യു.പിയിൽ കൊടുംക്രൂരത; ദലിത് യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ചു, ഗർഭിണിയായ ഭാര്യക്കും മർദനം

ലഖ്നോ: യു.പിയിലെ എറ്റായിൽ ദലിത് യുവാവിന് നേരെ സവർണരുടെ ക്രൂരത. മരംമുറിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യുവാവിന്‍റെ ജനനേന്ദ്രിയം കത്തികൊണ്ട് മുറിച്ചു. അക്രമം തടയാനെത്തിയ യുവാവിന്‍റെ ഗർഭിണിയായ ഭാര്യക്കും മർദനമേറ്റു. സംഭവത്തിൽ വിക്രം സിങ് താക്കൂർ, ഭുരായ് താക്കൂർ എന്നിവർക്കെതിരെ കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. ഇരുവരും ഒളിവിലാണെന്ന് പൊലീസ് പറയുന്നു.

രണ്ട് കുട്ടികളുടെ പിതാവ് കൂടിയായ 34കാരന് നേരെയാണ് ആക്രമണമുണ്ടായത്. ഇയാളുടെ സ്ഥലത്തുണ്ടായിരുന്ന മരം സവർണർ ചേർന്ന് മുറിക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനെ എതിർത്തതോടെ ക്രൂരമായ മർദനമുണ്ടായി. മർദനത്തിനൊടുവിലാണ് ജനനേന്ദ്രിയം കത്തികൊണ്ട് മുറിച്ചുമാറ്റാൻ ശ്രമിച്ചത്. ഗുരുതര പരിക്കേറ്റ ജനനേന്ദ്രിയത്തിൽ 12 തുന്നലുകളുണ്ട്.

അക്രമം തടയാൻ യുവാവിന്‍റെ ഗർഭിണിയായ ഭാര്യ എത്തിയപ്പോൾ അവരെയും അക്രമികൾ വെറുതെവിട്ടില്ല. നാല് മാസം ഗർഭിണിയായ യുവതിക്കും ക്രൂരമായ മർദനമേറ്റു. മഴുകൊണ്ട് കൈക്ക് വെട്ടേറ്റു. ഓടിരക്ഷപ്പെടാൻ ശ്രമിച്ചിട്ടും പിന്നാലെയെത്തി മർദിച്ചു. പൊലീസിൽ പരാതിപ്പെട്ടാൽ കൊന്നുകളയുമെന്നും അക്രമികൾ ഭീഷണിപ്പെടുത്തിയെന്ന് ഇവർ പറയുന്നു.


പൊലീസിൽ പരാതിപ്പെട്ടപ്പോൾ കേസെടുക്കാൻ ആദ്യം തയാറായില്ല. തുടർന്ന് അഭിഭാഷകനെ സമീപിച്ചാണ് കേസ് രജിസ്റ്റർ ചെയ്യിപ്പിച്ചത്. അക്രമികളുടെ ബന്ധുക്കളുടെ ഭീഷണികാരണം സ്വന്തം ഗ്രാമത്തിൽ നിന്ന് മാറിത്താമസിക്കുകയാണ് ദലിത് കുടുംബം. പ്രതികൾ ഒളിവിലാണെന്നും അന്വേഷണം നടക്കുകയാണെന്നും കോട്വാലി പൊലീസ് ഹൗസ് ഓഫിസർ പറഞ്ഞു. 

Tags:    
News Summary - Dalit Man’s Private Parts Slashed in UP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.