ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ വികാസ്‌നഗറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അതിക്രൂരമായി കൊലപ്പെടുത്തി. വികാസ്‌നഗർ കോട്‌വാലി പരിധിയിലുള്ള ധാലിപ്പൂരിലെ ശക്തി കനാലിന് സമീപമാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനിയായ മനീഷ തോമർ ആണ് കൊല്ലപ്പെട്ടത്. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് പെൺകുട്ടിയുടെ വിരലുകളും മൂക്കും അറുത്തുമാറ്റിയ നിലയിലായിരുന്നു. കല്ല് ഉപയോഗിച്ച് തല തകർത്തതായും പൊലീസ് കണ്ടെത്തി. രക്തത്തിൽ കുതിർന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ധാലിപ്പൂർ സ്വദേശിയായ മനീഷ, മരുന്ന് വാങ്ങാനായി തന്റെ ബന്ധുവായ സുരേന്ദ്രയെന്ന യുവാവിനൊപ്പം ബൈക്കിൽ പോയതായിരുന്നു. എന്നാൽ ഏറെ നേരം കഴിഞ്ഞിട്ടും ഇവർ തിരിച്ചെത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ പെട്രോൾ പമ്പിലെ സി.സി.ടി.വി ദൃശ്യങ്ങളാണ് തുമ്പായത്. ഇതിൽ മനീഷയും സുരേന്ദ്രയും ഒരുമിച്ച് ബൈക്കിൽ പോകുന്നത് കണ്ടെത്തി. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന മൂർച്ചയുള്ള അരിവാളിന് സമാനമായ ആയുധം സുരേന്ദ്ര അടുത്ത കാലത്താണ് വാങ്ങിയതെന്ന് പൊലീസ് കണ്ടെത്തി. കൊലപാതകത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയി.
മൃതദേഹത്തിനു സമീപത്തുനിന്നും ആയുധവും ബൈക്കും പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം പ്രതി കനാലിൽ ചാടിയിട്ടുണ്ടാകാമെന്നും പൊലീസ് സംശയിക്കുന്നു. എസ്.ഡി.ആർ.എഫിന്റെ സഹായത്തോടെ കനാലിൽ തിരച്ചിൽ നടത്തിവരികയാണ്. കൊലപാതകത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ലെന്ന് ഡെറാഡൂൺ എസ്.പി അജയ് സിങ് അറിയിച്ചു. എല്ലാ വശങ്ങളും പരിശോധിച്ച് വരികയാണെന്നും യുവാവിനായി തിരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതിയെ ഉടൻ പിടികൂടി ശിക്ഷ നൽകണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.