സ​ന​ൽ ച​ന്ദ്ര​ൻ, സ​ജാ​ദ് ഷാ​ജ​ഹാ​ൻ, ജോ​ബി

യുവാവിനെ ആക്രമിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ

ആലുവ: റെയിൽവേ സ്റ്റേഷന് സമീപം കോടനാട് സ്വദേശിയായ പ്രവാസി യുവാവിനെ ആക്രമിച്ച് പണവും ആഭരണവും കവർന്ന സംഭവത്തിൽ പ്രതികളെ പിടികൂടാനായത് നൂറോളം പേരെ ചോദ്യംചെയ്തതിലൂടെ. മഞ്ഞപ്പെട്ടി പ്ലാവിടപ്പറമ്പിൽ സനൽ ചന്ദ്രൻ (38), തിരുവനന്തപുരം പള്ളിക്കൽ ചെമ്പിളവിള സജാദ് ഷാജഹാൻ (25), നെടുമ്പാശ്ശേരി മേക്കാട് മാളിയേക്കൽ വീട്ടിൽ ജോബി (44) എന്നിവരെയാണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച്ച പുലർച്ച 3.30 ഓടെയാണ് സംഭവം. ജില്ല പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നിർദേശാനുസരണം ആലുവ ഡിവൈ.എസ്.പി ബൈജു പൗലോസിന്റെ നേതൃത്വത്തിൽ മൂന്ന് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. പരിക്കേറ്റ പ്രവാസിയിൽനിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലും സംഭവസ്ഥലത്തെ സി.സി ടി.വി ദൃശ്യങ്ങളും പ്രദേശത്തെ സ്ഥിരം കുറ്റവാളികളെയും കേന്ദ്രീകരിച്ചുമായിരുന്നു അന്വേഷണം.

രാത്രികാല ഓട്ടോ തൊഴിലാളികൾ, വ്യാപാരികൾ എന്നിവരുൾപ്പെടെ നൂറോളം പേരെ ചോദ്യംചെയ്തതിൽനിന്ന് ലഭിച്ച വിവരങ്ങളിലൂടെയാണ് പൊലീസ് പ്രതികളെക്കുറിച്ച സൂചനകളിലേക്ക് എത്തിയത്. ദൃക്‌സാക്ഷികൾ ഇല്ലാതിരുന്ന കേസിന്റെ അന്വേഷണം ദുഷ്കരമായിരുന്നു. മുഖ്യപ്രതിയെന്ന് സംശയിക്കുന്നയാൾ സംഭവത്തിനുശേഷം കൊല്ലൂരിലേക്ക് രക്ഷപ്പെട്ടതായി വിവരം ലഭിച്ചു. തുടർന്ന് ആലുവ സി.ഐ പി.എം. ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘം കൊല്ലൂരിലേക്ക് പുറപ്പെട്ടെങ്കിലും മൊബൈൽ ഫോൺ കാസർകോട്ട് ഉപേക്ഷിച്ച പ്രതി പെരുമ്പാവൂരിന് സമീപം എത്തിയതായി വിവരം ലഭിച്ചു.

ആലുവ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിയുടെ കൈവശം സർജിക്കൽ ബ്ലേഡ് ഉൾപ്പെടെ കണ്ടെത്തി. ചോദ്യംചെയ്യലിൽ മറ്റു പ്രതികളെക്കുറിച്ച് സൂചന ലഭിച്ചു. പരാതിക്കാരനിൽനിന്ന് ഒന്നാം പ്രതി കവർന്ന മാല വിൽക്കാൻ ഏൽപ്പിച്ചിരുന്ന മൂന്നാം പ്രതിയെ ആലുവ എസ്.എച്ച്.ഒ രഞ്ജിത്ത് മാത്യുവിന്റെ നേതൃത്വത്തിൽ അങ്കമാലിയിൽനിന്ന് കസ്റ്റഡിയിലെടുത്തു. ഇയാളിൽനിന്ന് സ്വർണ മാല കണ്ടെടുത്തു. സജാദ് ഷാജഹാനെ എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നാണ് പിടികൂടിയത്. സംഭവത്തിൽ പങ്കുള്ള ട്രാൻസ്ജെൻഡേഴ്സിനെക്കുറിച്ചും അന്വേഷിക്കുന്നു.

എസ്.ഐമാരായ രഞ്ജിത്ത് മാത്യു, അനൂപ്, സജീഷ്, എ.എസ്.ഐ സുനിൽകുമാർ, സി.പി.ഒമാരായ മാഹിൻഷ അബൂബക്കർ, കെ.എം. മനോജ്‌, ഷഹീൻ, ഷിബിൻ, അനിൽജിത്ത്, ശ്രീരാജ്, രജീഷ് അരവിന്ദ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Tags:    
News Summary - Three Arrested Over Attack on Young Man

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.