മുംബൈ: രണ്ടു വയസ്സുള്ള മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി മൃതദേഹം നദിയിൽ ഉപേക്ഷിച്ച യുവാവ് അറസ്റ്റിൽ. മുംബൈയിലെ ധാരാവി ഹയാത്ത് കോംപൗണ്ടിൽ താമസിക്കുന്ന ഷൗക്കത്ത് അലി അൻസാരിയാണ് (30) പിടിയിലായത്. കാമുകിയെ സ്വന്തമാക്കാനാണ് ഇയാൾ ഈ ക്രൂരകൃത്യം ചെയ്തത്.
ഭാര്യ താഹിറ ബാനു (27), മകൻ മുഹമ്മദ് അസദ് എന്നിവർക്കൊപ്പമാണ് ഇയാൾ താമസിച്ചിരുന്നത്. അകന്ന ബന്ധത്തിലെ ഒരു യുവതിയുമായി ഷൗക്കത്ത് പ്രണയത്തിലായിരുന്നു. ഭാര്യയും കുട്ടിയും തന്നോടൊപ്പം ഉണ്ടെങ്കിൽ കാമുകി വിവാഹം കഴിക്കില്ലെന്ന് അറിയിച്ചതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്.
കഴിഞ്ഞദിവസം രാത്രി ചോക്ലേറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് മകനെയും കൂട്ടി ഷൗക്കത്ത് ധാരാവിയിലേക്ക് പോയി. മൂത്ത സഹോദരന്‍റെ രണ്ടു മക്കളോടൊപ്പമാണ് അടുത്തിടെ കുടുംബം വാങ്ങിയ കടയിലെത്തിയത്. ഇതിനിടെ സഹോദരന്‍റെ മക്കൾ മടങ്ങിപോയി. പിന്നാലെയാണ് മകനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി പ്ലാസ്റ്റിക് ബാഗിലാക്കി സമീപത്തെ നദിയിൽ ഉപേക്ഷിച്ചത്.
വീട്ടിൽ തിരിച്ചെത്തിയ ഷൗക്കത്തിനോട് മകൻ എവിടെ എന്ന് ചോദിച്ചെങ്കിലും കണ്ടില്ലെന്നായിരുന്നു മറുപടി. പിന്നാലെ നാട്ടുകാരും തിരച്ചിൽ തുടങ്ങി. തിരച്ചിലിൽ ഷൗക്കത്തും പങ്കാളിയായി.
ഇതിനിടെ നദിയിൽ കണ്ടെത്തിയ പ്ലാസ്റ്റിക് ബാഗ് പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തുന്നത്. നാട്ടുകാർ വിവരം മുംബൈ പൊലീസിൽ അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ അസദ് അവസാനമായി പിതാവിനോടപ്പമാണ് ഉണ്ടായിരുന്നതെന്ന് മനസ്സിലാക്കിയ പൊലീസ്, ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയായിരുന്നു. നാലു വർഷം മുമ്പാണ് ഷൗക്കത്ത് താഹിറയെ വിവാഹം കഴിക്കുന്നത്. ഒരു വർഷം കഴിഞ്ഞാണ് അകന്ന ബന്ധത്തിലുള്ള യുവതിയുമായി ഇയാൾ പ്രണയത്തിലാകുന്നത്.
തന്‍റെ ജീവിതത്തിൽ ഭാര്യയും മകനും ഇല്ലെങ്കിൽ മാത്രമേ വിവാഹത്തിന് സമ്മതിക്കൂവെന്ന് യുവതി അറിയിച്ചതോടെയാണ് ഷൗക്കത്ത് കൊല നടത്തിയതെന്ന് ഷാഹു നഗർ സ്റ്റേഷനിലെ സീനിയർ പൊലീസ് ഇൻസ്പെക്ടർ ജിതേന്ദ്ര കാംബ്ലി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.