദങ്ങൾ യുവാക്കൾക്കിടയിൽ പടരുന്നത് വലിയ പ്രതിസന്ധിയായി മാറിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.