അമേരിക്കന്‍ സാമ്രാജ്യത്വത്തിന് കിട്ടാവുന്ന ഏറ്റവും യുദ്ധവെറിയനായ പ്രസിഡന്റാണ് ഡോണള്‍ഡ് ട്രംപ്. സമാധാനത്തിന്റെ നൊബേല്‍ സമ്മാനത്തിന് ഇരന്നുനടക്കുന്ന അദ്ദേഹം ഇതിനകം ഒഴുക്കിയ ചോരക്കും സൃഷ്ടിച്ച ആഗോള ദുരന്തങ്ങള്‍ക്കും കണക്കില്ല. കഴിഞ്ഞ ദിവസങ്ങളില്‍ വെനിസ്വേല ആക്രമിക്കുകയും അവിടത്തെ ഭരണത്തലവനെ തടവിലാക്കുകയും ചെയ്ത ശേഷം യുദ്ധമുഖം തിരിച്ചിരിക്കുന്നത് ഇറാനും സിറിയക്കും എതിരെയാണ്. യാതൊരു പ്രകോപനവുമില്ലാതെ, നീതീകരിക്കപ്പെടാവുന്ന നയതന്ത്രപരമായ പ്രതിസന്ധികളില്ലാതെ, ഏകപക്ഷീയമായ ശത്രുതയുടെ അടിസ്ഥാനത്തില്‍ അഴിച്ചുവിട്ട ആക്രമണമാണ് ഇറാനില്‍ പരോക്ഷമായും സിറിയയില്‍ പ്രത്യക്ഷമായും അമേരിക്ക നടത്തുന്നത്. മിഡില്‍ ഈസ്റ്റില്‍ ഒരുകാലത്തും സമാധാനം പുലരരുത് എന്ന സാമ്രാജ്യത്വ ദുഷ്ടലാക്കല്ലാതെ മറ്റൊന്നും ഈ പ്രകോപനത്തിന് പിന്നില്‍ ചൂണ്ടിക്കാണിക്കാന്‍ കഴിയില്ല. അധിനിവേശത്തിന്റെയും എണ്ണരാഷ്ട്രീയത്തിന്റെയും സാമ്പത്തികയുക്തിയുടെ നിര്‍ലജ്ജമായ പ്രദര്‍ശനമാണ് നാമിപ്പോള്‍ അവിടെ കാണുന്നത്. ആണവശക്തിയുടെ പേരിലുള്ള ധാർമിക വാചാടോപം എത്രയോ കാലഹരണപ്പെട്ടതാണ്. കഴിഞ്ഞ ജൂണില്‍ ഇസ്രായേല്‍ ഇറാനെ ആക്രമിച്ചതും ആണവശേഷിയുടെ പേരിലായിരുന്നു.
അറബ് ലോകത്ത് സാമ്രാജ്യത്വം നടത്തിയിട്ടുള്ള ഉപജാപങ്ങള്‍ സമാന്തരങ്ങള്‍ ഇല്ലാത്തവയാണ്. ഇറാനിലെ സമീപകാല അമേരിക്കൻ ഇടപെടലുകള്‍ ആധിപത്യം, ഊർജം, സുരക്ഷ, പ്രത്യയശാസ്ത്രം തുടങ്ങിയ കൊളോണിയല്‍ താൽപര്യങ്ങളുടെ ഭാഗമായ സാമ്രാജ്യത്വഹിംസയുടെ നീണ്ട ചരിത്രത്തിന്റെ തുടർച്ചയാണ്. 1979ലെ ഇറാൻ വിപ്ലവത്തിനുശേഷം, അമേരിക്കയും ഇറാനും തമ്മിലെ ബന്ധം ശത്രുതാപരമായ ഒന്നായി മാറിയതിന് പിന്നീട് ഒരുകാലത്തും മാറ്റമുണ്ടായിട്ടില്ല. ഇറാനെ ഭീഷണിപ്പെടുത്തുകയും സമ്മർദത്തിലാക്കുകയും ചെയ്യുന്ന സമീപനമാണ് അമേരിക്ക തുടര്‍ന്നുപോന്നിട്ടുള്ളത്. സമീപവർഷങ്ങളിൽ മാറിയത് ഇടപെടലിന്റെ യുക്തിയല്ല, മറിച്ച് അത് സ്വീകരിക്കുന്ന രൂപങ്ങളാണ്. ഇറാനിയന്‍ ഭരണകൂടത്തെ അട്ടിമറിക്കാനുള്ള പ്രവർത്തനങ്ങൾ, പ്രധാനമായും ഉപരോധങ്ങൾ, രഹസ്യ പ്രവർത്തനങ്ങൾ, സൈബർ ആക്രമണങ്ങള്‍, സൈനിക സിഗ്നലിങ്, ജനാധിപത്യ-മനുഷ്യാവകാശ വ്യവഹാരങ്ങളിലൂടെയുള്ള അന്താരാഷ്ട്ര ഇടപെടലുകൾ എന്നിവയിലൂടെ നിരന്തരമായി അമേരിക്ക ചെയ്തുപോരുന്നുണ്ടായിരുന്നു.
ഇറാന്റെ സമ്പദ്വ്യവസ്ഥയിലും ദൈനംദിന ജീവിതത്തിലും രാഷ്ട്രീയശക്തിയിലും ആഴത്തിലുള്ള ഘടനാപരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന കേന്ദ്ര ഉപകരണമായി സാമ്പത്തിക ഉപരോധങ്ങൾ വളരെക്കാലമായി തുടർന്നുപോരുന്നു. അമേരിക്കന്‍ അധീശത്വം ഏതാണ്ട് പൂര്‍ണമായി സാക്ഷാത്കരിക്കപ്പെട്ടിട്ടുള്ള ലോകസാഹചര്യത്തില്‍ ഇറാന് ഭരണകൂടത്തിനെതിരായ നിയമവിരുദ്ധമായ ഉപരോധങ്ങൾ പൊതുവില്‍ നീതിമത്കരിക്കപ്പെടുന്ന അന്തരീക്ഷം സൃഷ്ടിക്കുന്നതിലും അമേരിക്ക വിജയിച്ചിട്ടുണ്ട്. എന്നാൽ പ്രായോഗികമായി, അവ ഇറാനില്‍ സാമൂഹിക പിന്നാക്കാവസ്ഥയുടെ സാഹചര്യങ്ങളെ പുനർനിർമിക്കുന്ന, പണപ്പെരുപ്പം വർധിപ്പിക്കുന്ന, ക്ഷേമവ്യവസ്ഥകളെ ദുർബലപ്പെടുത്തുന്ന, വർഗ അസമത്വങ്ങൾ തീവ്രമാക്കുന്ന ഇടപെടലായി മാറിയിട്ടുണ്ട്. നിരന്തര സമ്മർദത്തിലൂടെ ഇറാനെ ദുർബലപ്പെടുത്തുക എന്ന ഏകലക്ഷ്യത്തോടെ നടപ്പിലാക്കപ്പെട്ടവയാണ് ഇത്തരം ഉപരോധങ്ങള്‍. ഇറാനിയൻ രാഷ്ട്രീയ സംവിധാനങ്ങളെ ആഴത്തിൽ മാറ്റുന്ന സാമ്പത്തികയുദ്ധമാണിത് എന്ന് മനസ്സിലാക്കാന്‍ വിഷമമില്ല. ഇറാനിലെ ആഭ്യന്തര അസ്വസ്ഥതകൾ, തൊഴിലാളിപ്പോരാട്ടങ്ങൾ, ജനകീയ പ്രതിഷേധങ്ങൾ എന്നിവ ദീർഘകാല സാമ്പത്തികഞെരുക്കത്തിന്റെ ഈ സന്ദർഭത്തിനുപുറത്ത് മനസ്സിലാക്കാൻ കഴിയില്ല. അതായത്, അവിടെ പൊട്ടിപ്പുറപ്പെടുന്ന ആഭ്യന്തര സംഘര്‍ഷങ്ങളും അസംതൃപ്തികളും ഉപരോധ രാഷ്ട്രീയത്തിന്റെകൂടി ചരിത്രപരമായ പശ്ചാത്തലത്തില്‍ രൂപപ്പെട്ടവയാണ്. ആ അർഥത്തില്‍ അവ കേവലം ആഭ്യന്തര പ്രശ്നങ്ങള്‍ മാത്രമല്ല.
അമേരിക്കൻ ഇടപെടലിന്റെ മറ്റൊരു മാനം പ്രതീകാത്മകവും വ്യവഹാരപരവുമായ മേഖലയിലാണ്. ഇറാനിയൻ പ്രതിഷേധക്കാർക്കും വനിതാ പ്രസ്ഥാനങ്ങൾക്കും സിവിൽ സമൂഹത്തിനും പിന്തുണ പ്രകടിപ്പിക്കുന്ന യു.എസ് ഉദ്യോഗസ്ഥരുടെ പൊതു പ്രസ്താവനകൾ ഒരു ലിബറൽ-മാനുഷിക പദാവലിയിൽ രൂപപ്പെടുത്തിയിരിക്കുന്നതാണ്. ഇതിനോടൊന്നും ഒരു പ്രതിബദ്ധതയും അമേരിക്കക്കില്ല. അത്തരം പ്രസ്താവനകൾ അന്താരാഷ്ട്ര തലത്തിൽ സാമ്രാജ്യത്വ മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുകയും ഇസ്ലാമോഫോബിയയുടെ ആഴവും പരപ്പും കൂട്ടുകയുംചെയ്യും എന്നതിനപ്പുറം അവര്‍ അതിനൊരു പ്രാധാന്യവും നല്‍കുന്നില്ല. 1953ലെ അട്ടിമറി മുതൽ പതിറ്റാണ്ടുകളുടെ ഉപരോധങ്ങൾ വരെയുള്ള ഇറാനിലെ യു.എസ് ഇടപെടലിന്റെ ചരിത്രം മുന്നിലുള്ളപ്പോള്‍, ഇറാന്റെ ആഭ്യന്തര കാര്യങ്ങളിലുള്ള ഇടപെടലുകള്‍ സാമൂഹിക പരിഷ്കരണത്തിനാണ് എന്ന തെറ്റിധാരണ ആര്‍ക്കും ഉണ്ടാവാനിടയില്ല. ആഭ്യന്തര വിമർശനത്തിനുള്ള രാഷ്ട്രീയ ഇടം വികസിപ്പിക്കുന്നതിനും പാശ്ചാത്യ സഖ്യരാഷ്ട്രങ്ങള്‍ക്കിടയില്‍ ഇറാന് വിരുദ്ധത ആളിക്കത്തിക്കുന്നതിനും മാത്രമാണ് ഇതെല്ലാം പ്രയോജനപ്പെടുക.
എന്നാല്‍ ഈ ഉപരോധങ്ങൾക്കൊപ്പം, ഇറാന്റെ സ്വാധീനം നിയന്ത്രിക്കുന്നതിന് അമേരിക്ക സൈനിക നടപടികളെയും ആശ്രയിച്ചിട്ടുണ്ട്. ഇറാനുമായി ബന്ധപ്പെട്ട മിലിഷ്യകൾ, നാവിക വിന്യാസങ്ങൾ, ഇന്റലിജൻസ് പ്രവർത്തനങ്ങൾ എന്നിവക്കെതിരായ ആക്രമണങ്ങൾ ഇതുവരെ പൂർണതോതിലുള്ള സംഘർഷം സൃഷ്ടിക്കുന്നതിനല്ല, മറിച്ച് സാങ്കേതികവും സൈനികവുമായ മേധാവിത്വം പ്രകടിപ്പിക്കുന്നതിനാണ് ലക്ഷ്യമിട്ടിരുന്നത്. ഇറാന് ഭരണകൂടത്തെയും അറബ് രാജ്യങ്ങളെയും അസ്ഥിരപ്പെടുത്തുക എന്ന അജണ്ടയുടെ ഭാഗമായിരുന്നു ഈ ഉപരോധങ്ങളും നിലക്കാത്ത ഉപജാപങ്ങളും.
സമീപകാല അമേരിക്കൻ പ്രവർത്തനങ്ങൾ മധ്യേഷ്യന്‍ ഭൗമരാഷ്ട്രീയത്തിന്റെ വിശാലമായ ഘടനയിൽ മനസ്സിലാക്കപ്പെടേണ്ടതാണ്. ഒരു പ്രാദേശികശക്തി എന്ന നിലയിൽ ഇറാന്റെ വളര്‍ച്ച, സ്വന്തം സഖ്യകക്ഷികള്‍ക്ക് ഇറാന് നല്കുന്ന പിന്തുണ, ഇറാന്റെ ആഭ്യന്തര ആണവപദ്ധതി, ഇസ്രായേലിന്റെ ഇറാന്ഭീതി എന്നിവ അമേരിക്കയുടെ തന്ത്രപരമായ ആധിപത്യത്തിനുള്ള കേന്ദ്രതടസ്സമായി അവര്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. അനുചിതമായ അമേരിക്കൻ താൽപര്യങ്ങള്ക്കല്ലാതെ, അവരുടെയോ നാറ്റോ രാജ്യങ്ങളുടെയോ സുരക്ഷാഘടനക്കും നിലനിൽപിനും ഒരു ഭീഷണിയും ഇറാന് ഉയര്‍ത്തുന്നില്ല. അതിനാൽ ഇറാനെ ലക്ഷ്യംവെച്ചുള്ള ഇടപെടലുകൾ കേവലം ഇറാന് നന്നാക്കലിനുള്ള ആകാംക്ഷയല്ല. ഊർജ പ്രവാഹങ്ങൾ, സൈനിക സഖ്യങ്ങൾ, സാങ്കേതിക മേധാവിത്വം എന്നിവ യു.എസ് സ്വാധീനത്തിൽ നിലനിൽക്കുന്ന പ്രാദേശികക്രമം സ്ഥാപിക്കുന്നതിനുള്ള പുകമറ മാത്രമാണ്. ഈ അർഥത്തിൽ, ഇറാന്റേത് സ്വതന്ത്രമായ ജിയോപൊളിറ്റിക്കൽ നിലപാടുകളും അമേരിക്കൻ അധീശത്വത്തിന്റേത് മാറിക്കൊണ്ടിരിക്കുന്ന ആഗോളക്രമത്തിൽ സ്വന്തം പരിധികളും ഉത്കണ്ഠകളും നടപ്പിലാക്കുന്ന ലജ്ജാകരമായ സൈനിക ഹിംസയുമാണ്. ഇത്തരം ഇടപെടലുകളിൽനിന്ന് ഉരുത്തിരിയുന്നത് അമേരിക്കൻ നയത്തിന്റെ കാതലായ ഒരു വൈരുധ്യമാണ്. ഒരു വശത്ത്, സ്വേച്ഛാധിപത്യത്തെ എതിർക്കുന്നതായും, ജനാധിപത്യ അഭിലാഷങ്ങളെ പിന്തുണക്കുന്നതായും, മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്നതായും അമേരിക്ക സ്വയം അവകാശപ്പെടുന്നു. മറുവശത്ത്, അധിനിവേശം, സാമ്പത്തിക ബലപ്രയോഗം, സൈനികാക്രമണം എന്നിവക്കുള്ള വഴികള്‍ തേടുന്നതിലൂടെ രാഷ്ട്രങ്ങളുടെ പരമാധികാരത്തെയും ജനതകളുടെ സ്വാതന്ത്ര്യത്തെയും ആഗോള നിയമങ്ങളെയും വെല്ലുവിളിക്കുന്നു.
ഇറാനുമായി യാതൊരു ജൈവബന്ധവുമില്ലാത്ത റിസ പഹ്ലവിയെ അധികാരത്തില്‍ എത്തിച്ചുകൊടുക്കുന്ന രാഷ്ട്രീയ മധ്യസ്ഥംകൂടി ഈ അമേരിക്കന്‍ ഇടപെടലിന് പിന്നിലുണ്ട് എന്നത് വിസ്മരിക്കാന്‍ കഴിയില്ല. ഇറാനിലെ സ്ഥാനഭ്രഷ്ടനായ ഏകാധിപതിയുടെ രാജപുത്രന്‍ എന്ന നിലക്ക് തന്റെ രാജ്യാവകാശം അമേരിക്കന്‍ പിന്തുണയില്‍ നേടിയെടുക്കുക എന്ന ഗൂഢലക്ഷ്യം മാത്രമാണ് ഇപ്പോള്‍ ഇറാനിലെ തെരുവുകളിലെ സമരങ്ങള്‍ ആളിക്കത്തിക്കുന്നതിന് പിന്നിൽ പഹ്ലവിക്കുള്ളത്. തന്റെ പിതാവ് ഷായെപ്പോലെ തങ്ങളുടെ താൽപര്യങ്ങള് സംരക്ഷിക്കുന്ന ഒരു പാവയായി റിസയുടെ ഭരണകൂടം പ്രവര്‍ത്തിക്കുമെന്ന് അമേരിക്കക്കുമറിയാം. ഇറാനിലെ പ്രക്ഷോഭകാരികള്‍ സ്വന്തം ചരിത്രത്തില്‍നിന്ന് പാഠങ്ങള്‍ ഒന്നുംതന്നെ പഠിച്ചില്ലെങ്കിലും കുറഞ്ഞപക്ഷം ഇപ്പോള്‍ വെനിസ്വേലയില്‍ നടക്കുന്നത് എന്താണെന്നെങ്കിലും അറിഞ്ഞിരിക്കണം. അവിടെ തെരുവുകളില്‍, അമേരിക്ക തട്ടിക്കൊണ്ടുപോയ മദൂറയോട് അഭിപ്രായ വ്യത്യാസമുള്ളവര്പോലും സ്വന്തം രാഷ്ട്രത്തോട് അമേരിക്ക കാട്ടുന്ന സാമ്രാജ്യത്വ ധാര്‍ഷ്ട്യത്തെ ശക്തമായി ചോദ്യംചെയ്യുകയാണ്. അമേരിക്കന്‍ ഉപരോധങ്ങള്‍മൂലം തളര്‍ന്ന ഇറാന്റെ സമ്പദ് വ്യവസ്ഥയുടെ പരിമിതികള്‍ വിസ്മരിച്ചുകൊണ്ടുള്ള സമരമാണ് ഇപ്പോള്‍ നടക്കുന്നത്. രാഷ്ട്രത്തിന്റെതന്നെ പരമാധികാരമാണ് ഈ അമേരിക്കന്‍ സ്പോണ്സര്ഷിപ്പിലുള്ള പ്രക്ഷോഭത്തിന്റെ വില എന്നവര്‍ മനസ്സിലാക്കേണ്ടതുണ്ട്. മാത്രമല്ല, ഈ പരിമിതികള്‍ എല്ലാം നിലനില്ക്കുമ്പോള്ത്തന്നെ. ഏതാനും മാസങ്ങള്‍ക്കുമുമ്പ്, അമേരിക്കന്‍ പിന്തുണയോടെ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണം ശക്തമായ തിരിച്ചടികളോടെ അവസാനിപ്പിക്കാന്‍ കഴിഞ്ഞ രാജ്യംകൂടിയാണ് ഇറാന്. മുമ്പ് ഇറാഖിന്റെ കാര്യത്തിലെന്നപോലെ ഇപ്പോള്‍ ഇറാനെയും സാമ്പത്തികമായും സൈനികമായും നിര്വീര്യമാക്കിത്തീര്ക്കാനാണ് റിസ പഹ്ലവിയെ അമേരിക്ക തിരികെ കൊണ്ടുവരുന്നത്. ഭരണം അട്ടിമറിക്കാനുള്ള അദ്ദേഹത്തിന്റെ ആഹ്വാനം ചെവിക്കൊള്ളുന്നതിനുമുമ്പ് ഒരു നിമിഷമെങ്കിലും ഈ ചരിത്ര യാഥാർഥ്യം മനനം ചെയ്യുന്നതിന് പ്രക്ഷോഭകര്‍ തയാറാവേണ്ടതാണ്.
വെനിസ്വേലയുടെ കാര്യത്തിലെന്നപോലെ ഇപ്പോള്‍ ഇറാന്, സിറിയ എന്നീ രാജ്യങ്ങളിലെ ഏകപക്ഷീയമായ അമേരിക്കന്‍ ഇടപെടലുകളെയും തള്ളിപ്പറയാനോ ചുരുങ്ങിയ വാക്കുകളിലെങ്കിലും വിമര്‍ശിക്കാനോ ഇന്ത്യ തയാറായിട്ടില്ല. ഇത് ആരുടെയും ആഭ്യന്തര കാര്യമല്ല. അന്താരാഷ്ട്ര നിയമങ്ങള്‍ തങ്ങള്‍ക്ക് ബാധകമല്ല എന്ന് ഒരു രാജ്യം നിസ്സാരമായി പ്രഖ്യാപിക്കുകയാണ്. ഇന്ത്യയുടെതന്നെ പരമാധികാരത്തെ ചോദ്യംചെയ്യുന്ന ഇടപെടലുകള്‍ ഉണ്ടായിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് തന്നെ ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഇവിടത്തെ അധികാരവൃന്ദങ്ങള്‍ അനങ്ങിയിട്ടില്ല. സാമ്രാജ്യത്വത്തെയും അതിന്റെ നൈതികസങ്കൽപത്തെയും വിശ്വാസത്തിലെടുക്കുന്നത് ഏത് രാഷ്ട്രത്തിനും ആത്യന്തികമായി ആത്മഹത്യാപരമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.