കലക്ടറും കുടുംബവും ചികിത്സക്ക് കേരളത്തിൽ; പിന്നാലെ ഭോപ്പാലിലെ വസതി കൊള്ളയടിച്ച് ​മോഷ്ടാക്കൾ

ന്യൂഡൽഹി: കലക്ടറും കുടുംബവും ചികിത്സക്ക് കേരളത്തിലെത്തിയതിന് പിന്നാലെ വസതി കൊള്ളയടിച്ച് ​മോഷ്ടാക്കൾ. ഭോപ്പാലിൽ ഡെപ്യൂട്ടി കലക്ടറായ അൽക സിങ് വാൽമീകിയുടെ ഔദ്യോഗിക വസതിയിലാണ് മോഷണം നടന്നത്.

കേരളത്തിലേക്ക് ഭർത്താവിന്റെ ചികിത്സക്കായി എത്തിയതായിരുന്നു അൽക സിങ് വാൽമീകി. ഭോപാലിൽ വി.ഐ.പി മേഖലയായ ചാർ ഇംലിയിലാണ് മോഷണം നടന്നത്. നിരവധി മന്ത്രിമാരും രാഷ്ട്രീയക്കാരും ഐ.എ.എസ്, ഐ.പി.എസ് ഓഫീസർമാരും താമസിക്കുന്ന മേഖലയാണ് ചാർ ഇംലി.

സംഭവത്തെ കുറിച്ച് മധ്യപ്രദേശ് പൊലീസ് പറയുന്നത് ഇങ്ങനെ: റവന്യൂ കമീഷണർ ഓഫീസിലാണ് അൽക വാത്മീകി സിങ് ജോലി​ ​ചെയ്യുന്നത്. 15 ദിവസം മുമ്പാണ് ഇവർ ഭർത്താവിന്റെ ചികിത്സക്ക് കേരളത്തിലേക്ക് തിരിച്ചിരുന്നു. ചൊവ്വാഴ്ച മടങ്ങിയെത്തിയപ്പോഴാണ് വീടിന്റെ പൂട്ട് തകർത്തതായും അലമാരയിൽ നിന്നുള്ള സാധനങ്ങൾ വീട്ടിലെമ്പാടും വലിച്ചുനിരത്തിയതും കണ്ടത്. തുടർന്ന്, സ്വർണവും പണവും വിലപിടിപ്പുള്ള വസ്തുക്കളും മോഷ്ടിക്കപ്പെട്ടതായി സ്ഥിരീകരിക്കുകയായിരുന്നു.

പരാതി നൽകിയതിന് പിന്നാ​ലെ, ഫോറൻസിക് സംഘമടക്കം സ്ഥലത്തെത്തിയെങ്കിലും മോഷ്ടാവി​നെ കുറിച്ച് കാര്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. വീട്ടിൽ സി.സി.ടി.വി ഇല്ലാത്തത് അന്വേഷണത്തിന് വെല്ലുവിളിയാണെന്ന് പൊലീസ് പറഞ്ഞു. അടുത്തുള്ള കെട്ടിടങ്ങളിലെ സി.സി.ടി.വി കാമറകളിൽ നിന്നുള്ള ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്. സംശയത്തിന്റെ പേരിൽ ചിലരെ കസ്റ്റഡിയിലെടുത്തതായും അന്വേഷണം പുരോഗമിക്കുകയാ​ണെന്നും പൊലീസ് വ്യക്തമാക്കി.

ഏതാനും ദിവസങ്ങൾക്കിടെ മേഖലയിൽ രണ്ടാമത്തെ മോഷണമാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞു. ദിവസങ്ങൾക്ക് മുമ്പ് ഭാര്യക്കൊപ്പം നടക്കാനിറങ്ങിയ മധ്യപ്രദേ​ശ് ഐ.ജിയുടെ (ഇന്റലിജൻസ്) ഫോൺ ബൈക്കിലെത്തിയ സംഘം പിടിച്ചുപറിച്ച് കടന്നിരുന്നു.

Tags:    
News Summary - Bhopal Deputy Collector Away, Thieves Steal Cash, Jewellery From Home

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.