വാരാണസിയിൽ പശുവിറച്ചി കഴിക്കാൻ പ്രേരിപ്പിച്ചുവെന്നാരോപിച്ച് യുവാവ് സുഹൃത്തിനെ കൊലപ്പെടുത്തി; പണം കൈക്കലാക്കുകയായിരുന്നു ലക്ഷ്യമെന്ന് കൊല്ലപ്പെട്ടയാളുടെ കുടുംബം

വാരാണസി: പശുവിറച്ചി കഴിക്കാൻ പ്രേരിപ്പിച്ചു എന്നാരോപിച്ച് സുഹൃത്തിനെ കൊലപ്പെടുത്തിയ 24കാരനെ വാരാണസി പൊലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ ഛപ്ര ജില്ലയിൽ താമസിക്കുന്ന അഫ്താബ് അസ്‍ലം(28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ വാരാണസിയിലെ സിന്ധൗര സ്വദേശിയായ വീരേന്ദ്രയാദവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പശുവിറച്ചി കഴിക്കാൻ നൽകി അഫ്താബ് തന്നെ വഞ്ചിച്ചുവെന്നും പിന്നീട് അതേകുറിച്ച് സുഹൃത്തുക്കളോട് പറഞ്ഞുവെന്നും വീരേന്ദ്ര പൊലീസിനോട് പറഞ്ഞു.

സുഹൃത്തുക്കൾക്കിടയിൽ പരിഹാസത്തിന് ഇരയായതിനെ തുടർന്ന് താൻ അപമാനിക്കപ്പെട്ടുവെന്ന് തോന്നിയെന്നും തുടർന്നാണ് കുറ്റകൃത്യം ചെയ്യാൻ തീരുമാനിച്ചതെന്നും വീരേന്ദ്ര പറഞ്ഞു. എന്നാൽ ഈ ആരോപണം അഫ്താബിന്റെ കുടുംബം തള്ളി. മറ്റ് മതങ്ങളിൽ പെട്ട ഒരുപാടു പേർക്കൊപ്പമാണ് മകൻ താമസിക്കുന്നതെന്നും ഇത്തരത്തിലൊരു പരാതിയും ഇതുവരെ ആരും പറഞ്ഞിട്ടില്ലെന്നും അഫ്താബിന്റെ പിതാവ് കലാമുദ്ദീൻ പറഞ്ഞു.

ഇപ്പോൾ പ്രതി ഉയർത്തിയ ആരോപണങ്ങൾ വ്യാജമാണ്. പണത്തിനും ജോലിക്കും വേണ്ടിയാണ് അഫ്താബിനെ കൊലപ്പെടുത്തിയത് എന്നാണ് ഞങ്ങൾ കരുതുന്നത്. അവന്റെ പ്രധാനപ്പെട്ട ചില രേഖകൾ കാണാനില്ല. അവന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി ഉണ്ടായിരുന്ന പണമ​ത്രയും പ്രതി പിൻവലിച്ചതായും പിതാവ് ആരോപിച്ചു. കുടുംബത്തിന് കൈത്താങ്ങ് എന്ന നിലക്കാണ് അഫ്താബിനെ മറ്റൊരു സംസ്ഥാനത്തേക്ക് ജോലിക്കയച്ചത്. പ്രധാന പ്രശ്നത്തിൽ നിന്ന് ശ്രദ്ധതിരിക്കാനായി പ്രതി ഇത്തരത്തിലുള്ള കള്ള ആരോപണങ്ങൾ പടച്ചുവിടുകയാണെന്നും കലാമുദ്ദീൻ പറഞ്ഞു. നോയ്ഡയിലെ ഫാക്ടറിയിലാണ് കലാമുദ്ദീൻ ജോലി ചെയ്യുന്നത്.

ജനുവരി എട്ടിനാണ് അഫ്താബിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പാടത്ത് നിന്നാണ് പൊലീസ് മൃതദേഹം കണ്ടെടുത്തത്. ​മൃതദേഹത്തിനരികിലുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് മരിച്ചയാളെ തിരിച്ചറിയാൻ സാധിച്ചത്. തുടർന്ന് അഫ്താബിന്റെ ബന്ധുക്കളുമായി ബന്ധപ്പെട്ട് പൊലീസ് മൃതദേഹം ബിഹാറിലേക്കയച്ചു. അവിടെ പോസ്റ്റ്മോർട്ടം നടത്തിയ ശേഷമാണ് മൃതദേഹം സംസ്കരിച്ചത്.

അന്വേഷണത്തിന്റെ ഭാഗമായി പൊലീസ് ബാഗിൽ നിന്ന് കിട്ടിയ മൊബൈൽ ഫോൺ പരിശോധിച്ചു. ഒരു നമ്പറിലേക്ക് അഫ്താബ് സ്ഥിരമായി വിളിച്ചിരുന്നതായും കണ്ടെത്തി. അത് വീരേന്ദ്രയുടെ നമ്പർ ആയിരുന്നു. അതുപോലെ അഫ്താബിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് 40,000 രൂപ വീരേന്ദ്രയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായും മനസിലായി.

ബംഗളൂരുവിലെ ഒരു സ്ഥാപനത്തിൽ സഹായികളായി ജോലി ചെയ്തുവരികയായിരുന്നു അഫ്താബും വീരേന്ദ്രയും. അടുത്തിടെ അഫ്താബിന് ചെന്നൈയിലേക്ക് സ്ഥലംമാറ്റം ലഭിച്ചു. വീരേന്ദ്രക്ക് ഗുജറാത്തിലും. ഇരുവരും അവിവാഹിതരാണ്.

വീരേന്ദ്രയു​ടെ മൊബൈൽ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലായിരുന്നു. ഒടുവിൽ തിങ്കളാഴ്ചയാണ് ഇയാളെ വാരാണസിയിൽ നിന്ന് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനിടെ ഇയാൾ കൊലപാതകക്കുറ്റം സമ്മതിക്കുകയും ചെയ്തു.

കൊലപാതകത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ:

അഫ്താബ് അവധിക്ക് നാട്ടിൽ പോയിരുന്നതായിരുന്നു. ജനുവരി ഏഴിന് ചെന്നൈയിൽ ജോലിക്കെത്തുമെന്ന് പറയാൻ തന്നെ വിളിച്ചുവെന്ന് വീരേന്ദ്ര പറഞ്ഞു. അഫ്താബിനെ കൊല്ലാൻ പദ്ധതിയിട്ട വീരേന്ദ്ര വാരാണസിയിലേക്ക് വരാൻ ആവശ്യപ്പെട്ടു. തുടർന്ന് വീരേന്ദ്ര ലീവെടുത്ത് വാരാണസിയിലേക്ക് വണ്ടി കയറി. ജനുവരി ഏഴിന് ഇരുവരും വാരാണസിയിൽ വെച്ച് കണ്ടുമുട്ടി. പരസ്പരം ആ​ശ്ലേഷിച്ച ശേഷം പിന്നീട് കാണാമെന്ന് പറഞ്ഞ് വീരേ​ന്ദ്ര പിരിഞ്ഞു. അന്ന് വൈകീട്ട് വീരേന്ദ്ര മറ്റൊരു സുഹൃത്തിനൊപ്പം അഫ്താബിനെ കാണാൻ പോയി. അഫ്താബിനെ വീട്ടിലേക്ക് കൊണ്ടുപോകാമെന്ന വ്യാജേന ഇരുവരും ആളൊഴിഞ്ഞ സ്‍ഥലത്തേക് കൊണ്ടുപോയി കഴുത്തുഞെരിച്ച് കൊല്ലുകയും ചെയ്തു. തുടർന്ന് മൃത​ദേഹം വയലിലേക്ക് വലിച്ചെറിഞ്ഞ് ഇരുവരും രക്ഷപ്പെടുകയും ചെയ്തു. വീരേന്ദ്രയുടെ കൈയിൽ നിന്ന് അഫ്താബിന്റെ പാൻ കാർഡ്, ആധാർ കാർഡ്, മറ്റ് സ്വകാര്യ രേഖകൾ എന്നിവയും കണ്ടെടുത്തു. കൊലപാതകത്തിൽ പങ്കാളിയായ വീരേന്ദ്രയുടെ സുഹൃത്തിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Tags:    
News Summary - Varanasi man kills friend for tricking him into eating meat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.