ദിൽജിത് ദോസാഞ്ജ്
ഇൻഡോറിൽ മൂന്ന് സ്കൂളുകൾക്കും മേയർ ഓഫീസിനും ബോംബ് ഭീഷണി; ആശങ്കയിൽ ദിൽജിത്തിന്റെ ഷോ
ഇൻഡോർ: നവംബർ 15 ന് നഗരത്തിൽ നടക്കുന്ന പഞ്ചാബി ഗായകൻ ദിൽജിത് ദോസാഞ്ജിന്റെ സംഗീത പരിപാടിക്ക് ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണി മുഴക്കുന്ന ഇമെയിലുകൾ മൂന്ന് സ്വകാര്യ സ്കൂളുകൾക്കും ഇൻഡോർ മേയറുടെ ഓഫീസിനും ലഭിച്ചതായി പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ ഇമെയലുകളിലെ സന്ദേശങ്ങൾ വ്യാജമാണെന്ന് തെളിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
പഞ്ചാബി ഭാഷയിൽ എഴുതിയ ഇമെയിലുകൾ മൂന്ന് സ്കൂളുകളിലേക്ക് അയക്കുകയും തുടർന്ന് ബോംബ് സ്ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും വിദ്യാർത്ഥികളെ പരിപാടിയിലേക്ക് അയക്കുന്നതിനെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തുവെന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ രാജേഷ് ദണ്ഡോതിയ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മൂന്ന് സ്കൂളുകളിലും ബോംബ് സ്ക്വാഡ് പരിശോധന നടത്തിയെങ്കിലും സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്താനായില്ല.
ദോസാഞ്ജിൻ്റെ വരാനിരിക്കുന്ന സംഗീത പരിപാടിയുമായി ബന്ധപ്പെട്ട് മേയർ പുഷ്യമിത്ര ഭാർഗവയുടെ ഓഫീസിനും സമാനമായ ഒരു ഭീഷണി ഇമെയിൽ ലഭിച്ചിരുന്നു. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്ന് ദണ്ഡോതിയ പറഞ്ഞു.
ഒറ്റനോട്ടത്തിൽ വ്യാജമായ ഇമെയിലുകൾ പോലെ തോന്നിയെങ്കിലും, അയച്ചവരെ തിരിച്ചറിയുന്നതിനുള്ള സാങ്കേതിക തെളിവുകൾ ക്രൈംബ്രാഞ്ച് പരിശോധിച്ചുവരികയാണെന്നും അന്വേഷണത്തിന് ശേഷം ഉചിതമായ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
നവംബർ 15 ന് സംഗീത പരിപാടി നടത്തുന്നതിനുള്ള അനുമതിക്കായി സംഘാടകർ ഇതുവരെ അപേക്ഷ നൽകിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.