മകന് തക്ക ശിക്ഷ കിട്ടണമെന്ന് ഫയാസിന്റെ ഉമ്മ; മകളുടെ ജീവൻ തരുമോയെന്ന് നേഹയുടെ അമ്മ

മംഗളൂരു: ഹുബ്ബള്ളി ബി.വി.ബി കോളജ് എം.സി.എ വിദ്യാർഥിനി നേഹ ഹിരേമതിനെ(23) കൊലപ്പെടുത്തിയ കേസിലെ പ്രതി ഫയാസ് കൊണ്ടികൊപ്പക്ക് തക്ക ശിക്ഷ ലഭിക്കണമെന്ന് മാതാവ് മുംതാസ്.

മകന്റെ കൈയാൽ ജീവൻ പൊലിഞ്ഞ ആ മകളുടെ രക്ഷിതാക്കളോട് നെഞ്ചിൽ തൊട്ട് അനുശോചനം അറിയിക്കുന്നുവെന്ന് അവർ പറഞ്ഞു. നല്ല കുട്ടിയായിരുന്നു നേഹ. ആ മോളാണ് ഇങ്ങോട്ട് ഇഷ്ടപ്പെട്ടത്. മകൻ കാര്യങ്ങൾ തന്നോട് പറഞ്ഞു. ആ ബന്ധം ഉണ്ടാക്കാവുന്ന പ്രശ്നങ്ങൾ പറഞ്ഞ് തുടരരുതെന്ന് അവനെ വിലക്കി. കർണാടക അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെ.എ.എസ്) ഉദ്യോഗസ്ഥൻ ആവണമെന്നായിരുന്നു അവന്റെ ആഗ്രഹം -മുംതാസ് പറഞ്ഞു.

"എന്റെ മകളെ തിരിച്ചു തരാനാവുമോ എന്ന് അവരോട് ചോദിക്കുക, ഞാൻ അവൾക്കായി കാത്തിരിക്കുന്നു"-നേഹയുടെ മാതാവ് ഗീത ശനിയാഴ്ച പ്രതികരിച്ചു. അവന് തൂക്കുകയർ തന്നെ കിട്ടണം. മകൾക്ക് ആരോടും പ്രണയം ഇല്ലായിരുന്നു. ഉണ്ടായിരുന്നെങ്കിൽ എല്ലാം തുറന്നു പറയുന്ന കൂട്ടത്തിൽ അത് മറച്ചുവെക്കില്ലായിരുന്നു. താൻ ഏത് മതക്കാരി എന്ന ബോധമില്ലാത്തവളല്ലല്ലോ നേഹ."-ഗീത പറഞ്ഞു.

ഹുബ്ബള്ളി-ധാർവാഡ് നഗരസഭയിലെ കോൺഗ്രസ് കൗസിലർ നിരഞ്ജൻ ഹിരേമതിന്റെ മകളായ നേഹയെ അതേ കോളജിൽ ബി.സി.എ വിദ്യാർഥിയും ബെളഗാവി ജില്ലയിലെ സാവദത്തി സ്വദേശിയുമായ ഫയാസ് വ്യാഴാഴ്ചയാണ് അക്രമിച്ചത്. 

Tags:    
News Summary - Hubballi murder: kin demand death for killer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.