കൊല്ലപ്പെട്ട അഭിരാം, അറസ്റ്റിലായ ആനന്ദ, ഉമർ മുഫ്താർ
17കാരനെ കൊലപ്പെടുത്താൻ ദിവസങ്ങൾ നീണ്ട ആസൂത്രണം; വിദ്യാർഥിനി ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ
ശ്രീകാര്യം (തിരുവനന്തപുരം): പാങ്ങപ്പാറയിൽ 17 കാരനായ അഭിരാമിനെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത കുട്ടിയും വിദ്യാർഥിനിയും ഉൾപ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.
കേസിലെ ഒന്നാംപ്രതിയായ 17 കാരൻ, കാപ്പ കേസിൽ അടുത്തിടെ ജയിൽ മോചിതനായ രണ്ടാംപ്രതി ശ്രീകാര്യം കല്ലമ്പള്ളി പുതുവൽ പുത്തൻ വീട്ടിൽ എസ്. ഉമർ മുഫ്താർ (21), മൂന്നാം പ്രതിയും വിദ്യാർഥിനിയുമായ ശ്രീവരാഹം മണക്കാട് സ്വദേശി ആനന്ദ (18) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് സിറ്റി പൊലീസ് കമീഷണർ അരുൾ ആർ.ബി. കൃഷ്ണ വ്യക്തമാക്കി. കൊലപാതകത്തിന് പ്രതികൾ ദിവസങ്ങളുടെ ആസൂത്രണം നടത്തി.
പിടിയിലായാൽ 17 കാരനാണ് കൊല നടത്തിയതെന്ന് മൊഴി നൽകാനും തീരുമാനിച്ചിരുന്നു. ആദ്യ രണ്ട് പ്രതികൾക്കും കൊലപാതകത്തിൽ നേരിട്ട് പങ്കുണ്ടെന്നും ആനന്ദയുടെ അറിവോടെയായിരുന്നു നീക്കമെന്നും കമീഷണർ പറഞ്ഞു.
ഒന്നാംപ്രതിയായ 17 കാരനെ ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവുകൾക്ക് വിധേയമായി ഈമാസം പത്തുവരെ ഒബ്സർവേഷൻ ഹോമിലേക്ക് മാറ്റി. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് തുടരന്വേഷണത്തിനായി തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണറുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു.
ഈമാസം ഒന്നിന് വൈകുന്നേരമാണ് സ്കൂൾ വിദ്യാർഥിയായ അഭിരാമിനെ കാണാതായത്. പിറ്റേദിവസം വൈകുന്നേരം പാങ്ങപ്പാറയിൽ ചാക്കിൽകെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ലക്ഷ്യമിട്ടത് മറ്റൊരാളെ
ശ്രീകാര്യം: പാങ്ങപ്പാറയിൽ 17 കാരനായ അഭിരാമിന്റെ കൊലപാതകത്തിലേക്ക് നയിച്ചത് 17 കാരനായ ഒന്നാം പ്രതിയും മുൻ കാമുകിയും തമ്മിലെ തർക്കം. അഭിരാമിലൂടെ തന്റെ മുൻ കാമുകിയുടെ കാമുകനെ വിളിച്ചുവരുത്തി കൊല്ലാനായിരുന്നു പിടിയിലായ 17 കാരൻ ലക്ഷ്യമിട്ടിരുന്നത്.
അഭിരാമിന്റെ സുഹൃത്താണ് ഇയാൾ. അനന്തയെ ഉപയോഗിച്ച് അഭിരാമിനെ കൊല നടത്തിയ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് അഭിരാമിനോട് സുഹൃത്തിനെ വിളിച്ചുവരുത്താൻ ആവശ്യപ്പെട്ടു.
എന്നാൽ ഇത് തർക്കത്തിന് കാരണമായി. അതിനിടയിൽ അഭിരാമിനെ ചവിട്ടി വീഴ്ത്തി കല്ലുകൊണ്ട് ആക്രമിക്കുകയായിരുന്നു. രണ്ടാംപ്രതി ഉമറും സ്ഥലത്തുണ്ടായിരുന്നു. ഒരാൾ കഴുത്തിൽ കുത്തിപ്പിടിച്ചും മറ്റൊരാൾ ബെൽറ്റ് കൊണ്ട് കഴുത്ത് മുറുക്കിയും കൊലപാതകം നടത്തുകയായിരുന്നു.
തുടർന്ന് ഇരുവരും ചേർന്ന് അഭിരാമിന്റെ മൃതദേഹം ചാക്കിലാക്കി കരിയിലകൾ കൊണ്ട് മൂടി ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിച്ചു. തുടർന്ന് ഒന്നും സംഭവിക്കാത്തത് പോലെ വീടുകളിലേക്ക് മടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.