കൽപറ്റ: വിദേശ സർവകലാശാലയിൽ ഉപരിപഠനത്തിന് പ്രവേശനം നൽകാമെന്ന് വിശ്വസിപ്പിച്ച് വിദ്യാർഥികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ആൽഫ മേരി ഇന്റർനാഷനൽ എജുക്കേഷന്‍’ സ്ഥാപനത്തിന്റെ എച്ച്.ആർ മാനേജർ കോഴിക്കോട് സ്വദേശി ആകാശ് ശശിയെ (28) ആണ് വയനാട് സൈബർ ക്രൈം പൊലീസ് ഇൻസ്പെക്ടർ ഷാജു ജോസഫും സംഘവും അറസ്റ്റ് ചെയ്തത്.
സുൽത്താൻ ബത്തേരി സ്വദേശിയായ ഡോക്ടർക്ക് സിംഗപ്പൂരിൽ ഉപരിപഠനത്തിന് പ്രവേശനം നൽകാമെന്ന് വിശ്വസിപ്പിച്ച് അഞ്ചു ലക്ഷം രൂപയും തലപ്പുഴ സ്വദേശിക്ക് ബ്രിട്ടനിൽ എം.ബി.എക്ക് സീറ്റ് നൽകാമെന്ന് വിശ്വസിപ്പിച്ച് ഒമ്പതു ലക്ഷം രൂപയും വാങ്ങിയെങ്കിലും പ്രവേശനം നൽകാതെ വഞ്ചിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇരുവരുടെയും പരാതിയിൽ അന്വേഷണം നടത്തിയതിൽ ആൽഫ മേരി ഇന്റർനാഷനൽ എജുക്കേഷൻ എന്ന സ്ഥാപനം സംസ്ഥാനത്ത് നിരവധിയാളുകളെ ഇത്തരത്തിൽ വഞ്ചിച്ച് പണം തട്ടിയതായി കണ്ടെത്തിയെന്നും ഇവർക്കെതിരെ വിവിധ സ്റ്റേഷനുകളിലായി 23ഓളം കേസുകളുണ്ടെന്നും പൊലീസ് അറിയിച്ചു.
ഡൽഹി, തിരുവനന്തപുരം, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിൽ ഓഫിസുകളുണ്ടെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും വർഷങ്ങൾക്ക് മുമ്പുതന്നെ അവ പൂട്ടിപ്പോയതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. സ്ഥാപന ഉടമ റോജർ എന്നയാളെ നേരത്തെ പിടികൂടിയിരുന്നു. എച്ച്.ആർ മാനേജറായ ആകാശ് ആണ് വിദ്യാർഥികളെ തന്ത്രപൂർവം തട്ടിപ്പിനിരയാക്കിയത്. ഇയാളുടെ ബാങ്ക് അക്കൗണ്ട് പരിശോധിച്ച പൊലീസ്, കമ്പനിയിൽനിന്ന് ഭീമമായ പണം വാങ്ങിയെടുത്തതായി കണ്ടെത്തി. പൊലീസ് അന്വേഷണത്തെ തുടർന്ന് ഒളിവിലായിരുന്ന ആകാശ് പിന്നീട് ഹൈകോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും തള്ളുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കൽപറ്റ സി.ജെ.എം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്.എസ്.ഐ ജോയ്സ് ജോൺ, എസ്.സി.പി.ഒ കെ.എ. അബ്ദുൽ സലാം, സി.പി.ഒ ജിസൺ ജോർജ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.