മറ്റൊരാളുമായി ബന്ധമെന്ന് സംശയം; ബംഗളൂരുവിൽ സിക്കിം സ്വദേശിനിയെ കാമുകൻ കഴുത്തറുത്ത് കൊന്നു
ബംഗളൂരു: ബംഗളൂരുവിൽ താമസിച്ചിരുന്ന 22കാരിയായ സിക്കിം സ്വദേശിനിയെ കാമുകൻ കഴുത്തറുത്ത് കൊലപ്പെടുത്തിയതായി പരാതി. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നു.
സിക്കിം സ്വദേശിയായ അതി ഹാങ്മ സുബ്ബയാണ് കൊല്ലപ്പെട്ടത്. സലൂണിൽ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്നു ഇവർ. ഹോട്ടലിൽ വെയ്റ്ററായി ജോലി ചെയ്യുന്ന ഡാർജിലിങ് സ്വദേശിയായ പുർബ ലെപ്ചയാണ് പ്രതി.
യുവതിയും യുവാവും തമ്മിൽ പ്രണയത്തിലായിരുന്നു. ഒരു മാസം മുമ്പാണ് ഇരുവരും ബംഗളൂരുവിലെത്തിയത്. തുടർന്ന് ദൊഡ്ഡക്കണ്ണഹള്ളിയിൽ ഇരുവരും ഒരുമിച്ച് വാടകക്ക് താമസിച്ച് വരികയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിൽ ഇരുവരും തമ്മിൽ തർക്കം പതിവായിരുന്നു. ഞായറാഴ്ച രാവിലെയും ഇരുവരും തമ്മിൽ തർക്കമുണ്ടായി. വഴക്കിനിടെ പുർബ അടുക്കളയിലെ കത്തി ഉപയോഗിച്ച് അതി ഹാങ്മയെ ആക്രമിക്കുകയും കഴുത്ത് മുറിക്കുകയുമായിരുന്നു.
പ്രദേശവാസികൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിച്ചതായും ബെല്ലന്ദൂർ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.