തീവ്രസമ്മതിദായക പരിഷ്കരണം (എസ്.ഐ.ആർ) കേവലം ഭരണപരമായ ഇടപെടല്‍ മാത്രമല്ലെന്ന് ഇപ്പോള്‍ പരക്കെ ബോധ്യമായിട്ടുണ്ട്. ചരിത്രപരമായിത്തന്നെ ലിഖിതരേഖകള്‍ക്ക് പ്രാമുഖ്യം കൽപിക്കാന്‍ കഴിയാത്തതരത്തില്‍ സാമൂഹികമായി ജീവിച്ചുപോന്ന സമൂഹങ്ങളുടെയും സമുദായങ്ങളുടെയും സമുച്ചയമാണ് ഇന്ത്യ. അത്തരം ഒരു രാജ്യത്ത് അതിതീവ്രമായ പൗരത്വ ഓഡിറ്റിങ് നിര്‍ബന്ധമാക്കുന്ന രാഷ്ട്രീയലാക്കുള്ള ഒഴിവാക്കല്‍ പ്രക്രിയയായി ഈ പരിഷ്കരണ നടപടികള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. ദേശീയമായി നടപ്പിലാക്കിയാൽ കൂട്ട സമ്മതിദായക അവകാശ നിഷേധത്തിലേക്ക് നയിക്കുന്ന ഘടനാപരമായ പോരായ്മകൾ ഈ പ്രക്രിയയില്‍ അന്തര്‍ഭവിച്ചിട്ടുണ്ട് എന്നതിന്...
തീവ്രസമ്മതിദായക പരിഷ്കരണം (എസ്.ഐ.ആർ) കേവലം ഭരണപരമായ ഇടപെടല്‍ മാത്രമല്ലെന്ന് ഇപ്പോള്‍ പരക്കെ ബോധ്യമായിട്ടുണ്ട്. ചരിത്രപരമായിത്തന്നെ ലിഖിതരേഖകള്‍ക്ക് പ്രാമുഖ്യം കൽപിക്കാന്‍ കഴിയാത്തതരത്തില്‍ സാമൂഹികമായി ജീവിച്ചുപോന്ന സമൂഹങ്ങളുടെയും സമുദായങ്ങളുടെയും സമുച്ചയമാണ് ഇന്ത്യ. അത്തരം ഒരു രാജ്യത്ത് അതിതീവ്രമായ പൗരത്വ ഓഡിറ്റിങ് നിര്‍ബന്ധമാക്കുന്ന രാഷ്ട്രീയലാക്കുള്ള ഒഴിവാക്കല്‍ പ്രക്രിയയായി ഈ പരിഷ്കരണ നടപടികള്‍ മാറിക്കഴിഞ്ഞിരിക്കുന്നു.
ദേശീയമായി നടപ്പിലാക്കിയാൽ കൂട്ട സമ്മതിദായക അവകാശ നിഷേധത്തിലേക്ക് നയിക്കുന്ന ഘടനാപരമായ പോരായ്മകൾ ഈ പ്രക്രിയയില്‍ അന്തര്‍ഭവിച്ചിട്ടുണ്ട് എന്നതിന് ഇക്കഴിഞ്ഞ ബിഹാര്‍ തെരഞ്ഞെടുപ്പ് കൃത്യമായ നേര്‍സാക്ഷ്യം പറയുന്നുണ്ട്. കുടിയേറ്റക്കാർ, സ്ത്രീകൾ, നിരക്ഷരരായ ഗ്രാമീണര്‍, നഗരദരിദ്രർ, ആദിവാസികൾ, മുസ്‍ലിംകൾ എന്നിവർ ഏറ്റവും കടുത്ത പ്രതിസന്ധികള്‍ നേരിടേണ്ടിവരുമെന്ന കാര്യത്തില്‍ തര്‍ക്കത്തിന് ഇടയില്ലാത്തവിധം ഇതിലെ അടിസ്ഥാനലക്ഷ്യങ്ങള്‍ വെളിപ്പെട്ടിരിക്കുന്നു. ദീർഘകാലാടിസ്ഥാനത്തില്‍ കൂടുതൽ അരക്ഷിതത്വവും പൗരത്വനിഷേധവും സൃഷ്ടിക്കുന്ന സാഹചര്യമാണ് ഇതുമൂലം സംജാതമാവുന്നത്. ഇത് അറിയാതെ സംഭവിക്കുന്നതല്ല, മറിച്ച് ഈ പ്രക്രിയയുടെ ലക്ഷ്യം തന്നെ അത്തരമൊരു അവ്യവസ്ഥയാണ്. ഇവിടെ തെരഞ്ഞെടുപ്പ് കമീഷനും ഉദ്യോഗസ്ഥവൃന്ദവും ഈ ദേശീയ അവകാശനിഷേധത്തിന്റെ മാധ്യസ്ഥതയുള്ള ഉപകരണങ്ങളാവുന്നു.
സംശയാസ്പദ പൗരത്വം
ഒരുവശത്ത് സമ്മതിദായകപ്പട്ടികയിലെ കൃത്യത ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ള ഭരണപരമായ പ്രവർത്തനമായി വിശേഷിപ്പിക്കപ്പെടുമ്പോൾ, ഇന്ത്യയിലെ പൗരത്വ നിർണയ സംവിധാനത്തിലെ ആഴത്തിലുള്ള രാഷ്ട്രീയമാറ്റത്തെയാണ് ഇത് പ്രതിനിധീകരിക്കുന്നതെന്ന വസ്തുത പകല്‍പോലെ തെളിഞ്ഞുവരുന്നുണ്ട്. അസാധാരണമായ ഉദ്യോഗസ്ഥ പരിശോധനകളിലൂടെ ‘സംശയാസ്പദ പൗരത്വം’ എന്നൊരു വിഭാഗത്തിലേക്ക് ജനസംഖ്യയില്‍ ചില വിഭാഗങ്ങളെ ഒഴിച്ചുനിർത്താനുള്ള പരിശ്രമത്തിന്‍റെ തുടര്‍ച്ചയാണിത്. സവിശേഷ സമുദായങ്ങള്‍, പ്രദേശങ്ങൾ, സംസ്ഥാനങ്ങള്‍ എന്നിവയുടെ തീവ്രവും തിരഞ്ഞെടുത്തതുമായ അവലോകനമാക്കി വോട്ടര്‍ പുനര്‍പരിശോധന മാറ്റുന്നതിലൂടെ രേഖാപരമായ ഡോക്യുമെന്റേഷൻ അസമവും, ദാരിദ്ര്യം കുടിയേറ്റം, ലിംഗഭേദം, ജാതി-സാമുദായിക ഐഡന്റിറ്റികൾ എന്നിവമൂലം സങ്കീർണവുമായ ഇന്ത്യയിലെ ജനസംഖ്യാ വിതരണത്തിന്റെ സവിശേഷതകള്‍ ബോധപൂര്‍വം പൗരത്വനിഷേധത്തിനുള്ള അവസരമാക്കിക്കൂടി കണ്ടെത്തുകയാണ്. ഇതിന്റെ അനന്തരഫലങ്ങൾ ദൂരവ്യാപകമാണ്.
എസ്.ഐ.ആറിന്റെ കാതൽ
അടിസ്ഥാനപരമായ ഒരു വൈരുധ്യമാണ്: പൗരര്‍, നിയതമായ അവകാശങ്ങളുള്ള വ്യക്തികളാണ് എന്ന വസ്തുത ഭരണകൂടം അംഗീകരിക്കുകയെന്ന സാമാന്യനിലയില്‍നിന്ന് അവര്‍ പൗരത്വം തുടർച്ചയായി ഭരണകൂടം നിശ്ചയിക്കുന്ന ഒരുകൂട്ടം രേഖകൾ ഉപയോഗിച്ച് തെളിയിക്കേണ്ടവരായി മാറുന്നു. അവയിൽ പലതും മുമ്പ് അവർ കൈവശംവെച്ചിട്ടില്ല, സംരക്ഷിച്ചിട്ടില്ല, അല്ലെങ്കിൽ ആവശ്യമായി വന്നിട്ടുപോലുമില്ല എന്ന സാധ്യത നിലനില്‍ക്കുമ്പോഴാണ് കര്‍ക്കശമായ മാനദണ്ഡങ്ങള്‍ മുന്നോട്ടുവെച്ചുകൊണ്ടുള്ള പരിഷ്കരണപ്രക്രിയ നിര്‍ബന്ധപൂർവം നടപ്പിലാക്കുന്നത്. ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇന്ത്യയില്‍ പൂർണമായോ തുടർച്ചയായോ ശേഖരിച്ചുവെച്ചിട്ടുള്ള രേഖാപരമായ ചരിത്രമില്ല. കൂട്ടക്കുടിയേറ്റങ്ങള്‍, നിര്‍ബന്ധിത കുടിയിറക്കങ്ങള്‍, കാർഷിക പരിവർത്തനങ്ങൾ, നഗരവത്കരണം അന്തര്‍-സംസ്ഥാന പലായനങ്ങള്‍ എന്നിവയുടെ നിരന്തരമായ ചരിത്രാനുഭവം കണക്കിലെടുക്കുമ്പോൾ ഇതിനുപിന്നിലെ രാഷ്ട്രീയയുക്തി അങ്ങേയറ്റം ആശങ്കജനകമായ ഒന്നാണ്. സാമ്പത്തികമായും സാമൂഹികമായും ഏറ്റവും പിന്നാക്കംനിൽക്കുന്നവരും എന്നാല്‍, രാഷ്ട്രനിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഇരകളുമായ വിഭാഗങ്ങളെ വീണ്ടും ശിക്ഷിച്ചുകൊണ്ട് ഘടനാപരമായ അസമത്വങ്ങൾ വർധിപ്പിക്കുകയാണ് എസ്.ഐ.ആർ. പ്രത്യയശാസ്ത്രപരമായ വിശകലനങ്ങള്‍ മാറ്റിവെച്ച്, കേവലമായ ഒരു ഭരണപരിഷ്കരണം എന്ന നിലയില്‍മാത്രം കണ്ടാല്‍പ്പോലും ഒരു വികസനാനന്തര ഭരണകൂടം അതിന്‍റെ നിർമാണത്തിന് ഏറ്റവും കൂടുതല്‍ ചോരയും നീരും നല്‍കിയവരെ പ്രതിക്കൂട്ടില്‍ കയറ്റി അവരുടെ വിശ്വസ്തത വിസ്തരിക്കുന്നുവെന്നത് ലജ്ജാകരമായ രാഷ്ട്രീയാവസ്ഥയാണ്.
സംസ്ഥാനാന്തര കുടിയേറ്റ തൊഴിലാളികൾക്ക് ഈ പരിഷ്കരണം അനുപാതമില്ലാത്ത അപകടസാധ്യതകൾ സൃഷ്ടിക്കുന്നുണ്ട്. കുടിയേറ്റക്കാർ പലപ്പോഴും ജോലി തേടി ഇടക്കിടെ സ്ഥലംമാറി പോകുന്നവരാണ്. പലപ്പോഴും രേഖകൾ ഉപേക്ഷിച്ച് പോകുന്നവരാണ്. സ്ഥിരമായ വിലാസമില്ലാതെ, സ്ഥലംമാറ്റ പ്രക്രിയയിൽ രേഖകൾ നഷ്ടപ്പെടുന്നവരാണ്. പലരും വോട്ടർ ഐ.ഡികളോ ആധാർ കാർഡുകളോ ജോലിസ്ഥലങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ടാവില്ല. അകലങ്ങളിലുള്ള അവരുടെ സ്വന്തം ഗ്രാമങ്ങളില്‍ അവ ഉണ്ടാകുമോ എന്നുപോലും നിശ്ചയമില്ല. ഹിയറിങ്ങുകളിൽ ഹാജരാകാതിരിക്കുകയോ പാരമ്പര്യ രേഖകൾ സമർപ്പിക്കാതിരിക്കുകയോ ചെയ്യുന്നത്-ചിലപ്പോൾ പതിറ്റാണ്ടുകൾ പഴക്കമുള്ളത്- വ്യക്തികളെ ‘സംശയാസ്പദ നിലയിലുള്ള’ വോട്ടർമാരായി അടയാളപ്പെടുത്തുന്നതിനോ പൗരത്വപ്പട്ടികയിൽനിന്ന് ഒഴിവാക്കുന്നതിനോ കാരണമാകുന്നു. ദിവസവേതന തൊഴിലാളിക്കോ അനൗപചാരിക മേഖലയിൽ ജോലിചെയ്യുന്നവര്‍ക്കോ രേഖകള്‍ അന്വേഷിച്ച് ഹാജരാക്കാൻ ദീർഘദൂരം സഞ്ചരിക്കേണ്ടതിന്റെ ആവശ്യകത വേതനം നഷ്ടപ്പെടുന്നതിനും, ജോലി നഷ്ടപ്പെടുന്നതിനും, കടബാധ്യതകള്‍ വരുത്തുന്നതിനും കാരണമാകുമെന്ന് നമുക്കറിയാം. ഇവിടെ ജനിച്ചു ജീവിച്ച അനേകം സാധാരണ മനുഷ്യര്‍ക്ക് അസ്തിത്വം തെളിയിക്കുക എന്ന ലളിതമായ പ്രവൃത്തി സാമ്പത്തികവും നിലനിൽപിനുവേണ്ടിയുള്ളതുമായ പോരാട്ടമായി മാറിയിരിക്കുന്നു.
ചരിത്രത്തില്‍നിന്നുള്ള പുറന്തള്ളല്‍
എസ്.ഐ.ആറിന്റെ ഔദ്യോഗിക വ്യാകരണത്തിനുള്ളിൽ ഗോത്രസമൂഹങ്ങൾ, ആദിവാസികൾ, ദേശാടന വിഭാഗങ്ങള്‍ എന്നിവർക്ക് സ്വന്തം ചരിത്രംതന്നെ ഒരു ബാധ്യതയായി മാറുകയാണ്. അവരുടെ പല വാസസ്ഥലങ്ങളുടെയും ഔദ്യോഗികമായി രേഖപ്പെടുത്തിയ ഭൂമിയുടെ ഉടമസ്ഥാവകാശങ്ങൾ ഉണ്ടാവില്ല, കൂടാതെ പേരുകളും അക്ഷര വിന്യാസങ്ങളും വ്യത്യസ്ത തലമുറകളിലോ ഔദ്യോഗിക രേഖകളിലോ വ്യത്യാസപ്പെടാമെന്നത് പരക്കെ അറിയാവുന്ന കാര്യമാണ്. എന്നാല്‍, എസ്.ഐ.ആറിന്റെ കർശനമായ ഡോക്യുമെന്ററി ഭരണത്തിനുള്ളിൽ അവരുടെ പരമ്പരാഗത ഐഡന്റിറ്റി സ്ഥിരീകരണ രീതികൾ, വംശാവലി, വാമൊഴി ചരിത്രങ്ങൾ, കമ്യൂണിറ്റി അംഗത്വം എന്നിവ അംഗീകരിക്കപ്പെടുന്നില്ല. തൽഫലമായി, നൂറ്റാണ്ടുകളായി തങ്ങള്‍ താമസിച്ചിരുന്ന പ്രദേശങ്ങളിൽ ചില സമുദായങ്ങള്‍ ഒന്നായിത്തന്നെ ‘പൗരരല്ലാത്തവ’രായി പ്രഖ്യാപിക്കപ്പെടാനുള്ള സാധ്യതയുണ്ട്.
മുസ്‍ലിംകളെ സംബന്ധിച്ചിടത്തോളം, പ്രത്യേകിച്ച് ബോധപൂര്‍വം കൊളോണിയല്‍ കാലംമുതല്‍ വർഗീയ ധ്രുവീകരണം സൃഷ്ടിക്കപ്പെട്ടിട്ടുള്ള പ്രദേശങ്ങളിൽ, അവരെ ലക്ഷ്യംവെച്ചുള്ള സംശയനിർമിതിയുടെ കടുത്ത ഉപകരണമായി ഈ പ്രക്രിയ ഉപയോഗിക്കപ്പെടാനുള്ള സാധ്യതയും ചെറുതല്ല. ദീർഘകാലമായി സ്ഥിരതാമസമാക്കിയ ചരിത്രമുള്ള കുടുംബങ്ങൾപോലും ആവർത്തിച്ചുള്ള പരിശോധനക്ക് വിധേയരാകേണ്ടിവരുന്നു. അങ്ങനെ ന്യൂനപക്ഷങ്ങളെ ‘പുറത്തുള്ളവർ’ എന്ന കളങ്കിതരാക്കി മാറ്റിനിര്‍ത്താന്‍ ഈ പ്രക്രിയ ഉപയോഗപ്പെടുത്തുന്നു. അത്തരം പ്രക്രിയകൾ മുസ്‍ലിം സമൂഹങ്ങള്‍ക്കിടയിൽ അരക്ഷിതാവസ്ഥ വർധിപ്പിക്കുകയും പൗരത്വം ഭരണഘടനാ അവകാശങ്ങളുമായിട്ടല്ല, മതവുമായി ബന്ധപ്പെട്ടതാണ് എന്ന അവ്യവസ്ഥ വളർത്തുകയും ചെയ്യുന്നു.
നഗരത്തിലെ ദരിദ്രർ, വീടില്ലാത്ത വ്യക്തികൾ, ട്രാൻസ്‌ജെൻഡർ വ്യക്തികൾ എന്നിവർ മറ്റൊരുതരം ഒഴിവാക്കൽ മാനംകൂടി നേരിടുന്നു. അവരുടെ ജീവിതം മാറിക്കൊണ്ടിരിക്കുന്ന സ്വത്വപരത, അനിശ്ചിതമായ തൊഴിൽ, പൊരുത്തപ്പെടാത്ത തിരിച്ചറിയൽ രേഖകൾ, പേരുകളിലോ ലിംഗ അടയാളങ്ങളിലോ ഉള്ള മാറ്റങ്ങൾ എന്നിവ നേരിടുന്നതാണ്. ഇത്തരം അനിവാര്യമായ ദൈനംദിന ജീവിത ദുർബലതകളെ ഒഴിവാക്കലിനുള്ള കാരണങ്ങളാക്കി മാറ്റുന്നതാണ് ഈ പരിഷ്കരണ പ്രക്രിയ. രേഖകള്‍ സൃഷ്ടിക്കുക, പുനര്‍സൃഷ്ടിക്കുക എന്നിവയൊക്കെ കടുത്ത ഉദ്യോഗസ്ഥബന്ധിതമായ കാര്യങ്ങളാണ്. ഇവര്‍ക്ക് പലര്‍ക്കും ഇതെല്ലാം ഇപ്പോഴും തികച്ചും അപ്രാപ്യമാണ്.
കൃത്യമായ ഹിന്ദുത്വ പദ്ധതി
വ്യക്തിഗത ബുദ്ധിമുട്ടുകൾക്കപ്പുറം, ഈ പരിഷ്കരണം ജനാധിപത്യ പൗരത്വത്തിന് വിശാലമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നു എന്ന വസ്തുത തിരിച്ചറിയപ്പെടേണ്ടതുണ്ട്. ഇത് കൂട്ട ഉത്കണ്ഠ, ഭരണകൂടത്തോടുള്ള അവിശ്വാസം, വ്യാപകമായ അരക്ഷിതാവസ്ഥ എന്നിവ സൃഷ്ടിക്കുകയാണ്. പൗരത്വം തുടർച്ചയായ പരീക്ഷണമായി മാറുമ്പോൾ, ദശലക്ഷക്കണക്കിന് ആളുകൾക്ക്, നീണ്ട നിയമയുദ്ധങ്ങളുടെ അപകടസാധ്യതകളാണ് തെളിഞ്ഞുവരുന്നത്. സ്ത്രീവോട്ടര്‍മാരും സമാനമായ വെല്ലുവിളികള്‍ നേരിടുന്നു. അവരുടെ ഡോക്യുമെന്ററി ഐഡന്റിറ്റികൾ പലപ്പോഴും ഭർത്താക്കന്മാരുമായോ, പിതാക്കന്മാരുമായോ, വൈവാഹികബന്ധത്തിലേര്‍പ്പെട്ട കുടുംബങ്ങളുമായോ ബന്ധപ്പെട്ടിരിക്കുന്നു. കൂടാതെ പലർക്കും ജനന സർട്ടിഫിക്കറ്റുകളോ, ഭൂമിരേഖകളോ, സ്വതന്ത്ര സ്വത്തുരേഖകളോ ഉണ്ടാവില്ല.
നേരത്തെയുള്ള വിവാഹങ്ങൾ, ജനനവീടുകളും വിവാഹവീടുകളും തമ്മിലുള്ള മാറ്റങ്ങൾ, പേരുമാറ്റങ്ങൾ എന്നിവ വംശാവലി പ്രമാണങ്ങളെ സങ്കീർണമാക്കുന്നു. എസ്.ഐ.ആർ നടപടിക്രമങ്ങൾ സ്ത്രീകളെ ഘടനാപരമായി ദുർബലമായ സ്ഥാനത്ത് നിർത്തുന്നവയാണ്. അസ്തിത്വം സംശയാസ്പദമാവുന്ന സാഹചര്യം സ്ത്രീകളുടെ പൗരത്വത്തെ ആശ്രിതബദ്ധവും സോപാധികവുമാക്കുന്നു എന്നത് സമരോന്മുഖമായി ഏറ്റെടുക്കപ്പെടേണ്ട മുദ്രാവാക്യംതന്നെയാണ്.
സാരാംശത്തിൽ, എന്താണ് ഇതിലെ ഹിന്ദുത്വ പദ്ധതിയെന്നത് ഇപ്പോള്‍ കൂടുതല്‍ വ്യക്തമാവുകയാണ്. സ്വന്തം സാംസ്കാരിക ദേശീയതയുടെ ദലിത് വിരുദ്ധ, ആദിവാസി വിരുദ്ധ, സ്ത്രീവിരുദ്ധ, ന്യൂനപക്ഷ വിരുദ്ധ വരേണ്യ മാനദണ്ഡങ്ങൾവെച്ചുകൊണ്ട് പൗരത്വം പുനര്‍നിര്‍വചിക്കുക എന്ന പ്രത്യയശാസ്ത്ര ലക്ഷ്യമാണ് ഇപ്പോള്‍ നടപ്പാക്കപ്പെടുന്നത്. പുതിയ രൂപത്തിലുള്ള ‘ഉദ്യോഗസ്ഥ ദേശീയത’ (ബ്യൂറോക്രാറ്റിക് നാഷനലിസം) ഹിന്ദുത്വ സാംസ്കാരിക ദേശീയതയുടെ നിഗൂഢ ലക്ഷ്യങ്ങള്‍ക്കുള്ള മറയായി പ്രവര്‍ത്തിക്കുന്നു. ജീവിച്ചിരിക്കുന്ന ചരിത്രങ്ങളേക്കാൾ പ്രമാണാധിഷ്ഠിത വിശുദ്ധിയും, ജനാധിപത്യപരമായ ഉൾപ്പെടുത്തലിനു മുകളിൽ ഭരണപരമായ അവിശ്വാസവും പ്രതിഷ്ഠിക്കുകയാണ്. പൗരത്വത്തെ സാർവത്രിക അവകാശത്തിൽനിന്ന് ഹിന്ദുത്വ ദേശീയതയുടെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ള അനിശ്ചിതമായ സവിശേഷാവകാശമാക്കി മാറ്റിത്തീര്‍ക്കുന്ന, പൗരത്വം ഹിന്ദുത്വം നല്‍കുന്ന ഔദാര്യമാക്കുന്ന, പരീക്ഷണത്തിന്റെ ആദ്യപടിയാണ് ഈ തീവ്ര പരിഷ്കരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.