വീരേശ് കുമാർ ജെയിൻ

വ്യാജ മരുന്ന് വിതരണ സ്ഥാപനം ഉടമ അറസ്റ്റിൽ

മംഗളൂരു: വ്യാജ മരുന്ന് റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണത്തിൽ ഹെൽത്ത് കെയർ ഉടമയെ അറസ്റ്റ് ചെയ്തതായി ആരോഗ്യമന്ത്രി യു.ടി. ഖാദർ അറിയിച്ചു. ബംഗളൂരു കൃപ ഹെൽത്ത് കെയർ ഉടമ വീരേശ് കുമാർ ജയിനാണ് അറസ്റ്റിലായത്.

തീവ്രപരിചരണ വിഭാഗങ്ങളിൽ (ഐ.സി.യു) ഉപയോഗിക്കുന്ന വ്യാജ കാൻസർ മരുന്നുകൾ, ജീവൻ രക്ഷാ മരുന്നുകൾ, കുത്തിവെപ്പുകൾ എന്നിവ ആശുപത്രികൾ, ക്ലിനിക്കുകൾ, മെഡിക്കൽ സ്റ്റോറുകൾ എന്നിവക്ക് വിതരണം ചെയ്തിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ബംഗളൂരുവിലെ 90ലധികം ആശുപത്രികളിലും ക്ലിനിക്കുകളിലും മരുന്നുകൾ വിതരണം ചെയ്തിരിക്കാമെന്നാണ് പ്രാഥമിക റിപ്പോർട്ട്. വ്യാജ മരുന്നുകൾ ലഭിച്ച എല്ലാ സ്ഥാപനങ്ങളെയും തിരിച്ചറിയുന്നതിനായി പ്രത്യേക അന്വേഷണ സംഘം പിടിച്ചെടുത്ത ബാച്ച് നമ്പറുകളും രേഖകളും പരിശോധിച്ചുവരികയാണ്.

ഈ വ്യാജ മരുന്ന് റാക്കറ്റിനെ തകർത്തത് കർണാടക സർക്കാരാണെന്നും രാജ്യം കണ്ട ഇത്തരത്തിലുള്ള ഏറ്റവും വലിയ നടപടികളിൽ ഒന്നാണിതെന്നും മന്ത്രി അവകാശപ്പെട്ടു. കഴിഞ്ഞ മാസം 18ന് സംസ്ഥാന ആരോഗ്യ-കുടുംബക്ഷേമ വകുപ്പും കർണാടക ഭക്ഷ്യസുരക്ഷാ-മരുന്ന് അഡ്മിനിസ്ട്രേഷനും ബിഡദി ടോൾ ഗേറ്റിന് സമീപമുള്ള ഫാംഹൗസിൽ റെയ്ഡ് നടത്തി അഞ്ചു കോടി രൂപ വിലമതിക്കുന്ന വ്യാജവും കാലഹരണപ്പെട്ടതുമായ മരുന്നുകൾ പിടിച്ചെടുത്ത കാര്യം ഖാദർ ഓർമ്മിപ്പിച്ചു. വ്യാജ മരുന്നുകളുടെ പൂർണ പട്ടിക കേന്ദ്ര സർക്കാറിനെയും എല്ലാ സംസ്ഥാനങ്ങളെയും അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

പിടിച്ചെടുത്ത ബ്രാൻഡ് മരുന്നുകൾ ഉപയോഗിക്കരുതെന്ന് കർണാടകയിലെ എല്ലാ ആശുപത്രികൾക്കും നഴ്സിങ് ഹോമുകൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഈ ശൃംഖലയുടെ വിതരണ ശൃംഖല മാപ്പ് ചെയ്യുന്നതിനും രാജ്യവ്യാപകമായ വിതരണം നിർത്തുന്നതിനും സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെയും (സി.ഡി.എസ്‌.സി.ഒ) കേന്ദ്ര നിയന്ത്രണ ഏജൻസികളുടെയും പിന്തുണ തേടി കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നദ്ദക്ക് വിശദമായി കത്തെഴുതിയതായും ഖാദർ വ്യക്തമാക്കി.

Tags:    
News Summary - Bengaluru Fake Medicine Firm Owner Held

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.