വ്യാജ ഒപ്പിട്ട് നിയമസഭയിലെ സാമ്പത്തിക ക്രമക്കേട്; സി.സി. മുകുന്ദന്റെ മുൻ പി.എ അറസ്റ്റിൽ

അന്തിക്കാട്: വ്യാജ ഒപ്പിട്ട് സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന പരാതിയിൽ നാട്ടിക മുൻ എം.എൽ.എ സി.സി. മുകുന്ദന്റെ പി.എ. ആയിരുന്ന മസൂദ് കെ. വിനോദ് അറസ്റ്റിൽ. നിയമസഭയിൽനിന്ന് 2021-2024 കാലയളവിൽ മുകുന്ദന്റെ വ്യാജ ഒപ്പിട്ട് പണം തട്ടിയെന്ന പരാതിയിലാണ് ഇയാളെ അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

നിയമസഭയിൽ ഹാജരാകാതെ എം.എൽ.എയുടെ വ്യാജ ഒപ്പിട്ട് അനധികൃതമായി അലവൻസ് കൈപ്പറ്റിയെന്നായിരുന്നു പരാതി. യൂത്ത് കോൺഗ്രസ് നേതാവ് എ.എ. മുഹമ്മദ് ഹാഷിം നിയമസഭ രേഖകൾ സഹിതം പരാതി നൽകിയതിൽ 2024ൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസ് രജിസ്റ്റർ ചെയ്തെങ്കിലും തുടർനടപടികൾ ഉണ്ടാകാത്തതിനെ തുടർന്ന് ഹാഷിമിന്റെ അപേക്ഷയിൽ 2025 മാർച്ചിൽ കേസ് അന്തിക്കാട് സ്റ്റേഷനിലേക്ക് മാറ്റി.

മസൂദ് കെ. വിനോദ് ഹൈകോടതിയെ സമീപിച്ചെങ്കിലും കോടതി ജാമ്യപേക്ഷ തള്ളിയിരുന്നു. ഒളിവിലായിരുന്ന പ്രതിയെ വ്യാഴാഴ്ച പുലർച്ച രണ്ടോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ മസൂദിനെ റിമാൻഡ് ചെയ്തു. മുൻ മന്ത്രി വി.എസ്. സുനിൽ കുമാറിന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന മസൂദിനെ സി.പി.ഐ ആണ് മുകുന്ദന്റെ സ്റ്റാഫ് അംഗമാക്കിയത്.

മസൂദിനെ മാറ്റണമെന്ന് മുകുന്ദൻ ആവശ്യപ്പെട്ടെങ്കിലും പാർട്ടി തയാറായിരുന്നില്ല. ഇതാണ് പാർട്ടിയെയും മുകുന്ദനെയും രണ്ട് തട്ടിലെത്തിച്ചത്. തർക്കം മൂലം നാട്ടികയിൽ സി.പി.ഐ തഴഞ്ഞ മുകുന്ദൻ പിന്നീട് ബി.ജെ.പി പാളയത്തിൽ ചേക്കേറി നാട്ടിക മണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥിയായിരുന്നു. 

Tags:    
News Summary - C.C. Mukundan's former PA arrested for financial irregularities in the Legislative Assembly by forging signatures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.