കണ്ണൂർ: പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയതിന് കേസെടുത്തതിന് പിന്നാലെ അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിച്ച് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി അർജുൻ ആയങ്കി. ധൈര്യമുണ്ടെങ്കിൽ പിടിക്കാൻ പൊലീസിനെ ആയങ്കി വെല്ലുവിളിച്ചത് ചൂണ്ടിക്കാട്ടിയപ്പോൾ, അങ്ങനെ വെല്ലുവിളിച്ചവർക്ക് ഇനി എന്താ വരാൻപോകുന്നതെന്ന് നിങ്ങൾ (മാധ്യമപ്രവർത്തകർ) നോക്കിയാൽ മതി എന്ന് ചെന്നിത്തല വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് അർജുൻ ആയങ്കി സമൂഹമാധ്യമങ്ങളിൽ രംഗത്തുവന്നത്.
‘ഇനി എന്താ വരുന്നതെന്ന് നോക്കൂ എന്നൊക്കെയാണ് അഭ്യന്തരമന്ത്രി ശ്രീ രമേശ് ചെന്നിത്തല പറയുന്നത്. ഞാനുമെന്റെ സുഹൃത്തുക്കളും പ്രതിചേർക്കപ്പെട്ട് ജയിലലടക്കപ്പെട്ട കേസിനെപ്പറ്റി പുനരന്വേഷണത്തിന് ഉത്തരവിടാൻ, ശേഷം ഞാൻ നിരപരാധിയെങ്കിൽ കള്ളക്കേസെടുത്ത് അധികാരദുർവിനിയോഗം ചെയ്ത സിഐ പ്രശാന്തനെതിരെ നടപടിയെടുക്കാൻ ഞാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ വെല്ലുവിളിക്കുന്നു.!! എങ്കിൽ ഞാൻ താങ്കളെ നേരിട്ട് വന്ന് പൊന്നാടയണിയിക്കും. ഒരുമ്മ തരും… അല്ലാണ്ട് വിരട്ടരുത്.. വളർന്ന പാർട്ടി വേറെയാണ്’ -എന്നായിരുന്നു അർജുന്റെ കുറിപ്പ്.
അതേസമയം, ഗുണ്ടകളെ നേരിടാൻ ശക്തമായ നടപടികളുമായി പൊലീസ് മുന്നോട്ടുപോകുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. പൊലീസിലെ അംഗസംഖ്യ വർധിപ്പിക്കും. പരിശീലനം പൂർത്തിയാക്കിയ 1000പേർ ഉടൻ സേനയുടെ ഭാഗമാകും. ക്യാമ്പുകളിലുള്ള 900പേരെ സ്റ്റേഷനുകളിലേക്ക് മാറ്റും. ബറ്റാലിയനുകളിൽനിന്ന് സ്റ്റേഷനുകളിലേക്ക് മാറാൻ ഓപ്ഷൻ നൽകാം. സമൻസ് നൽകുന്നതടക്കം ഓൺലൈനാക്കുമെന്നും ചെന്നിത്തല പറഞ്ഞു.
ഊന്നുകല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ബി.എസ്. ആദര്‍ശിന് ഇൻസ്റ്റഗ്രാമിലൂടെയാണ് അർജുൻ ആയങ്കി കഴിഞ്ഞ ദിവസം ഭീഷണി സന്ദേശം അയച്ചത്. സംഭവത്തിൽ പൊലീസ് പുതിയ കേസ് രജിസ്റ്റർ ചെയ്തു. കോതമംഗലം ഇന്‍സ്പെക്ടര്‍ പ്രശാന്ത് കുമാറിനെ സമൂഹമാധ്യമത്തിലൂടെ ഭീഷണിപ്പെടുത്തിയ കേസിന്‍റെ അന്വേഷണച്ചുമതല ഊന്നുകൽ ഇൻസ്പെക്ടർക്കായിരുന്നു. കഴിഞ്ഞ മേയിൽ പുന്നേക്കാട് റിസോര്‍ട്ടില്‍ സുഹൃത്തുക്കളുമായി ഒത്തുചേരുന്നതിനിടെ ക്രിമിനല്‍ ഗൂഢാലോചന ശ്രമം എന്ന പേരില്‍ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഉദ്യോഗസ്ഥർക്കെതിരെ ആയങ്കി തിരിഞ്ഞത്.
കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമാണ് കോതമംഗലം ഇൻസ്പെക്ടർക്കെതിരെ ‘പെന്‍ഷന്‍ വാങ്ങി ശിഷ്ടകാലം സമാധാനത്തോടെ ജീവിക്കില്ലെന്ന്’ ഭീഷണി മുഴക്കിയത്. ഇതിന്‍റെ പേരില്‍ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്ത് അന്വേഷണത്തിന് ഊന്നുകൽ എസ്.എച്ച്.ഒയെ ചുമതലപ്പെടുത്തിയിരുന്നു. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി നൽകിയ അപേക്ഷ കഴിഞ്ഞ ദിവസം ഹൈകോടതി തള്ളിയതിന് പിന്നാലെയാണ് ഇയാൾ വീണ്ടും പൊലീസിനെതിരെ തിരിഞ്ഞത്.
ഊന്നുകല്‍ പൊലീസ് ഇന്‍സ്പെക്ടറെ വെല്ലുവിളിക്കുന്നതാണ് ശബ്ദസന്ദേശത്തിലെ ആദ്യ ഭാഗം. സ്റ്റേഷനില്‍ ഹാജരാകാനുള്ള തീരുമാനം മാറ്റിയെന്നും തന്നെ പിടിക്കാന്‍ കഴിയുമെങ്കില്‍ പിടിക്ക് എന്നുമാണ് വെല്ലുവിളി. മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുകയാണെന്നും സൂചിപ്പിക്കുന്നുണ്ട്. ഇതിനിടയിൽ കോതമംഗലം പൊലീസ് ഇന്‍സ്പെക്ടര്‍ക്കെതിരായ ഭീഷണി ആവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. കൊടുക്കാനുള്ള സമയമാകുമ്പോള്‍ കൊടുക്കും എന്നാണ് പരാമര്‍ശം.
ഒളിവിലിരുന്ന് വെല്ലുവിളിയും ഭീഷണിയും തുടരുന്ന സാഹചര്യത്തില്‍ ഏതുവിധേനയും അര്‍ജുനെ കസ്റ്റഡിയിലെടുക്കാനാണ് പൊലീസ് നീക്കം. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായാണ് അറിയുന്നത്. സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.