കാഞ്ഞങ്ങാട്: പൊലീസ് പിടികൂടാൻ നിൽക്കുന്നുണ്ടെന്നറിഞ്ഞ് റൂട്ട് വെട്ടിച്ചോടിയ സ്വകാര്യ ബസ് ഡ്രൈവറായ പൂഴിക്കേസ് പ്രതിയെ പൊലീസ് 50 കിലോമീറ്റർ പിന്തുടർന്ന് പിടികൂടി. പൂഴി കടത്തിയ കേസുകളിൽ കോടതിയുടെ വാറൻറുള്ള കല്ലൂരാവി മൂവരിക്കുണ്ട് പട്ടാക്കലിലെ ശ്രീജിത് ഉണ്ണിയെയാണ് (35) നീലേശ്വരം പൊലീസ് ബസിൽ പിന്തുടർന്ന് കണ്ണൂർ സ്റ്റാൻഡിൽ നിന്നും പിടികൂടിയത്. പ്രതി കാസർകോട്- കോഴിക്കോട് റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൽ ഡ്രൈവറായി ജോലിചെയ്യുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് നീലേശ്വരം ദേശീയപാത മാർക്കറ്റ് ജങ്ഷനിൽ ബുധനാഴ്ച ഉച്ചക്ക് പൊലീസ് കാത്തുനിന്നു.
കാസർകോടുനിന്നും കോഴിക്കോട്ടേക്ക് പോകേണ്ട ബസ് പൊലീസിനെ കബളിപ്പിച്ച് തെരുവത്ത് റോഡിലൂടെ ഓടിച്ചുപോവുകയായിരുന്നു. നീലേശ്വരം സ്റ്റാൻഡിൽനിന്നും മാർക്കറ്റ് ജങ്ഷനിലൂടെ ബസ് വരാത്തതിനെ തുടർന്ന് പൊലീസ് അന്വേഷിച്ചപ്പോഴാണ് ബസ് ഊടുവഴികളിലൂടെ കടന്നുപോയതായി വ്യക്തമായത്.
നീലേശ്വരം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ കുഞ്ഞബ്ദുല്ല നങ്ങാരത്, സിവിൽ പൊലീസ് ഓഫിസർ അനീഷ് എന്നിവർ ബസിനെ കാറിൽ ചെറുവത്തൂർവരെ പിന്തുടർന്നെങ്കിലും ഫലമുണ്ടായില്ല. തൊട്ടുപിന്നാലെയെത്തിയ മറ്റൊരു ബസിൽ കണ്ണൂർവരെ പിന്തുടർന്ന് കണ്ണൂർ ബസ് സ്റ്റാൻഡിലാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.
2017 മുതൽ കോടതിയിൽ ഹാജരാകാതെ മുങ്ങിനടന്ന പ്രതിയെ മൊബൈൽ ടവർ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ബസിലുള്ളതായി പൊലീസിന് പിടികിട്ടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.