വാഷിങ് മെഷീനെ ചൊല്ലി തർക്കം: ഇന്ത്യക്കാരനെ അമേരിക്കയിൽ കഴുത്തറുത്തു കൊന്നു

ടെക്സസ്: വാഷിങ് മെഷീനുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് കർണാടക സ്വദേശിയെ കുടുംബത്തിന്റെ മുന്നിലിട്ട് കഴുത്തറുത്തു കൊന്നു. ഡള്ളസിൽ മോട്ടൽ മാനേജറായ ചന്ദ്ര മൗലി നാഗമല്ലയ്യയെ(50)യാണ് സഹ​പ്രവർത്തകൻ കോബോസ് മാർട്ടിനേസ് ക്രൂരമായി വധിച്ചത്.

പ്രതിയെ കൊലക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാവിലെ ഡൗൺ ടൗൺ സ്യൂട്ട്സ് മോട്ടലിലാണ് നടുക്കുന്ന സംഭവം. മാർട്ടിനെസും സഹപ്രവർത്തകയും മുറി വൃത്തിയാക്കുമ്പോൾ അവിടെയെത്തിയ നാഗമല്ലയ്യ തകരാറുള്ള മെഷീൻ ഉപയോഗിക്കരുതെന്ന് നിർദേശിച്ചു. ഇ​തേച്ചൊല്ലിയുള്ള വാക്കുതർക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

എന്നാൽ, നാഗമല്ലയ്യ തന്റെ നിർദ്ദേശങ്ങൾ നേരിട്ട് മാർട്ടിനെസിനോട് പറയാതെ മറ്റൊരാളോട് തർജ്ജമ ചെയ്യാൻ ആവശ്യപ്പെട്ടത് മാർട്ടിനെസിനെ പ്രകോപിപ്പിക്കുകയായിരുന്നുവത്രെ. തുടർന്ന് സംഭവസ്ഥലത്ത് നിന്ന് പോയ മാർട്ടിനെസ് വാളുമായി തിരിച്ചെത്തി നാഗമല്ലയ്യയെ ആക്രമിക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ ഉണ്ട്. ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച നാഗമല്ലയ്യ മോട്ടൽ ഓഫിസിലേക്ക് ഓടി. അവിടെ അദ്ദേഹത്തിന്റെ ഭാര്യയും 18 വയസ്സുള്ള മകനും ഉണ്ടായിരുന്നു. അവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് വന്ന പ്രതി കുടുംബത്തിന്റെ മുന്നിലിട്ടും ക്രൂരമായി ആക്രമിക്കുകയായിരുന്നു.

മുൻപും ക്രിമിനൽ കേസുകളിൽ പ്രതിയാണ് മാർട്ടിനെസ് എന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. വാഹന മോഷണം, ആക്രമണം തുടങ്ങിയ കേസുകളിൽ ഇയാൾ മുൻപ് അറസ്റ്റിലായിട്ടുണ്ട്. നാഗമല്ലയ്യയുടെ സംസ്കാര ചടങ്ങുകൾ ശനിയാഴ്ച നടക്കും. സംഭവത്തെതുടർന്ന് ഡള്ളസിലെ ഇന്ത്യൻ സംഘടന കുടുംബത്തിന് പിന്തുണയുമായി എത്തിയിട്ടുണ്ട്.

Tags:    
News Summary - Indian man beheaded in US motel after argument over washing machine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.