എറണാകുളം: എറണാകുളം കലൂരിൽ പെൺകുട്ടികളെ ആക്രമിച്ച സംഭവത്തിൽ മുഖ്യപ്രതി അക്ബർ പിടിയിൽ. പാലക്കാട് നിന്നാണ് പ്രതിയെ പൊലീസ് പിടികൂടിയത്. സംഭവം നടന്ന് അഞ്ച് ദിവസത്തിന് ശേഷമാണ് പ്രതിയെ പിടികൂടാനായത്. റിക്രൂട്ട്മെന്റ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന പെൺകുട്ടികളാണ് ആക്രമണത്തിന് ഇരയായത്. പാർട്ടൈം ജോലി കഴിഞ്ഞ് റോഡിലൂടെ നടന്നു പോകുകയായിരുന്ന രണ്ട് പെൺകുട്ടികളെ എട്ടു പേരടങ്ങുന്ന സംഘം ആക്രമിക്കുകയായിരുന്നു. കഴിഞ്ഞ ചൊവ്വ പുലർച്ചെ 4.30നായിരുന്നു സംഭവം.
കലൂർ ജങ്ഷനടുത്ത് ചക്കാലപ്പാടം റോഡിലാണ് വിദ്യാർഥിനികൾ ആക്രമിക്കപ്പെട്ടത്. അക്രമി സംഘത്തിലെ യുവതികളുമായാണ് ആദ്യം വാക്കുതർക്കം തുടങ്ങിയത്. പിന്നീട് അക്ബർ പെൺകുട്ടികളെ മർദിക്കുകയായിരുന്നു. പെൺകുട്ടികളിൽ ഒരാളെ ക്രൂരമായി മർദിച്ചു. നിലത്തിട്ട് ചവിട്ടുകയും കൈകൾ പിടിച്ച് തിരിക്കുകയും ചെയ്തു. നെഞ്ചിലും കഴുത്തിലും പെൺകുട്ടിക്ക് പരിക്കേറ്റു. യുവതികളടക്കം ആറ് പ്രതികൾക്കായുള്ള അന്വേഷണം തുടരുന്നുണ്ട്. ആൽവിൻ, അരുൺ, സാബിത്ത് എന്നിവരെ മുമ്പ് പിടികൂടിയിരുന്നു. പിടിയിലായ അക്ബർ മുമ്പും ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ടെന്നും ഇയാൾ സെക്സ് റാക്കറ്റ് കണ്ണിയാണെന്നും പൊലീസ് പറഞ്ഞു.
റോഡിലൂടെ നടന്നുപോകുകയായിരുന്ന പെൺകുട്ടികളെ ആക്രമിച്ചവരിൽ മൂന്നുപേരാണ് നേരത്തെ പിടിയിലായത്. സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. സംഭവത്തിൽ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. ചായ കുടിക്കാൻ ഇറങ്ങിയ പെൺകുട്ടികളെ ആറു പുരുഷന്മാരും രണ്ടു സ്ത്രീകളുമടക്കം എട്ടുപേർ ആക്രമിക്കുകയായിരുന്നു. പെൺകുട്ടികൾ നടന്ന് പോകുമ്പോൾ ലൈംഗികച്ചുവയോടെ കമന്റടിക്കുകയായിരുന്നു. ഇതു ചോദ്യം ചെയ്തതോടെ പെൺകുട്ടികളെ ആക്രമിക്കുകയായിരുന്നു.
അക്രമി സംഘത്തിന്റെ ദൃശ്യങ്ങൾ മൊബൈലിൽ ചിത്രീകരിക്കാൻ ശ്രമിച്ചതോടെ ഫോൺ പിടിച്ചുവാങ്ങി എറിഞ്ഞ് പൊട്ടിക്കുകയും പെൺകുട്ടികളിലൊരാളെ നിലത്തിട്ട് ചവിട്ടുകയും തല പിടിച്ച് നിലത്തിടിക്കുകയും ചെയ്തു എന്നുമാണ് പെൺകുട്ടികളുടെ പരാതി. ആക്രമണത്തിൽ പെൺകുട്ടികളിലൊരാൾക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. അതേസമയം, മൊഴി എടുക്കാൻ എത്തിയ പൊലീസ് വസ്ത്രധാരണത്തെയും പുറത്തിറങ്ങിയ സമയത്തെയും വിമർശിച്ചെന്നും മർദനമേറ്റ പെൺകുട്ടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.