ആസിഫ് ഇസ്മായിൽ പഠാനെ പോലീസ് അറസ്റ്റ് ചെയ്തു.
മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് ചമഞ്ഞ് തട്ടിപ്പ്; കരാറുകാരന് 3.2 കോടി നഷ്ടം
മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഓഫീസിലെ, സ്പെഷ്യൽ ഡ്യൂട്ടി ഓഫീസറാണെന്ന് വ്യാജമായി അവകാശപ്പെട്ട ഔറംഗാബാദ് സ്വദേശിയായ ആസിഫ് ഇസ്മായിൽ പഠാൻ (40) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഒരു സ്വകാര്യ കരാറുകാരന്റെ കുടിശ്ശികയായ 50 കോടി രൂപയുടെ പൊതുമരാമത്ത് വകുപ്പ് ബില്ലുകൾ അനുവദിച്ചു നൽകാമെന്ന് വാഗ്ദാനം ചെയ്ത് 3.2 കോടി രൂപയാണ് ഇയാൾ കൈപറ്റിയത്. പ്രതി വീണ്ടും 75 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടതോടെ ഈ തുക കൂടി നൽകിയില്ലെങ്കിൽ നേരത്തെ നൽകിയ 3.25 കോടി രൂപ നഷ്ടപ്പെടുമെന്നും കുടിശ്ശികയായ ബില്ലുകൾ പാസാക്കി നൽകില്ലെന്നും ഭീഷണിപ്പെടുത്തിയതോടെയാണ് തട്ടിപ്പ് കണ്ടെത്തിയത്.
ഇയാളെ കോടതിയിൽ ഹാജരാക്കിയതിനെ തുടർന്ന് പോലീസ് കസ്റ്റഡിയിൽ വിട്ടു. കേസിൽ പ്രതിയുടെ കൂട്ടാളികളെ കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നും തട്ടിയെടുത്ത പണവും കുറ്റകൃത്യത്തിന് ഉപയോഗിച്ച വാഹനവും കണ്ടെടുക്കാനുണ്ടെന്നും പ്രതിയുടെ കസ്റ്റഡി ആവശ്യപ്പെട്ടുകൊണ്ട് പോലീസ് കോടതിയെ അറിയിച്ചു. പ്രതിയും ഇയാളുടെ കൂട്ടാളികളും സമാനമായ രീതിയിൽ മറ്റ് ചിലരെയും കബളിപ്പിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ സംശയം. നവംബർ 6 വരെ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിടാൻ കോടതി ഉത്തരവിട്ടു.
അകോലയിലെ ഒബ്റോയ് കൺസ്ട്രക്ഷൻ ഉടമയായ രഞ്ജിത് സിംഗ് ഒബ്റോയ് ആണ് പരാതിക്കാരൻ. കഴിഞ്ഞ മാസം ഇയാൾ പൊലീസിൽ പരാതി നൽകുകയും ഇതിന്റെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്ററും ചെയ്തു. ഒബ്റോയിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മറൈൻ ഡ്രൈവ് പൊലീസ് അജ്ഞാതനായ ആൾക്കെതിരെ ആൾമാറാട്ടം, പണം തട്ടിയെടുക്കൽ, ക്രിമിനൽ ഭീഷണിപ്പെടുത്തൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി ഭാരതീയ ന്യായ സംഹിത പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയായിരുന്നു.
സമാനമായ രീതിയിൽ കുടിശ്ശിക ബില്ലുകളുമായി ബന്ധപ്പെട്ട് മറ്റൊരു കോൺട്രാക്ടർക്കും ഫോൺവിളി ലഭിച്ചതായി അറിഞ്ഞതോടെ സംശയം തോന്നിയ ഒബ്റോയ് സെപ്റ്റംബർ 30ന് മന്ത്രാലയത്തിലെത്തി അന്വേഷണം നടത്തിയപ്പോഴാണ് ഫോണിൽ ബന്ധപ്പെട്ടയാൾ ഉപയോഗിച്ചിരുന്ന മൊബൈൽ നമ്പർ വ്യാജമാണെന്നും താൻ നേരിൽ കണ്ട വ്യക്തി സർക്കാർ ഉദ്യോഗസ്ഥനല്ലെന്നും മനസ്സിലാക്കി പരാതി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.