അമിതാഭ് ബച്ചനും ഒരു വൃക്കയേയുള്ളൂ! തട്ടിപ്പിനായി വിചിത്ര വാദങ്ങൾ; കോടികൾ കൊയ്യുന്ന വൃക്ക മാഫിയയുടെ തലവൻ പിടിയിൽ

കാൺപൂർ: ഉത്തർപ്രദേശിലെ കാൺപൂർ കേന്ദ്രീകരിച്ച് നടന്ന വൻ വൃക്ക മാറ്റിവെക്കൽ തട്ടിപ്പിലെ പ്രധാന പ്രതിയെ പൊലീസ് പിടികൂടി. പന്ത്രണ്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള രോഹിത് തിവാരി (34) ആണ് പിടിയിലായത്. ഡോക്ടർ ചമഞ്ഞ് മുപ്പതോളം വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയ ഇയാൾക്കെതിരെ 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

വൃക്ക വിൽപ്പന റാക്കറ്റിനെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത് മുതൽ ഗോവ, കാഠ്മണ്ഡു, മണാലി, ഷിംല എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. അങ്ങേയറ്റം ദരിദ്രരായ ആളുകളെ കണ്ടെത്തി അഞ്ചു മുതൽ പത്ത് ലക്ഷം രൂപ വരെ വാഗ്ദാനം ചെയ്താണ് രോഹിതിന്റെ നേതൃത്വത്തിലുള്ള സംഘം വൃക്കകൾ കൈക്കലാക്കിയിരുന്നത്. തുടർന്ന് സമ്പന്നരായ രോഗികൾക്ക് 60 ലക്ഷം മുതൽ ഒരു കോടി രൂപ വരെ ഈടാക്കി ഇവ മറിച്ചുവിൽക്കുകയായിരുന്നു തട്ടിപ്പിന്റെ രീതി.

ടെലിഗ്രാം വഴിയാണ് ഇവർ ഇരകളെ കണ്ടെത്തിയിരുന്നത്. സ്റ്റെതസ്കോപ്പും ഏപ്രണും ധരിച്ച് ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകുന്ന രോഹിത് തിവാരിയുടെ ചിത്രങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. യാതൊരുവിധ മെഡിക്കൽ പരിശീലനവും ലഭിക്കാത്ത ഇയാളുടെ നേതൃത്വത്തിൽ നടന്ന ശസ്ത്രക്രിയകളെത്തുടർന്ന് പലരും മരണപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. കാൺപൂർ കൂടാതെ ലഖ്‌നൗ, ഡൽഹി, മുംബൈ, കൊൽക്കത്ത, നേപ്പാൾ എന്നിവിടങ്ങളിലേക്കും മാഫിയയുടെ വേരുകൾ നീണ്ടിരുന്നു. 

തട്ടിപ്പിന് ഇരയായ ബിഹാറിൽ നിന്നുള്ള വിദ്യാർഥിയെ പ്രലോഭിപ്പിക്കാനായി സിനിമാ താരങ്ങളുടെയും ആത്മീയ നേതാക്കളുടെയും പേരുകൾ സംഘം ഉപയോഗിച്ചിരുന്നതായും പൊലീസ് പറഞ്ഞു. അമിതാഭ് ബച്ചൻ ഒരു വൃക്കയുമായാണ് ജീവിക്കുന്നതെന്നും ഇപ്പോഴും സിനിമയിൽ സജീവമാണെന്നും പറഞ്ഞാണ് സംഘത്തിലെ ബ്രോക്കറായ ശിവം അഗർവാൾ വിദ്യാർഥിയെ വിശ്വസിപ്പിച്ചത്.

ഇവരുടെ തട്ടിപ്പിൽ ആശുപത്രികൾക്കും പങ്കുള്ളതായി കണ്ടത്തിയിട്ടുണ്ട്. കാൺപൂരിലെ അഹൂജ ഹോസ്പിറ്റൽ, പ്രിയ ഹോസ്പിറ്റൽ, മെഡ്‌ലൈഫ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ നടന്ന പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. ഈ ശസ്ത്രക്രിയകൾക്ക് കൃത്യമായ രേഖകളോ ഫയലുകളോ ആശുപത്രി അധികൃതർ സൂക്ഷിച്ചിരുന്നില്ല. മുദ്രകളോ ഔദ്യോഗിക പേപ്പറോ ഇല്ലാത്ത വെറും വെള്ളക്കടലാസിലായിരുന്നു മരുന്നുകളുടെ വിവരങ്ങൾ പോലും കുറിച്ചിരുന്നത്.

അഹൂജ ഹോസ്പിറ്റൽ ഉടമകളായ ഡോ. സുർജിത് അഹൂജ, പ്രീതി അഹൂജ എന്നിവരുൾപ്പെടെ പത്തോളം പേരെ പൊലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. മീററ്റിലെ ഡോ. അഫ്സൽ, ഒ.ടി ടെക്നീഷ്യൻ മുദസ്സർ അലി എന്നിവർക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. 

Tags:    
News Summary - Class XII passout arrested for performing 30 transplants in Kanpur; accused lured poor to sell kidneys for Rs 5-10 lakh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.