പ്ര​തി ജ​യ​ൻ

ഭാര്യയെയും മകളെയും കൊല്ലാൻ ശ്രമം; പ്രതിക്ക് 31 വർഷം കഠിനതടവ്

കൊല്ലം: ഭാര്യയെയും 14കാരിയായ മകളെയും ആസിഡ് ഒഴിച്ച് കൊല്ലാൻ ശ്രമിച്ചയാൾക്ക് 31 വർഷം കഠിനതടവും ഒന്നരലക്ഷം രൂപ പിഴയും. മയ്യനാട് വടക്കുംകര പടിഞ്ഞാറ്റ് ചേരിയിൽ പ്രശോഭ ഭവനത്തിൽ ജയനെ(40) ആണ് ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായാണ് 31വർഷം കഠിനതടവ് കൊല്ലം ഫസ്റ്റ് അഡീഷനൽ ജില്ല സെഷൻസ് ജഡ്ജി പി.എൻ. വിനോദ് വിധിച്ചത്.

പിഴ ഒടുക്കിയില്ലെങ്കിൽ 18 മാസംകൂടി കഠിനതടവ് അനുഭവിക്കണം. പരിക്കേറ്റ ഭാര്യക്കും മകൾക്കും നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും അവരെ പുനരധിവസിപ്പിക്കണമെന്നും കൊല്ലം ലീഗൽ സർവിസ് അതോറിറ്റിക്ക് നിർദേശം നൽകി. 2020 ഡിസംബർ ഒന്നിനാണ് സംഭവം. നിരന്തരമായ ശാരീരിക പീഡനത്തെ തുടർന്ന് മൂന്ന് പെൺമക്കളുമായി കുടുംബവീട്ടിൽ താമസിച്ച യുവതിയെയും മൂത്ത മകളെയും ആണ് പ്രതി കൊല്ലാൻ ശ്രമിച്ചത്.

ഭാര്യാമാതാവിന്റെ പേരിലുള്ള വീട്ടിൽ ഭാര്യക്കും മൂന്ന് പെൺമക്കൾക്കും ഒപ്പം വന്ന് നിന്ന ജയൻ ഭാര്യയെ നിരന്തരം ഉപദ്രവിച്ചിരുന്നു. ഇയാൾ ജോലിക്ക് പോയിരുന്നില്ല. സംഭവദിവസം യുവതിയുടെ ജോലി സ്ഥലത്തെത്തി വധഭീഷണി മുഴക്കി. വൈകിട്ട് വീട്ടിൽ ആസിഡുമായി എത്തിയതറിഞ്ഞ് നിലവിളിച്ച ഭാര്യയെ അയൽവാസികൾ ചേർന്ന് രക്ഷപ്പെടുത്തി. പിന്നീട് വീട്ടുമുറ്റത്ത് നിൽക്കെ സമീപത്തെ മതിലിന് പിന്നിൽ നിന്ന്, ഭാര്യയുടെയും മകളുടെയും തലയിൽ ആസിഡ് ഒഴിക്കുകയായിരുന്നു.

സംഭവത്തിൽ ജാമ്യം നേടി ഒളിവിൽ പോയശേഷം 2025 ആഗസ്റ്റ് അഞ്ചിന് പൊലീസ് പിടിയിലായി. തുടർന്ന് ജാമ്യം അനുവദിക്കാതെ വിചാരണ നടത്തുകയായിരുന്നു. ഇരവിപുരം എസ്.ഐ എ.പി. അനീഷ് രജിസ്റ്റർ ചെയ്ത കേസ് ഇൻസ്പെക്ടർ കെ. വിനോദാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ സിസിൻ ജി. മുണ്ടയ്ക്കൽ, സോജ തുളസീധരൻ, അഡ്വ. ഗോകുൽ പി. രാജ് എന്നിവർ ഹാജരായി. 

Tags:    
News Summary - Attempt to kill wife and daughter; Accused gets 31 years in prison

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.