തലശ്ശേരി: ജ്യോത്സനെ കുത്തിക്കൊന്ന കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും 25,000 രൂപ പിഴയും. എരഞ്ഞോളി കൂളി ബസാറിലെ കേളോത്ത് വീട്ടിൽ സി.കെ. റമീസിനെ (48) യാണ് തലശ്ശേരി സെഷൻസ് കോടതി (ഒന്ന്) ജഡ്‌ജി ഫിലിപ്പ് എം. തോമസ് ശിക്ഷിച്ചത്. പിണറായി പാറപ്രം ശിവാലയത്തിൽ കുഞ്ഞിരാമൻ ഗുരുക്കളെ വീട്ടിലുള്ള പ്രവചനമുറിയിൽ അതിക്രമിച്ച് കയറി വെട്ടി പരിക്കേൽപിക്കുകയായിരുന്നു. ചികിത്സക്കിടെ മരിച്ചു.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 302-ാം വകുപ്പ് പ്രകാരമാണ് ജീവപര്യന്തം തടവും 25,000 രൂപ പിഴയും വിധിച്ചത്. പിഴ അടക്കാതിരുന്നാൽ മൂന്ന് മാസം അധിക തടവ് അനുഭവിക്കണം. 449 വകുപ്പ് പ്രകാരം 10 വർഷം കഠിനതടവും 10,000 രൂപ പിഴ വേറെയുണ്ട്. പിഴ അടക്കാതിരുന്നാൽ ഒരു മാസം അധിക കഠിനതടവിനും ശിക്ഷിച്ചു. പ്രതി പിഴ അടച്ചാൽ തുക മരിച്ച കുഞ്ഞിരാമൻ ഗുരുക്കളുടെ ഭാര്യ നളിനിക്ക് നൽകണമെന്നും വിധി ന്യായത്തിൽ വ്യക്തമാക്കി.
2012 ഫെബ്രുവരി നാലിന് വൈകിട്ടാണ് കേസിനാധാരമായ സംഭവം. ജ്യോത്സ്യനെ കാണാൻ എത്തിയ പ്രതി അകത്ത് കയറി വലിയ കത്തി കൊണ്ട് കുഞ്ഞിരാമൻ ഗുരിക്കളുടെ തലക്കും കൈക്കും വെട്ടി പരിക്കേൽപിക്കുകയായിരുന്നു. കുഞ്ഞിരാമൻ ഗുരിക്കളെ മകൻ രാജീവനും മറ്റും ചേർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഫെബ്രുവരി 26 ന് മരിച്ചു.
ഗുരുക്കളുടെ ഭാര്യ നളിനി, പ്രദീപൻ, രൂപ, രജിത, കെ. ജനാർദ്ദനൻ, കെ. രാമചന്ദ്രൻ, പിണറായി പഞ്ചായത്ത് സെക്രട്ടറി ബാബുരാജ്, തലശ്ശേരി സഹകരണ ആശുപത്രി ജനറൽ മാനേജർ ഒ.എം. ബാബു, ഡോ. ഗോപാലകൃഷ്ണപിള്ള എന്നിവരടക്കം 16 സാക്ഷികളെ കേസിൽ വിസ്‌തരിച്ചു. 23 രേഖകളും ഒമ്പത് തൊണ്ടി മുതലുകളും ഹാജരാക്കി. അന്നത്തെ തലശ്ശേരി സർക്കിൾ ഇൻസ്പെക്ടർ എം.പി. വിനോദ് കേസന്വേഷണം നടത്തിയാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ ഇ. ജയറാംദാസ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.