ജയലക്ഷ്മി, അനസൂയ, ചന്ദ്രശേഖർ
ബംഗളൂരു: ചിക്കനായകനഹള്ളിയിൽ സർക്കാർ ഉദ്യോഗസ്ഥയെ വളർത്തു മകനും സ്വന്തം സഹോദരിയും ചേർന്ന് കൊലപ്പെടുത്തിയതായി കേസ്. തുരുവേക്കരെ ബി.ഇ.ഒ ഓഫിസിലെ എഫ്.ഡി.എ ജയലക്ഷ്മിയാണ് (50) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ സഹോദരി അനസൂയ (40), വളർത്തുമകൻ ചന്ദ്രശേഖർ (39) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
ജയലക്ഷ്മി പുതിയ വീട് പണിയാനും വാടക വീട് മാറി താമസിക്കാനും തീരുമാനിച്ചിരുന്നു. എട്ടുമാസം മുമ്പ് ഇവരുടെ വീട്ടിലെത്തിയ അനസൂയയോടും മകനോടും മാറിതാമസിക്കാൻ ജയലക്ഷ്മി ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു. ജയലക്ഷ്മിയുടെ മരണശേഷം അവരുടെ സ്വത്തുക്കളും സർക്കാർ ഉദ്യോഗസ്ഥയായതിനാൽ ലഭിക്കാനിടയുള്ള ആശ്രിത നിയമനവും ലക്ഷ്യംവെച്ചാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പൊലീസ് സംശയിക്കുന്നു. കൊലപാതകത്തിന് ശേഷം ജയലക്ഷ്മി ഹൃദയാഘാതംമൂലം മരിച്ചതാണെന്നാണ് പ്രതികൾ നാട്ടുകാരെയും ബന്ധുക്കളെയും വിശ്വസിപ്പിച്ചത്.
ഇതനുസരിച്ച് സംസ്കാര ചടങ്ങുകൾക്കുള്ള ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. ജയലക്ഷ്മിയുടെ മരണത്തിൽ സംശയം തോന്നിയ ശ്രീനിവാസ് എന്ന വ്യക്തി പൊലീസിൽ പരാതി നൽകിയതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. കഴിഞ്ഞ 20 വർഷമായി ജയലക്ഷ്മിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ആളാണ് ശ്രീനിവാസ്. അനസൂയയും മകനും വീട്ടിലെത്തിയ ശേഷം ശ്രീനിവാസിനെ അവിടെനിന്ന് നിർബന്ധിച്ച് ഇറക്കിവിട്ടിരുന്നു.
സംസ്‌കാരത്തിന് തയാറാക്കിയ മൃതദേഹം പൊലീസ് ഇടപെട്ട് പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. ശ്വാസംമുട്ടിച്ചാണ് കൊലപാതകം നടന്നതെന്ന് കണ്ടെത്തിയതോടെ നടത്തിയ ചോദ്യം ചെയ്യലിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. ചിക്കനായകനഹള്ളി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.