ഡെപ്യൂട്ടി പൊലീസ് കമീഷണർ പദംസിങ് സംഭവസ്ഥലത്ത് പരിശോധന നടത്തുന്നു
കോഴിക്കോട്: നസ്രീനയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയശേഷം അദിനാൻ ജീവനൊടുക്കിയത് പിടിയിലാകുമെന്ന ഭയത്താലെന്ന് പൊലീസ് വിലയിരുത്തൽ. നസ്രീനയെ കൊലപ്പെടുത്താൻ ആസൂത്രിതമായി അദിനാൻ പദ്ധതിയൊരുക്കി.10 മണിക്കൂറോളമാണ് അദിനാൻ കൃത്യം നടത്താനായി വീട്ടിനുള്ളിൽ ചെലവഴിച്ചത്.
നസ്രീനയെ കൊലപ്പെടുത്തിയ ശേഷം രക്ഷപ്പെടാനുള്ള വഴികളെല്ലാം അടഞ്ഞതോടെ അദിനാൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. അദിനാന്റെ മരണത്തിൽ ചിലർ ദുരൂഹത ഉയർത്തിയെങ്കിലും അടച്ചിട്ട മുറിയിലെ മരണമായതിനാൽ പൊലീസ് കണക്കിലെടുത്തില്ല. വീട്ടുകാരുടെ ജീവിതശൈലി അറിയാവുന്ന അദിനാൻ രാത്രി ഭക്ഷണം കഴിക്കുന്ന സമയത്താണ് വീട്ടിലെത്തിയത്.
മുൻഭാഗത്ത് നിന്ന് കുടുംബാംഗങ്ങൾ ഭക്ഷണം കഴിക്കുന്നതിനിടെ അടുക്കള ഭാഗത്തെത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. രാത്രി 7.30ടെയാണ് അദിനാൻ വീട്ടിലെത്തുന്നത്. വീട്ടിനുള്ളിൽ കയറുന്നത് സി.സി.ടിവിയിൽ പതിയാതിരിക്കാൻ കാമറ തിരിച്ചുവച്ചതായും പൊലീസ് പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. വീടിനുള്ളിൽ കയറിയ അദിനാൻ എല്ലാവരും ഉറങ്ങുന്നത് വരെ ഒളിച്ചിരുന്നതായാണ് പൊലീസ് പറയുന്നത്. നസ്രീനയെ കൊലപ്പെടുത്തിയ ശേഷം അദിനാൻ ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനമെന്നും സംഭവത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് വരുന്നതായും സിറ്റി പൊലീസ് കമീഷണർ മെറിൻ ജോസഫ് പറഞ്ഞു.അദിനാൻ വീട്ടിലേക്ക് വരുന്നതിന്റെ സി.സി.ടി.വി ദൃശ്യം സമീപത്തെ ഹാർഡ് വെയർ കടയിലെ കാമറയിൽ പതിഞ്ഞിട്ടുണ്ട്. സെല്ലോ ടേപ്പുൾപ്പെടെയുളള വസ്തുക്കളാന്നും കൈയിൽ ഉണ്ടായിരുന്നില്ല.
വെള്ളിമാട്കുന്ന്: ഡോക്ടറാകാൻ കൊതിച്ച നസ്രീനക്ക് ആഗ്രഹം പൂർത്തിയാക്കാനാവാതെ മടക്കം. പഠനത്തിൽ വളരെ മിടുക്കിയായ നസ്രീന കുന്ദമംഗലത്തെ സ്വകാര്യ സ്കൂളിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ എഴുതിയിരിക്കുകയാണ്.ഇതിനിടെതന്നെ പ്ലസ് വൺ കോഴ്സിനും മെഡിക്കൽ എൻട്രൻസിനുമായി മലപ്പുറം വേങ്ങരയിലെ സ്ഥാപനത്തിൽ ചേർന്നിരിക്കുകയാണ്.
പഠനത്തിൽ മികവുപുലർത്തുന്ന നസ്രീനക്ക് മാതാവ് റംസീനയും പിതാവ് നിസാറും ഏറെ പ്രോത്സാഹനവും നൽകുന്നതിൽ സന്തോഷവതിയായിരുന്നു. മകളുടെ പഠനത്തിനുപോലും വേണ്ടത്ര ശ്രദ്ധനൽകുന്നതിന് തടസ്സമായിരുന്നു വീട്ടിലെ അദിനാന്റെ സാന്നിധ്യം. മകളുടെ മരണവാർത്തയറിഞ്ഞ് വിദേശത്തുള്ള നിസാർ ചൊവ്വാഴ്ച രാത്രിയോടെ നാട്ടിലെത്തി. ഇത്രയും പ്രായമുള്ള ഈ കുട്ടിക്ക് എങ്ങനെ ഇത് ചെയ്യാൻ കഴിഞ്ഞുവെന്ന് അത്ഭുതപ്പെടുകയാണ് വല്യുപ്പയായ ഹംസ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.