കുഴിത്തുറ: ചെങ്കവിള സ്വദേശിയായ യുവാവ് അതുലിന്റെ (32) ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ള മുഖ്യപ്രതികളായ മൂന്നുപേരെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം കേരളത്തിലുൾപ്പെടെ വ്യാപക തിരച്ചിൽ നടത്തുകയാണെന്നും പൊലീസ് അറിയിച്ചു. ഉണ്ണാമലൈക്കട ആർ.സി. തെരുവിൽ നിതീഷ് (29), മാങ്കര സ്വദേശി ബെർലിൻ ജിയോ (27) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.
കുഴിത്തുറ താമ്രപർണിനദിയിലെ കണ്ണക്കോട് ഭാഗത്താണ് ജൂലൈ 31ന് അഴുകിയ നിലയിൽ യുവാവിന്റെ മൃതദേഹം നാട്ടുകാർ കണ്ടെത്തിയത്. മാർത്താണ്ഡം പൊലീസ് നടത്തിയ അന്വേഷണത്തിൽ മൂന്ന് ദിവസം മുമ്പ് മരണം സംഭവിച്ചതായി കണ്ടെത്തി. മൃതദേഹത്തിലെ ടാറ്റൂകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മരിച്ചത് ചെങ്കവിള സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. ആശാരിപള്ളം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ തലക്ക് മാരകമായ മുറിവേറ്റതായും ആയുധം ഉപയോഗിച്ച് ആക്രമിച്ചതായും വ്യക്തമായി.
സി.സി.ടി.വി കാമറകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അഞ്ചുപേരുടെ പങ്ക് കണ്ടെത്തുകയായിരുന്നു. പ്രധാന പ്രതികളായ കല്ലുകെട്ടി സ്വദേശികളായ രണ്ടുപേരും മാർത്താണ്ഡം സ്വദേശിയും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. അതുലും പ്രതികളും ചേർന്ന് ആദ്യം കുഴിത്തുറയിലെ ബാറിൽ മദ്യപിച്ചശേഷം കല്ലുകെട്ടിയിലെ ഒരുവീട്ടിലെത്തുകയായിരുന്നു. അവിടെ വെച്ച് കൊല നടത്തിയശേഷം മൃതദേഹം കാറിൽ കയറ്റി കണ്ണക്കോട് റെയിൽവേ മേൽപാലത്തിൽനിന്ന് താമ്രപർണി നദിയിലേക്ക് എറിഞ്ഞതായി അന്വേഷണത്തിൽ കണ്ടെത്തി. പിന്നീട് അതുലിന്റെ കാർ ചിതറാൽ മലക്ഷേത്രത്തിന് സമീപം ഉപേക്ഷിച്ച ശേഷം ബെർലിൻ ജിയോയുടെ സഹായത്തോടെ പ്രതികൾ രക്ഷപ്പെടുകയായിരുന്നത്രെ. ഒളിവിലുള്ള മുഖ്യപ്രതികളെ പിടികൂടിയാലേ കൊലപാതകത്തിന്റെ യഥാർഥ കാരണം പുറത്തുവരൂവെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.