ന്യൂഡൽഹി: ഡൽഹിയിൽ ചൈനീസ് പട്ടത്തിന്‍റെ നൂല് കഴുത്തിൽ കുടുങ്ങി ബൈക്ക് യാത്രികൻ മരിച്ചു. ഡൽഹിയിലെ ഹൈദർപൂർ മേൽപാലത്തിലാണ് സംഭവം. രോഹിനി സ്വദേശിയായ സുമിത് രങ്ക (30) യാണ് മരിച്ചത്.
ഹൈദർപൂർ മേൽപാലത്തിൽ പട്ടത്തിന്‍റെ നൂല് കഴുത്തിൽ കുടുങ്ങി ഒരാൾക്ക് പരിക്കേറ്റതായി മൗര്യ എൻക്ലേവ് പൊലീസ് സ്റ്റേഷനിൽ നിന്നും വിവരം ലഭിക്കുകയായിരുന്നു. പരിക്കേറ്റയാളെ സരോജ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്ന് ഡെപ്യൂട്ടി പൊലീസ് കമീഷണർ ഉഷാ രംഗ്‌നാനി പറഞ്ഞു.
ബുരാരിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. ചൈനീസ് പട്ടത്തിന്‍റെ മൂർച്ചയുള്ള നൂല് കഴുത്തിൽ കുടുങ്ങി ഗുരുതരമായി പരിക്കേറ്റെന്ന് സുമിത് രങ്കയുടെ പിതാവ് പറഞ്ഞു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 304 എ പ്രകാരം കേസെടുത്തിട്ടുണ്ടെന്നും കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
പട്ടം പറത്തലിൽ ഉപയോഗിക്കുന്ന ഒരു നൂലാണ് ചൈനീസ് മാഞ്ച. നിർമാതാക്കൾ ഇതിനുമുകളിൽ ഒരു ഗ്ലാസ് കോട്ടിങ് നൽകാറുണ്ട്. മൂർച്ചയുള്ള നൂലുകൾ പലപ്പോഴും പക്ഷികളിലും മനുഷ്യരിലും പരിക്കേൽപ്പിക്കാറുണ്ട്. 2017ൽ ഡൽഹി സർക്കാർ ഗ്ലാസ് കോട്ടിങ് ഉള്ള പട്ടം നൂലുകൾ ഉപയോഗിക്കുന്നത് നിരോധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.