പണം തന്നില്ലെങ്കിൽ നഗ്ന വിഡിയോ പുറത്തുവിടും; നിരവധിയാളുകളെ ബ്ലാക്മെയിൽ ചെയ്ത പ്രതി പിടിയിൽ

ന്യൂഡൽഹി: രാജ്യത്തുടനീളം നിരവധി ആളുകളെ ബ്ലാക്ക് മെയിൽ ചെയ്ത പെൺവാണിഭ റാക്കറ്റിലെ സൂത്രധാരനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ മേവാത്തിൽ പിടിയിലായ മഹേന്ദ്ര സിങ് കഴിഞ്ഞ കുറച്ച് വർഷങ്ങളായി തട്ടിപ്പ് നടത്തി വരികയായിരുന്നു. ഇയാളില്‍നിന്ന്   ഐഫോണ്‍, സൈ്വപ്പിങ് മെഷീന്‍, പെന്‍ഡ്രൈവ്, 16 ജി.ബി.യുടെ മെമ്മറി കാര്‍ഡ് തുടങ്ങിയവ പോലീസ് കണ്ടെടുത്തു. യുവതികളെ ഉപയോഗിച്ച് നഗ്നവീഡിയോകോള്‍ ചെയ്തശേഷം ഇവ റെക്കോഡ് ചെയ്ത് പണം തട്ടുന്നതാണ് മഹേന്ദ്രസിങ്ങിന്റെ രീതി. വര്‍ഷങ്ങളായി ഇയാള്‍ ഇത്തരത്തില്‍ പണം സമ്പാദിച്ചിരുന്നതായാണ് പൊലീസിന്റെ വെളിപ്പെടുത്തല്‍.

തന്നെ ബ്ലാക്ക്‌മെയിൽ ചെയ്യുന്നുവെന്ന് ഡൽഹി സ്വദേശി പരാതി നൽകിയതിനെ തുടർന്നാണ് ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിൽ വന്നത്.  യുവതികളെ ഉപയോഗിച്ച് പുരുഷന്മാരുമായി ഫോണില്‍ ബന്ധം സ്ഥാപിക്കുന്നതാണ് തട്ടിപ്പിന്റെ തുടക്കം. പിന്നാലെ നഗ്നവീഡിയോ കോളിന് തയ്യാറാണെന്നും അറിയിക്കും. ഈ വീഡിയോകോളിന്റെ ദൃശ്യങ്ങള്‍ റെക്കോഡ് ചെയ്ത് സൂക്ഷിച്ചാണ് പിന്നീട് ഭീഷണിപ്പെടുത്തുക. പോലീസ് ഉദ്യോഗസ്ഥനാണെന്നും യൂട്യൂബറാണെന്നുമെല്ലാം പരിചയപ്പെടുത്തി മഹേന്ദ്രസിങ്ങാണ് ഇരകളെ ഫോണില്‍ വിളിക്കുക. പണം നല്‍കിയില്ലെങ്കില്‍ നഗ്നവീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്നും കേസെടുത്ത് ജയിലിലാക്കുമെന്നും ഭീഷണിപ്പെടുത്തും. ഇതോടെ മിക്കവരും പണം നല്‍കും. നാണക്കേട് ഭയന്ന് ആരും പരാതി നല്‍കാനും കൂട്ടാക്കില്ല.

മഹേന്ദ്രസിങ്ങിന്റെ കെണിയില്‍വീണ ഡല്‍ഹി സ്വദേശിക്ക് ഒമ്പതുലക്ഷം രൂപയാണ് ഇത്തരത്തില്‍ നഷ്ടമായത്.  യുവതിയെന്ന വ്യാജേനയുള്ള ഒരു  ഫോണ്‍കോളിലായിരുന്നു തുടക്കം. ഈ സൗഹൃദം നഗ്നവീഡിയോ കോളിലേക്ക് വഴിമാറി. പിന്നാലെ 'എ.സി.പി. രാം പാണ്ഡേ' എന്ന പേരില്‍ മഹേന്ദ്രസിങ് യുവാവിനെ വിളിച്ചു. നഗ്നവീഡിയോ റെക്കോഡ് ചെയ്തിട്ടുണ്ടെന്നും ഇത് പ്രചരിപ്പിക്കുമെന്നും അല്ലെങ്കില്‍ പണം വേണമെന്നുമായിരുന്നു ആവശ്യം. ഇരയുടെ നഗ്നമായ വിഡിയോ ഡിലീറ്റ് ചെയ്യാമെന്ന് വാഗ്ദാനം ചെയ്ത് ഇയാൾ ഒമ്പത് ലക്ഷം രൂപ ആവശ്യപ്പെട്ടതായി പൊലീസ് പറഞ്ഞു. പണം നൽകിയിട്ടും കേസ് തുടരാതിരിക്കാൻ അയാൾ വീണ്ടും വിളിച്ച് 15 ലക്ഷം രൂപ കൂടി ആവശ്യപ്പെട്ടു. പണം നൽകിയില്ലെങ്കിൽ കുടുംബത്തെ ജയിലിലടക്കുമെന്ന് മഹേന്ദ്ര ഭീഷണിപ്പെടുത്തി.

യുവാവ് ആദ്യം ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ലെന്നാണ് പൊലീസ് പറയുന്നത്. ദിവസങ്ങൾക്ക് ശേഷം സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് പൊലീസിൽ പരാതി നൽകാൻ നിർബന്ധിച്ചത്. പരാതി ലഭിച്ചയുടൻ ഡൽഹി പൊലീസ് അന്വേഷണം നടത്തി പ്രതിയെ വലയിലാക്കുകയായിരുന്നു.  

Tags:    
News Summary - How 36 Year Old Scammed Men Across India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.