ലഖ്‌നോ: ഉന്നത വിദ്യാഭ്യാസത്തെച്ചൊല്ലിയുള്ള തർക്കത്തെത്തുടർന്ന് 49കാരനായ പിതാവിനെ വെടിവെച്ച് കൊലപ്പെടുത്തി മൃതദേഹം കഷ്ണങ്ങളാക്കി ഒളിപ്പിച്ച സംഭവത്തിൽ ബി.കോം വിദ്യാർഥിയായ മകൻ അറസ്റ്റിലായി. ലഖ്‌നൗവിലെ ആഷിയാന മേഖലയിൽ താമസിക്കുന്ന മദ്യവ്യാപാരിയും പതോളജി ലാബ് ഉടമയുമായ മൻവേന്ദ്ര സിങ്ങാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ അക്ഷത് സിങ്ങിനെ (21) പൊലീസ് അറസ്റ്റ് ചെയ്തു.
ഫെബ്രുവരി 20ന് പുലർച്ചെയാണ് കൊലപാതകം നടന്നത്. ബി.കോം ബിരുദത്തിന് പഠിക്കുന്ന അക്ഷതിനോട് അത് ഉപേക്ഷിച്ച് നീറ്റ് പരീക്ഷ എഴുതാൻ പിതാവ് നിർബന്ധിച്ചതാണ് തർക്കത്തിന് കാരണമായത്. വാക്കേറ്റത്തിനൊടുവിൽ പിതാവിന്റെ തന്നെ ലൈസൻസുള്ള തോക്കെടുത്ത് അക്ഷത് വെടിവെക്കുകയായിരുന്നു. 11-ാം ക്ലാസ്സുകാരിയായ സഹോദരിയുടെ മുന്നിൽ വെച്ചായിരുന്നു ഈ ക്രൂരകൃത്യം. പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് സഹോദരിയെ അക്ഷത് ഭീഷണിപ്പെടുത്തുകയും ചെയ്തു.
കൊലപാതകത്തിന് ശേഷം മൃതദേഹം പല കഷണങ്ങളായി മുറിച്ചു. ശരീരത്തിന്റെ തലയും ഉടലും ഒരു നീല പ്ലാസ്റ്റിക് ഡ്രമ്മിലാക്കി വീടിന്റെ താഴത്തെ നിലയിൽ ഒളിപ്പിച്ചു. കൈകാലുകൾ നഗരത്തിന് പുറത്തുള്ള വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചു. പിതാവിനെ കാണാനില്ലെന്ന് അക്ഷത് തന്നെ പൊലീസിൽ പരാതി നൽകിയത്. പിതാവിനെ കാണാനില്ലെന്ന് പറയുമ്പോഴും അക്ഷത് തന്റെ കാർ അമിതമായി വൃത്തിയാക്കുന്നത് കണ്ട ബന്ധുക്കൾക്ക് സംശയം തോന്നിയിരുന്നു. പൊലീസിന്റെ ചോദ്യം ചെയ്യലിൽ പരസ്പരവിരുദ്ധമായ മറുപടികൾ നൽകിയതോടെ നടത്തിയ വിശദമായ പരിശോധനയിലാണ് ഡ്രമ്മിൽ സൂക്ഷിച്ച മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
കഴിഞ്ഞ വർഷം മീററ്റിൽ നടന്ന സമാനമായ ഒരു കൊലപാതക വാർത്ത സോഷ്യൽ മീഡിയയിൽ നിന്ന് വായിച്ചറിഞ്ഞാണ് മൃതദേഹം ഡ്രമ്മിലാക്കി ഒളിപ്പിക്കാൻ താൻ തീരുമാനിച്ചതെന്ന് അക്ഷത് പൊലീസിനോട് സമ്മതിച്ചു. കഴിഞ്ഞ വർഷം മാർച്ചിലാണ് ഈ ദാരുണമായ സംഭവം നടന്നത്. 29 കാരനായ സൗരഭ് രാജ്‌പുതാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സൗരഭിന്റെ ഭാര്യ മുസ്കാൻ റസ്തോഗി, കാമുകൻ സാഹിൽ ശുക്ല എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
സൗരഭിനെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ മൃതദേഹം അതിക്രൂരമായി 15 കഷണങ്ങളായി മുറിച്ചു. തെളിവ് നശിപ്പിക്കുന്നതിനായി വലിയൊരു നീല പ്ലാസ്റ്റിക് ഡ്രം വാങ്ങി അതിനുള്ളിൽ ശരീരഭാഗങ്ങൾ നിറക്കുകയായിരുന്നു. ദിവസങ്ങൾ കഴിഞ്ഞതോടെ പൊലീസെത്തി ഡ്രം തുറന്ന് പരിശോധിച്ചപ്പോഴാണ് സിമന്റിനുള്ളിൽ ഉറച്ചുപോയ നിലയിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.