യു.പി പൊലീസ് കള്ളക്കേസിൽ കുടുക്കി മർദിച്ചവശനാക്കി മൂത്രം കുടിപ്പിച്ചതായി ദലിത് വിദ്യാർഥിയുടെ പരാതി

നോയ്ഡ: ദലിത് യുവാവിനെ യു.പി പൊലീസ് കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത് ക്രൂരമായി മർദിച്ച് മൂത്രം കുടിപ്പിച്ചതായി പരാതി. ഗൗതം ബുദ്ധ നഗർ ജില്ലയിലെ ഗ്രേറ്റർ​ നോയ്ഡയിൽ കഴിഞ്ഞ വർഷം നടന്ന സംഭവമാണ് പുറത്തുവന്നിരിക്കുന്നത്. വിദ്യാർഥി സമൂഹ മാധ്യമം വഴി പങ്കുവെച്ച വിഡിയോകൾ വഴിയാണ് ഇതെല്ലാം പുറത്തുവന്നിരിക്കുന്നത്.

അലിഗഡ് ജില്ലയിലെ 22 കാരനായ നിയമ വിദ്യാർഥിയായ ഗ്രേറ്റർ നോയിഡ ഏരിയയിലെ സെക്ടർ ബീറ്റ-2 പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെ ആരോപണവുമായി രംഗത്തുവന്നിരിക്കുന്നത്. പണം തട്ടിയെന്ന് കള്ളക്കേസ് ചുമത്തിയാണ് പൊലീസ് ക്രൂരമായി മർദിച്ചതെന്നും യുവാവ് പറയുന്നു. യുവാവി​ന്റെ പേര് പുറത്തുവിട്ടിട്ടില്ല. രണ്ടാഴ്ച​ത്തെ ജയിൽ വാസത്തിനു ശേഷമാണ് ജാമ്യം ലഭിച്ചതെന്നും യുവാവ് ആരോപിച്ചു. രണ്ടാം വർഷം എൽ.എൽ.ബി വിദ്യാർഥിയാണിദ്ദേഹം.

പ്രദേശത്തെ ഒരു മസാജ് സെന്ററിൽ നിന്ന് സെക്‌സ് റാക്കറ്റ് നടത്തുന്നതായി ഗൗതം ബുദ്ധ നഗർ പൊലീസിന് വിവരം ലഭിക്കുകയും ഉടമയായ സ്ത്രീയെ 2021 ജൂണിൽ നോയിഡയിലെ സെക്ടർ 49 പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിടച്ചിരുന്നതായും വിദ്യാർഥി പറഞ്ഞു. എന്നാൽ ഈ സ്ത്രീയും അവരുടെ ഭർത്താവും തനിക്കെതിരെ‌ കള്ളക്കേസ് നൽകുകയായിരുന്നു.

ഇതുപ്രകാരം, കഴിഞ്ഞ വർഷം നവംബർ 18ന് ഗ്രേറ്റർ നോയിഡയിലെ എസ്.എൻ.ജി പ്ലാസയ്ക്ക് പുറത്തുനിന്ന് തന്നെ പൊലീസ് പിടികൂടുകയും ബീറ്റ 2 പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ക്രൂരമായി മർദിക്കുകയുമായിരുന്നു.-വിദ്യാർഥി പറഞ്ഞു. രക്തസ്രാവമുണ്ടാകും വിധം അവർ മർദിച്ചു. താൻ ഫിസ്റ്റുല ഓപ്പറേഷന് വിധേയനായ ആളാണെന്ന് അവരോട് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല.‌‌

പിന്നീട് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടപ്പോൾ ശൗചാലയത്തിൽ നിന്ന് ഒരു പാത്രത്തിൽ മൂത്രം കൊണ്ടുവരികയും അത് കുടിക്കാൻ നിർബന്ധിക്കുകയും ചെയ്തു. ഞാൻ വിസമ്മതിക്കുകയും പാത്രം തട്ടിക്കളയുകയും ചെയ്തു. കുറച്ച് മൂത്രം എന്റെ വായിലും ദേഹത്തും വീണു. ഉച്ചയ്ക്ക് 1.30ഓടെയാണ് പൊലീസ് പിടികൂടിയതെങ്കിലും വൈകീട്ട് അഞ്ചിന് ശേഷം എന്നാണ് പൊലീസ് എഴുതിയത്. തുടർന്ന് രണ്ടാഴ്ച ജയിലിൽ കഴിഞ്ഞതിന് ശേഷമാണ് തനിക്ക് ജാമ്യം ലഭിച്ചതെന്നും അന്നുമുതൽ തനിക്കെതിരായ തെറ്റായ എഫ്.ഐ.ആർ റദ്ദാക്കാനുള്ള പോരാട്ടം തുടരുകയാണെന്നും വിദ്യാർഥി സമൂഹ മാധ്യമത്തിൽ പങ്കുവച്ച വീഡിയോകളിൽ പറഞ്ഞു.

അഭ്യർഥനയുമായി നിരവധി ഉദ്യോഗസ്ഥരെ കണ്ടെങ്കിലും തന്റെ കേസ് വൈകുകയാണെന്ന് വിദ്യാർഥി വ്യക്തമാക്കി.'ഇത് നിഷ്പക്ഷമായി അന്വേഷിക്കണം. ഞാൻ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ കുറ്റം ചുമത്തിക്കോളൂ. ഈ കേസ് വ്യാജമാണെന്ന് തെളിയിക്കാനുള്ള തെളിവുകളും തന്റെ പക്കലുണ്ട്. എനിക്ക് നീതി വേണം'- പൊലീസ് നിഷ്‌ക്രിയത്വം ആരോപിച്ച് നിയമ വിദ്യാർഥി കൂട്ടിച്ചേർത്തു.

യുവാവിന്റെ ആരോപണങ്ങൾ പരിശോധിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു. ഇത് കോടതിയുടെ പരി​ഗണനയിലുള്ള കേസാണെന്നും അതേക്കുറിച്ച് പ്രതികരിക്കാനാവില്ലെന്നും ​ഗ്രേറ്റർ നോയിഡ അഡീഷനൽ ഡെപ്യൂട്ടി കമ്മീഷണർ അശോക് കുമാർ പറഞ്ഞു.

Tags:    
News Summary - Dalit student accuses noida police of framing him in fake case assaulted by cops

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.