വയോധികയെ കൊന്ന ദമ്പതികൾ വെട്ടിനുറുക്കിയ മൃതദേഹമടങ്ങിയ ബാഗുമായി പോകുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്​

ന്യൂഡൽഹി: കടമായി നൽകിയ പണം തിരികെ ചോദിച്ചതിന്​ അയൽവാസിയായ വയോധികയെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി അഴുക്കുചാലില്‍ വലിച്ചെറിഞ്ഞ ദമ്പതികൾ, കഷണങ്ങളാക്കിയ മൃതദേഹമടങ്ങിയ ബാഗുമായി പുറത്തേക്ക്​ വരുന്നതിന്‍റെയും കാറിൽ വെക്കുന്നതിന്‍റെയുമൊക്കെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്​. ഡൽഹിയിലെ നജഫ്ഗഡിൽ ജൂണിൽ നടന്ന സംഭവത്തിൽ കഴിഞ്ഞ ദിവസമാണ്​ ഇവന്‍റ്​ മാനേജ്‌മെന്‍റ്​ ജോലിക്കാരനായ അനിൽ ആര്യയും ഭാര്യയും അറസ്റ്റിലായത്.

അയൽവാസിയും 72കാരിയുമായ കവിതയെ ഇരുവരും ചേർന്ന്​ കൊലപ്പെടുത്തിയെന്നാണ്​ പൊലീസ്​ കേസ്​. അതേസമയം, താൻ ആരെയും കൊന്നിട്ടില്ലെന്നും കവിതയെ കൊലപ്പെടുത്തിയതിനു ശേഷം ഭർത്താവ് തന്നെയും മകളെയും കൊല്ലാൻ ശ്രമിച്ചുവെന്നുമാണ്​ അനിൽ ആര്യയുടെ ഭാര്യ പൊലീസിനോട്​ പറഞ്ഞിരിക്കുന്നത്​. അനിൽ തന്നെ പലതവണ ആക്രമിച്ചുവെന്നും അവർ വെളിപ്പെടുത്തിയിട്ടുണ്ട്​.

കവിതയിൽ നിന്ന്​ അനിൽ 1.5 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ജൂൺ 30ന് കവിത പണം തിരികെ ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതരായ അനിലും ഭാര്യയും ചേർന്ന് അന്ന്​ രാത്രി വീട്ടിൽ തനിച്ചായിരുന്ന കവിതയെ കഴുത്തു ഞെരിച്ച് കൊല്ലുകയായിരുന്നു. ഇതിനുശേഷം മൃതദേഹം മൂന്ന് കഷണങ്ങളായി മുറിച്ച് മൂന്ന് ബാഗുകളിലാക്കി നജഫ്ഗഡിലെ അഴുക്കുചാലിൽ എറിഞ്ഞതായി ദ്വാരക ഡി.സി.പി സന്തോഷ് കുമാർ മീണ പറയുന്നു.

കൊലപാതകം നടത്തിയ ജൂൺ 30ന് രാത്രി ഒമ്പത്​ മുതൽ പിറ്റേന്ന് രാവിലെ അഞ്ച്​ വരെ ദമ്പതികൾ കവിതയുടെ വീട്ടിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. രക്തപ്പാടുകൾ കഴുകി വൃത്തിയാക്കാനാണ്​ അത്രയും സമയം അവിടെ ചെലവഴിച്ചത്​. ജൂലൈ ഒന്നിന്​ രാവിലെ 6.45ന്​ ഇവർ ബാഗുകളുമായി പുറത്തുവരുന്നതും കാറിനരികിലെത്തുന്നതുമൊക്കെയാണ്​ സമീപത്തെ സിസിടിവി കാമറയിൽ പതിഞ്ഞിരിക്കുന്നത്​. മൃതദേഹം അഴുക്കുചാലിൽ എറിയുന്നതിനുമുമ്പ്​ കവിത അണിഞ്ഞിരുന്ന ആഭരണങ്ങളും ഇവർ കൈക്കലാക്കിയെന്നും ഒരു ഫിനാൻസ് കമ്പനിയിൽ പണയം വച്ച് 70,000 രൂപയെടുത്തെന്നും പൊലീസ്​ പറയുന്നു. തുടർന്ന്​ ഇരുവരും യു.പിയിലേക്ക്​ കടന്നു.

കവിതയെ കാണാതായതായും വീട് പൂട്ടിയിരിക്കുകയാണെന്നും പറഞ്ഞ് ജൂലൈ മൂന്നിന് മരുമകൾ പൊലീസിനെ സമീപിക്കുകയായിരുന്നു. ജൂലൈ ഏഴിന് കവിതയുടെ അയൽക്കാരായ അനിലിനെയും ഭാര്യയെയും കാണാനില്ലെന്നും അവർ പരാതിപ്പെട്ടു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ്​ തിങ്കളാഴ്ച ഉത്തർപ്രദേശിലെ ബറേലിയിൽനിന്ന് ഇരുവരെയും അറസ്റ്റു ചെയ്​ത്​. അന്നുതന്നെ അഴുക്കുചാലിൽനിന്ന് കവിതയുടെ മൃതദേഹവും പൊലീസ് കണ്ടെടുത്തു.

Tags:    
News Summary - Delhi couple moves bags with chopped body captured in CCTV

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.