സൂറത്ത്: ഗുജറാത്തിലെ സൂറത്തിൽ ഭാര്യയെകൊന്ന് പെട്ടിയിലാക്കി സിമന്റ് ഒഴിച്ചുവെച്ച് ഭർത്താവ്. ഡോ. ശിൽപ സാൽവിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ് വിശാൽ സാൽവി ഒളിവിലാണ്.
ഏപ്രിൽ 20നാണ് ശിൽപ്പ കൊല്ലപ്പെട്ടത്. തുടർന്ന് ശിൽപയുടെ മൃതദേഹം വിശാൽ ഒരു മരപ്പെട്ടിയിലാക്കി സലാബത്പുരയിലെ പഴയ വീട്ടിൽ കൊണ്ടുവെക്കുകയായിരുന്നു. തുടർന്ന് മൃതദേഹം ഒളിപ്പിക്കുന്നതിനായി ഇയാൾ പെട്ടിയിൽ സിമന്റ് ഒഴിച്ചുവെക്കുകയും ചെയ്തു. സൂറത്തിലെ ഗോദാദര പ്രദേശത്ത് മകനോടൊപ്പമായിരുന്നു ദമ്പതികളുടെ താമസം. 15 വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം.
ഏപ്രിൽ 20ന് ഗോദാധര പൊലീസ് സ്റ്റേഷനിൽ ഭാര്യയെ കാണാനില്ലെന്ന് വിശാൽ തന്നെ പരാതി നൽകുകയായിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെ മകന് വേണ്ടി വിശാൽ എഴുതിയ കത്ത് കാണാതായതോടെ പൊലീസിന് സംശയം ഉടലെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഡോക്ടറുടെ മൃതദേഹം ഇവരുടെ പഴയ വീട്ടിൽനിന്ന് കണ്ടെത്തിയതായി സലാബത്പുര പൊലീസ് ഇൻസ്പെക്ടർ ആർ.എ. ജഡേജ പറഞ്ഞു.
പ്രതിയെ കണ്ടെത്തുന്നതിനായി അന്വേഷണ സംഘങ്ങളെ രൂപീകരിച്ചു. നിലവിൽ അയാൾ ഒളിവിലാണ്. കൊലപാതകത്തിന് പിന്നിലെ കാരണവും കുറ്റകൃത്യത്തിൽ മറ്റാരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നും കണ്ടെത്താൻ വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.