മുഹമ്മദിനെ കൊന്നത്​ പെൺകുട്ടികളല്ലെന്ന്​ ഭാര്യ സക്കീന; അമ്പലവയൽ കൊലപാതകത്തിൽ പുതിയ വെളിപ്പെടുത്തൽ

വയനാട്​ അമ്പലവയൽ കൊലപാതകത്തിൽ പുതിയ വെളിപ്പെടുത്തലുമായി കൊല്ലപ്പെട്ട മുഹമ്മദിന്‍റെ ഭാര്യ സക്കീന. 68കാരനായ മുഹമ്മദിനെ കൊന്നത്​ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളല്ലെന്നും തന്‍റെ സഹോദരനാണെന്നും അവർ പറഞ്ഞതായി മീഡിയ വൺ റിപ്പോർട്ട്​ ചെയ്തു. 

യഥാർഥ കൊലയാളികളെ രക്ഷപ്പെടുത്താൻ പെൺകുട്ടികളെയും അവരുടെ മാതാവിനെയും കരുവാക്കുകയാണെന്നും സക്കീന പറഞ്ഞു. ഇപ്പോൾ പ്രതികളാക്കിയ പെൺകുട്ടികൾക്ക്​ മുഹമ്മദിനെ കൊല്ലാനാകില്ലെന്നും ആ പെൺകുട്ടിളെ സംരക്ഷിച്ചത്​ അദ്ദേഹമായിരുന്നെന്നും അവർ പറഞ്ഞു. 

വയനാട് അമ്പലവയൽ ആയിരംകൊല്ലിയിൽ മാതാവിനെ അക്രമിക്കാന്‍ ശ്രമിച്ചയാളെ പെണ്‍മക്കള്‍ കോടാലി കൊണ്ട് അടിച്ച് കൊലപ്പെടുത്തിയെന്നാണ്​ കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരം. മുഹമ്മദ് (68) എന്നയാളാണ് മരിച്ചത്​. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ടു പെണ്‍കുട്ടികള്‍ പൊലിസില്‍ കീഴടങ്ങിയിരുന്നു. ഇവരെ ജുവനൈല്‍ ഹോമിലേക്ക് മാറ്റുകയും അവരുടെ മാതാവിനെ പൊലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 

അമ്മയെ മുഹമ്മദ് ഉപദ്രവിച്ചപ്പോഴുണ്ടായ പിടിവലിക്കിടെ സമീപത്തുണ്ടായിരുന്ന കോടാലി കൊണ്ട് പെണ്‍കുട്ടികള്‍ തലക്കടിക്കുകയായിരുന്നുവെന്നാണ് പൊലീസ്​ പറഞ്ഞത്​. വലതുകാലിന്‍റെ കാല്‍മുട്ടിന് താഴെ മുറിച്ചുമാറ്റിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മുറിച്ചുമാറ്റപ്പെട്ട കാലിന്‍റെ ഭാഗം അമ്പലവയലിലെ ആശുപത്രിക്കുന്ന് പരിസരത്തുനിന്നാണ് കണ്ടെത്തിയത്. മൃതദേഹവും സംഭവം സ്ഥലത്തു നിന്ന്​ അകലെ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിലായിരുന്നു.

കാൽ മുറിച്ചു മാറ്റാനും മൃതദേഹം ദൂരെ ഉപേക്ഷിക്കാനുമൊന്നും പെൺകുട്ടികൾക്കാകില്ലെന്നാണ്​ സക്കീന ചൂണ്ടികാണിക്കുന്നത്​. തന്‍റെ സഹോദരനിൽ നിന്നും ഭർത്താവ്​ മുഹമ്മദിന്​ ഭീഷണി ഉണ്ടായിരുന്നെന്നും അവർ പറഞ്ഞു. സഹോദരന്‍റെ ആദ്യ ഭാര്യയും പെൺമക്കളുമാണ്​ കൊലപാതകത്തിൽ പ്രതികളായി പൊലീസിൽ കീഴടങ്ങിയത്​. ഇവരെ സഹോദരൻ ഉപേക്ഷിച്ചപ്പോൾ സംരക്ഷിച്ചത്​ മുഹമ്മദായിരുന്നെന്നും സക്കീന പറഞ്ഞു. 

സഹോദരന്‍റെ ആദ്യ ഭാര്യയെയും മക്കളെയും മുഹമ്മദ്​ സംരക്ഷിക്കുന്നതിനെ ചൊല്ലി സഹോദരനും മുഹമ്മദും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും സക്കീന പറഞ്ഞു. കാഴ്ചശേഷിയും ആരോഗ്യവും ക്ഷയിച്ച തന്‍റെ ഭർത്താവിന്​ ആരെയും ഉപദ്രവിക്കാനാകില്ലെന്നും സഹോദരൻ അദ്ദേഹത്തെ ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നെന്നും സക്കീന പറഞ്ഞു. 


Tags:    
News Summary - ambalavayal murder case update

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.