യൂട്യൂബർക്കെതിരെ ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി ഹനാൻ ഷാ
കോഴിക്കോട്: കുടുംബത്തിലെ സ്ത്രീകളെ സ്ട്രീമിങ്ങിലൂടെ മോശമായി ചിത്രീകരിച്ചെന്നാരോപിച്ച് ആഭ്യന്തര മന്ത്രിക്ക് പരാതി നൽകി ഗായകൻ ഹനാൻ ഷാ. പ്രമുഖ യൂടൂബർ 'തൊപ്പി' എന്ന മുഹമ്മദ് നിഹാദും സുഹൃത്തുക്കൾക്കും എതിരെയാണ് ഹനാൻ ഷാ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്ക് നേരിട്ടെത്തി പരാതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പുകൾ പങ്കുവെക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഹനാൻ ഷാ മുന്നറിയിപ്പ് നൽകിയിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തൊപ്പിയുടെ മുൻ സുഹൃത്തുക്കളായ മുഹമ്മദ് (മുമ്മു), ഷമീർ എന്നിവർ യൂട്യൂബറായ തൊപ്പിക്കെതിരെ നിരവധി വെളിപ്പെടുത്തലുകളുമായി രംഗത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഷമീർ നടത്തിയ ഒരു ലൈവ് വീഡിയോയിൽ, ഹനാൻ ഷായുടെ കുടുംബത്തെ തൊപ്പി അധിക്ഷേപിക്കുന്നതിന്റെ തെളിവുകൾ പുറത്തുവിട്ടിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായതോടെയാണ് ഹനാൻ ഷാ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയത്.
നേരത്തെ നിയമനടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്ന ഹനാൻ ഷാ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ നേരിട്ട് കണ്ടാണ് പരാതി നൽകിയത്. പരാതി നൽകിയ ഹനാൻ ഷാ, സംഭവത്തെ കുറിച്ച് വ്യക്തമായി വിശദീകരിച്ചു. അതേസമയം, പൊതുസമൂഹത്തെയും സൈബർ ലോകത്തെയും ഞെട്ടിക്കുന്ന ഗുരുതരമായ ആരോപണങ്ങളിൽ തൊപ്പിക്കെതിരെയും ഗ്യാങ്ങിനെതിരെയും അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.പി റവഡ ചന്ദ്രശേഖർ. സംസ്ഥാന സൈബർ ഓപറേഷൻസ് പൊലീസ് സൂപ്രണ്ട് അങ്കിത് അശോകനാണ് അന്വേഷണച്ചുമതല. അഡ്വ. ശ്രീജിത്ത് പെരുമന നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
പോക്‌സോ കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന്-എം.ഡി.എം.എ ഉപയോഗവും വിതരണവും, മാനസികവും ശാരീരികവുമായ പീഡനങ്ങൾ, അശ്ലീല പ്രചാരണം, മറ്റു സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയ ആരോപണങ്ങളിൽ സൈബർ പൊലീസിന്റെ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.