മുസ്‍ലിം ആണെന്ന് തെറ്റിദ്ധരിച്ച മർദനമേറ്റ ശുഭങ്കർ ദാസ്ശർമ
കൊൽക്കത്ത: ബംഗാളിലെ 24 നോർത്ത് പർഗാനാസ് ജില്ലയിൽ, ശ്യാംനഗർ റെയിൽവേ സ്റ്റേഷന് സമീപത്തു വെച്ച് നാടക പ്രവർത്തകന് ക്രൂരമർദനമേറ്റു. കറുത്ത കുർത്തയും പൈജാമയും ധരിച്ചിരുന്നത് കണ്ട് മുസ്‍ലിം ആണെന്ന് തെറ്റിദ്ധരിച്ചാണ് ശുഭങ്കർ ദാസ്ശർമയെ ഒരു സംഘം ആളുകൾ ആക്രമിച്ചത്.
ജൂലൈ 28 ന് അർധരാത്രിയോടെ കൊൽക്കത്തയിലെ നാടക അവതരണത്തിന് ശേഷം ലെനിൻ നഗറിലുള്ള വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ആക്രമണത്തിൽ കടുത്ത മാനസിക ആഘാതത്തിലായ അദ്ദേഹം ധൈര്യം സംഭരിച്ച് വിവരങ്ങൾ പുറത്തുപറയുന്നതിന് മുൻപ് രണ്ടുദിവസത്തോളം സ്വന്തം വീട്ടിൽ അടച്ചിരിക്കുകയായിരുന്നു. “നീ ഒരു മുസ്‍ലിമാണോ?” എന്ന അടിക്കുറിപ്പോടെ ദാസ്ശർമ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രത്തിൽ അദ്ദേഹത്തിന്റെ മുഖം വീർത്തുകെട്ടിയതായി കാണാം.
‘ജനഗണമന’ എന്ന നാടക ഗ്രൂപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന അദ്ദേഹം കൊൽക്കത്തയിലെ നാടകാവതരണ ശേഷം അന്ന് രാത്രി 12 മണിക്ക് മുൻപാണ് ശ്യാംനഗർ സ്റ്റേഷനിൽ എത്തിയത്. വാഹനം ലഭിക്കുന്നതിനായി ചൗരംഗി ക്രോസിങ്ങിലേക്ക് നടക്കവെയാണ് നാല് യുവാക്കൾ വന്ന് തടഞ്ഞുനിർത്തി താൻ മുസ്‍ലിമാണോ എന്ന് ചോദിച്ചു.
സംഭവത്തെക്കുറിച്ച് വിശദീകരിച്ചുകൊണ്ട് ശർമ പറയുന്നു: ‘‘സത്യം പറഞ്ഞാൽ, ആ ചോദ്യത്തിന്റെ ധാർഷ്ട്യം കണ്ട് ഞാൻ അന്തംവിട്ടുപോയി. എൻ.എസ്.ജി കമാൻഡോകളും കറുത്ത വസ്ത്രമാണ് ധരിക്കുന്നത്, അവരും മുസ്‍ലിംകളാണോ എന്ന് ഞാൻ തിരിച്ച് ചോദിച്ചു. ‘‘ആ നിമിഷം, എന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി മാത്രം ഞാൻ ഒരു ഹിന്ദുവാണെന്ന് പറയുന്നത് പാപമാണെന്ന് എനിക്ക് തോന്നി. അത് അവരുടെ ഭീഷണിക്ക് മുന്നിൽ കീഴടങ്ങുന്നതിന് തുല്യമാകുമായിരുന്നു’ -അക്രമികളിൽ നിന്ന് രക്ഷപ്പെടാൻ വേണ്ടി മാത്രം താൻ മുസ്‍ലിം അല്ല എന്ന് പറയില്ലെന്ന് ദാസ്ശർമ ഉറപ്പിച്ചു.
‘ഞാൻ മുസ്‍ലിം ആണെങ്കിൽ എന്താണ്? ഈ രാജ്യം മുസ്‍ലിംകളുടേത് കൂടിയല്ലേ? ഒരുമുസ്‍ലിമാകുന്നത് കുറ്റമാണോ?’’ എന്ന മറുചോദ്യം കേട്ടതോടെ അക്രമികൾ ശർമയെ അടിക്കാനും തൊഴിക്കാനും തുടങ്ങി. ‘അവർ എന്റെ മുഖത്തും കണ്ണുകളിലും ചെവിക്ക് താഴെയും അടിച്ചു. ഞാൻ റോഡിലേക്ക് വീണപ്പോൾ അവർ നെഞ്ചിലും പുറത്തും ചവിട്ടി. വൈകാതെ എനിക്ക് ബോധം നഷ്ടപ്പെട്ടു. ഞാൻ ബോധമില്ലാതെ കുറേ സമയം ആ സ്ഥലത്ത് കിടന്നു. അവസാന ട്രെയിനും പോയിരുന്നതിനാൽ ആ വഴി യാത്രക്കാരോ എന്നെ രക്ഷിക്കാൻ ആരെങ്കിലുമോ വന്നില്ല. പതുക്കെ ബോധം വീണ്ടെടുത്ത ഞാൻ നിരങ്ങി വീട്ടിലെത്തി. ഒറ്റക്ക് താമസിക്കുന്നതിനാൽ, ആഘാതത്തിൽ നിന്ന് മുക്തനാകാൻ രണ്ട് ദിവസം ഞാൻ വീടിനുള്ളിൽ തന്നെ കഴിഞ്ഞു’.
‘‘ജയ് ശ്രീറാം’’ വിളികളോടെയാണ് അക്രമികൾ മർദനം അഴിച്ചുവിട്ടതെന്ന് നോവാപ്പാറ പൊലീസിന് ഇമെയിൽ മുഖേന നൽകിയ മറുപടിയിൽ ദാസ് ശർമ ചൂണ്ടിക്കാട്ടുന്നു. നേരത്തേ പ്രാഥമിക ചികിത്സക്കായി ബാരക്പൂരിലെ ഡോ. ബി.എൻ. ബോസ് സബ് ഡിവിഷണൽ ആശുപത്രിയിലെത്തിയ ദാസ്ശർമയുടെ പരിക്കുകൾ ഗുരുതരമായതിനാൽ വിദഗ്ധ ചികിത്സ തേടാൻ ഡോക്ടർമാർ നിർദ്ദേശിച്ചു.
ആക്രമണത്തിൽ കർണപടം തകർന്നതായും ശസ്ത്രക്രിയ വേണ്ടി വന്നേക്കാമെന്നും ഡോക്ടർമാർ പറയുന്നു. വാരിയെല്ലുകൾക്കും പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് നോവാപ്പാറ പൊലീസ് അറിയിച്ചു. ബംഗാളിലെ ഭരണകക്ഷിയുടെ അണികളാണ് ശർമയെ ആക്രമിച്ചതെന്ന് വ്യക്തമാണെന്നും നിയമപരമായ വഴികൾ തേടുന്നതിനൊപ്പം ഈ അക്രമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും നാടക പ്രവർത്തകനായ ജോയ് രാജ് ഭട്ടാചാര്യ വ്യക്തമാക്കി.
സ്വന്തം നാട്ടിൽപോലും സുരക്ഷിതത്വം തോന്നുന്നില്ലെന്ന് പറഞ്ഞ ദാസ്ശർമ ഇത് ബംഗാളിന്റെ സംസ്‌കാരമായിരുന്നില്ലെന്നും ഇത്രയധികം ആളുകൾ ദുരിതമനുഭവിക്കുമ്പോൾ, എനിക്ക് മാത്രം എങ്ങനെയാണ് ഒഴിവുകഴിവ് പ്രതീക്ഷിക്കാനാവുകയെന്നും ചോദിക്കുന്നു.
(altnews.inൽ അനിന്ദ്യ സഹ്റ തയാറാക്കിയ റിപ്പോർട്ടിൽ നിന്ന്)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.