കോഴിക്കോട് ജില്ലയിലെ പൂനൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ കെട്ടിട ഉദ്ഘാടന ചടങ്ങിൽ ശിരോവസ്ത്രമണിഞ്ഞ് പൂച്ചെണ്ടുമായെത്തിയ കുട്ടിയെ ചേർത്തു പിടിക്കുന്ന വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
എല്ലാം ഒരു നായ്ക്കുട്ടിയുടെ പേരില്‍’ (All About a Dog) എന്നൊരു ചെറുകഥ എ.ജി. ഗാര്‍ഡിനര്‍ (A.G. Gardiner) എഴുതിയിട്ടുണ്ട്. ലണ്ടനിലെ ഒരു ശീതകാല രാത്രിയില്‍ ദീര്‍ഘദൂരയാത്രക്കുള്ള ബസില്‍ കയറിയ യാത്രക്കാരിയുടെ മടിയില്‍ ചെറിയൊരു നായ്ക്കുട്ടിയെ കണ്ട കണ്ടക്ടര്‍, നിയമം ചൂണ്ടിക്കാട്ടി ബസിന്റെ തണുത്ത അപ്പര്‍ഡെക്കില്‍ പോയിരിക്കാന്‍ അവരോട് ആവശ്യപ്പെടുന്നതാണ് കഥയുടെ ഇതിവൃത്തം. എന്നാല്‍, പ്രിയപ്പെട്ട വളര്‍ത്തുമൃഗത്തെ ആ കൊടുംതണുപ്പില്‍ മരിക്കാന്‍ വിട്ടുകൊടുക്കാന്‍ അവര്‍ തയാറാവുന്നില്ല. ബസ് അപ്പോഴേക്ക് കുറേദൂരം സഞ്ചരിച്ചുകഴിഞ്ഞിരുന്നു. കണ്ടക്ടര്‍ വണ്ടി നിര്‍ത്തിയിടുകയും നായ്ക്കുട്ടിയെ മുകളില്‍ കൊണ്ടുപോയല്ലാതെ ഇനി യാത്ര പുറപ്പെടില്ലെന്ന് ശഠിക്കുകയും ചെയ്യുന്നു. യാത്രക്കാര്‍ അയാളോട് തങ്ങള്‍ക്ക് ഈ ചെറിയമൃഗം അവരുടെ മടിയിലിരിക്കുന്നതില് പ്രശ്നമൊന്നുമില്ലെന്ന് അനുനയിപ്പിക്കുന്നുണ്ട്. എന്നാല്‍, അതൊന്നും കേള്‍ക്കാന്‍ അയാള്‍ തയാറാവുന്നില്ല. രോഗിയും അവശയുമായ ആ സ്ത്രീ മുകളിലേക്ക് പോയിട്ടേ അയാള്‍ വണ്ടിവിടുന്നുള്ളൂ. മുഴുവന്‍ യാത്രക്കാരുടെയും വെറുപ്പാണ് അയാള്‍ക്ക് കിട്ടുന്നത്.
ചെറിയ നിയമങ്ങള്‍, പല സൗകര്യങ്ങളുടെയും പേരില്‍ നാം ഉണ്ടാക്കിവെക്കാറുണ്ട്. എന്നാല്‍, അവ പാലിക്കുന്നത് അക്ഷരാര്‍ഥത്തില്‍ ആവരുതെന്നും മാനുഷിക പരിഗണനകളോടെ വേണമെന്നുമാണ് ഗാര്‍ഡിനര്‍ പറയുന്നത്. പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂൾ അധികൃതര്‍, എട്ടാം ക്ലാസുകാരിയായ വിദ്യാര്‍ഥിനി ആർട്സ് ഡേക്ക് സ്കൂളില്‍ ഹിജാബ് ധരിച്ചതിനെക്കുറിച്ചുണ്ടാക്കിയ പുകിലുകള് ആ ചെറിയ യൂനിഫോം ലംഘനത്തെക്കാളും വലിയ സിവില്‍ സംസ്കാരരാഹിത്യമായി എന്നത് ഭാവികേരളത്തെക്കുറിച്ചുതന്നെ ചില ആശങ്കകള്‍ ഉയര്‍ത്തുന്നുണ്ട്.
പ്രിന്‍സിപ്പല്‍ ഹെലീന ആല്‍ബിയുടെ നിലപാടുകളിലെ സങ്കുചിതത്വം ഇപ്പോഴത്തെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ തിരിച്ചടി ഉണ്ടാക്കുന്നതാണ്. കുട്ടികള്‍ ഗേറ്റ് കടക്കുമ്പോള്‍തന്നെ ഹിജാബ് അഴിച്ചുമാറ്റി ബാഗിൽവെച്ച് ക്ലാസില്‍ കയറേണ്ട ഒരു സ്കൂളാണ് സെന്റ് റീത്താസ് സ്കൂള്‍. അത് കുട്ടി കൃത്യമായി പാലിക്കുകയും ചെയ്തിരുന്നു. അന്നേദിവസം ക്ലാസിന് പുറത്തുള്ള പൊതുപരിപാടി ആയതുകൊണ്ടാണ് കുട്ടി ഹിജാബ് അഴിച്ചുമാറ്റാതിരുന്നത്. അത് ഒരു വലിയ അപരാധമായി കണ്ടതാണ് പ്രശ്നത്തിന് വഴിതെളിച്ചത്. എന്നാല്‍, കേരളംപോലെയുള്ള സമൂഹത്തില്‍-ഉത്തരേന്ത്യയില്‍ ശിരോവസ്ത്രം അഴിപ്പിച്ചും മുഖത്തടിച്ചും ഹെലീനെയെപ്പോലെ പുരോഹിതകളായ വിശ്വാസിനികളെ അപമാനിക്കുന്ന ഓരോ സാഹചര്യത്തിലും ഒപ്പംനില്‍ക്കുകയും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്ന കേരളത്തില്‍-ഒരു ശിരോവസ്ത്രവിവാദം സൃഷ്ടിക്കാതിരിക്കാന്‍ ശ്രദ്ധിക്കാനുള്ള ബാധ്യത ലത്തീന്‍ കത്തോലിക്കാ വിശ്വാസികള്ക്കുമുണ്ടെന്നാണ് എന്റെ ധാരണ. നമ്മള് ന്യൂനപക്ഷവിശ്വാസങ്ങള് സംരക്ഷിക്കാന്‍ ഒന്നിച്ചുനില്‍ക്കേണ്ടവരാണ് എന്നൊരു ബോധം ഹെലീനയുടെ പ്രതികരണത്തില്‍ കണ്ടില്ല. അങ്ങനെ ഒന്നിച്ചുനിന്ന ചരിത്രത്തിന്റെ ഓർമകള്‍ കണ്ടില്ല. മാധ്യമങ്ങളുടെ മുമ്പില്‍ ഹെലീന ഉപയോഗിച്ച ഇംഗ്ലീഷിലും മലയാളത്തിലും (എഴുതി വായിച്ചതിൽപോലും) വലിയ പിശകുകള്‍ ഉണ്ടായിയെന്നത് ആ സ്കൂളിന്റെ നിലവാരത്തെക്കുറിച്ച് സൃഷ്ടിച്ച അവമതിപ്പിനെക്കാള് എത്രയോ വലുതാണ് കുട്ടി ഹിജാബ് ധരിക്കുന്നത് മറ്റു കുട്ടികള്‍ക്കും അധ്യാപികമാര്‍ക്കും ഭയമുണ്ടാക്കുന്നു എന്ന പ്രസ്താവനമൂലം ഉണ്ടായത്. എല്ലാവരും ജാതി-മതഭേദമന്യേ കുട്ടിക്കാലംമുതല്‍ ഹിജാബ് ധരിച്ച നൂറുകണക്കിന് മറ്റു കുട്ടികളെയും അയല്‍ക്കാരെയും കുടുംബ സുഹൃത്തുക്കളെയും നിരന്തരം കാണുകയും അവരുമായി അടുത്തിടപെടുകയും ചെയ്യുന്ന കേരളത്തില്‍ ഇങ്ങനെയൊരു പ്രസ്താവന സൃഷ്ടിക്കുന്ന വിഭാഗീയതയെക്കുറിച്ച് ബോധമില്ലാതിരിക്കുക എന്നതാണ് വ്യാകരണവും ഉച്ചാരണവും ഒട്ടുമറിയാതിരിക്കുക എന്നതിനെക്കാള്‍ ഒരു പ്രിന്‍സിപ്പലിന്റെ നിരക്ഷരതയുടെ കാര്യത്തില്‍ നമ്മെ വേദനിപ്പിക്കുക.
എല്ലാ വര്‍ഷവും ഹിജാബും നിഖാബും ധരിച്ച കുട്ടികള്‍ എന്റെ ക്ലാസിലുണ്ടാവും. ഇതുവരെ ഒരു പ്രശ്നവും അത് സൃഷ്ടിച്ചിട്ടില്ല. പഠനത്തിലോ പഠനേതരകാര്യങ്ങളിലോ ഒരു വ്യത്യാസവും അതുണ്ടാക്കുന്നില്ല. ഇത്തരം കടുത്ത സങ്കുചിതത്വം ആരു വെച്ചുപുലര്‍ത്തിയാലും അത് ന്യൂനപക്ഷ ഐക്യത്തെയും ജനാധിപത്യ സാമൂഹികതയേയും ബാധിക്കും എന്ന ബോധ്യം എല്ലാവര്ക്കും ആവശ്യമാണ്. ഹെലീനയുടെ ഇംഗ്ലീഷ് വാചകങ്ങളും വ്യാകരണവും തെറ്റിയാല്‍ അത് വലിയ കാര്യമല്ല. ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നില്ലെങ്കില്‍ കുട്ടികളെയും ബാധിക്കില്ല. പക്ഷേ, അതിന്റെ അക്രമാസക്തമായ ഉള്ളടക്കം-ഒരു പാൻ ഇന്ത്യന്‍ ഭൂരിപക്ഷ മതബോധത്തിന് ആഘോഷിക്കാന്‍ പരുവത്തില്‍ തയാര്‍ചെയ്ത ഉള്ളടക്കം ഞെട്ടിക്കുന്നതാണ്. സമകാലിക ഇന്ത്യ നേരിടുന്ന ന്യൂനപക്ഷ വിരുദ്ധതയുടെ ആഴങ്ങളെ അവഗണിച്ചുകൊണ്ട് എട്ടാം ക്ലാസുകാരിക്കെതിരെ ഹിജാബിന്റെ പേരില്‍ ആഞ്ഞടിക്കുന്ന സമീപനം അഭിലഷണീയമല്ല എന്നത് രാഷ്ട്രീയമായി മനസ്സിലാക്കപ്പെടേണ്ടതുണ്ട്. ഈ പിടിവാശിയില്‍നിന്ന് പുരോഹിത എന്ന സ്നേഹസമര്പ്പിത ജീവിതത്തില്‍ താന്‍ എന്തുനേടിയെന്ന് ദൈവസന്നിധിയില്‍ ആത്മപരിശോധന നടത്താന്‍ ഹെലീന ആല്‍ബി തയാറാവുമെന്ന് ഞാന്‍ പ്രത്യാശിക്കുകയാണ്.
എല്ലാ ദിവസവും ഹിജാബ് അഴിച്ചുവെച്ചാണ് കഴിഞ്ഞ നാലുമാസവും കുട്ടി പഠിച്ചിരുന്നത് എന്ന് പ്രിൻസിപ്പല്‍തന്നെ സമ്മതിക്കുന്നുണ്ട്. അപ്പോള്‍ പൊതുപരിപാടി നടക്കുന്ന ദിവസം തനിക്കത് അഴിക്കേണ്ടെന്ന് വിചാരിച്ചതിന് പിന്നില്‍ വിശ്വാസം കുട്ടിക്ക് പ്രധാനമാണെന്ന് തെളിയുന്നുണ്ട്. ക്ലാസില്ലാത്തതിനാല്‍ ഇതൊരു പ്രശ്നമാവില്ല എന്നാണ് കുട്ടി ഓര്‍ത്തതെന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയും. അതഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കുട്ടി അനുസരിക്കുകയും ചെയ്തു. എന്നാല്‍, അവിടെവെച്ച് അത് അവസാനിപ്പിക്കാതെ കുട്ടിയെ ഒരു റൂമില്‍ മറ്റു അധ്യാപികമാരെ കാവല്‍നിര്‍ത്തി മാറ്റിയിരുത്തുകയും രക്ഷിതാവിനെ വിളിപ്പിച്ചു കുട്ടി എന്തോ മഹാപരാധം ചെയ്തു എന്ന് ശകാരിക്കുകയും ചെയ്തതാണ് ഈ വിഷയം ഇത്രയും കാലുഷ്യപൂർണമാവാന് കാരണമെന്നതും ഇതുവരെയുള്ള സ്കൂളിന്റെതന്നെ ആഖ്യാനങ്ങളില്‍നിന്ന് മനസ്സിലാക്കാന്‍ കഴിയും. രക്ഷിതാവ് സാമ്പത്തികമായി ബുദ്ധിമുട്ടുന്ന ബോട്ട് ജീവനക്കാരനാണ്.
എന്നാല്‍, തന്റെ പെണ്മക്കൾക്ക് ഉന്നതവിദ്യാഭ്യാസം ലഭ്യമാക്കുന്നതില്‍ ശ്രദ്ധാലുവായ ഒരു ഉല്പതിഷ്ണുവും സ്നേഹധനനുമാണ് അദ്ദേഹം. ഇതെല്ലാം മധ്യവർഗവികാരങ്ങള് മാത്രമാണെന്ന് ധരിച്ചുവശായ ചിലരെങ്കിലും ഇപ്പോഴുമുണ്ട് എന്നത് ലജ്ജാകരമാണ്. കുട്ടിയുടെ ജ്യേഷ്ഠസഹോദരിമാര് ഇന്ത്യക്ക് പുറത്ത് ഉന്നതവിദ്യാഭ്യാസം ചെയ്യുന്നവരാണ് എന്നത് തീര്‍ച്ചയായും സ്കൂളിനും അറിയാവുന്ന കാര്യമാണ്. അങ്ങനെയുള്ള വിചാരശേഷിയുള്ള പിതാവിനെ വിളിച്ചുവരുത്തി വിചാരണചെയ്യുക എന്ന കടുത്ത അപരാധത്തിലേക്ക് സ്കൂള്‍ ഒരിക്കലും കടക്കരുതായിരുന്നു. ഞാന്‍ സ്കൂളിലെ അധ്യാപകരുടെ പട്ടിക നോക്കി. എല്ലാവരുംതന്നെ ക്രിസ്ത്യന്‍ നാമധാരികളാണ്. ഇത് യാദൃശ്ചികമാവില്ലെന്ന് നമുക്കറിയാം. പലരും പുരോഹിതമാരാണ്. കുട്ടിയോ രക്ഷിതാവോ ഇതൊരു പ്രശ്നമായി കാണാത്തവരാണ്; വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്നവരാണ്. ഒറ്റദിവസത്തേക്ക് കുട്ടിയെടുത്ത ഒരു ചെറിയ സ്വാതന്ത്ര്യത്തെയാണ് നാം കുത്തിക്കുത്തി പുണ്ണാക്കുന്നതെന്ന് സ്കൂള്‍ തിരിച്ചറിയാതെപോയത് കേരളീയസമൂഹത്തിനുണ്ടാക്കിയ ആഘാതം ചെറുതല്ല.
ഈ പ്രശ്നമുണ്ടായപ്പോള്‍ ഏറ്റവും മികച്ച നിലപാട് കൈക്കൊണ്ടത് വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയാണ് എന്നത് എടുത്തുപറയേണ്ട കാര്യമാണ്. കേരളത്തിന്റെ പൊതുബോധത്തില്‍ അതുണ്ടാക്കിയ സമാശ്വാസം വാക്കുകള്‍ക്കതീതമാണ്. ഒരു രാഷ്ട്രീയനേതാവ് എടുക്കുന്ന എല്ലാ നിലപാടുകളോടും നമ്മള് യോജിച്ചെന്ന് വരില്ല. പക്ഷേ, ഉന്നതമായ മാനുഷികബോധത്തോടെ അവര്‍ ഒരു പ്രശ്നത്തില്‍ പ്രതികരിക്കുമ്പോള്‍ അതിന്റെ ഗുണഭോക്താക്കള്‍ ഒരു സമൂഹം മുഴുവനുമാണ് എന്ന കാര്യം അംഗീകരിക്കാതിരിക്കാനാവില്ല. സംഭവമുണ്ടായ ഉടന്‍തന്നെ ഒരു ഉന്നത ഉദ്യോഗസ്ഥനെ അന്വേഷണത്തിന് നിയോഗിക്കുക, അദ്ദേഹം നല്കിയ റിപ്പോര്‍ട്ടില്‍ തെളിഞ്ഞ സ്കൂളിന്റെ ഭാഗത്തുനിന്നുണ്ടായ അക്ഷന്തവ്യമായ തെറ്റിനെ മൂടിവെക്കാന്‍ ശ്രമിക്കാതെ തന്റെ നിലപാട് തുറന്നുപറയുക, താന്‍ കുട്ടിയോടൊപ്പമാണെന്ന് അർഥശങ്കയില്ലാതെ പ്രസ്താവിക്കുക, കുട്ടിക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് സ്കൂളായിരിക്കും ഉത്തരവാദി എന്നകാര്യം ധീരമായി ചൂണ്ടിക്കാട്ടുക-ഇതെല്ലാം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി. ഔദ്യോഗികമായി പ്രതികരിക്കാന്‍ കാലതാമസമുണ്ടായ പ്രതിപക്ഷത്തെപ്പോലും വിമര്‍ശിക്കാനല്ല, അവര്‍ക്ക് ഇതില്‍ നിഗൂഢതാൽപര്യമുണ്ടാവില്ല എന്നുപറഞ്ഞ് ഒരു ചാനല്‍ അഭിമുഖത്തില്‍ വിശാലമായ സമവായത്തിന് അദ്ദേഹം ശ്രമിച്ചത് കക്ഷിരാഷ്ട്രീയ പരിഗണനകള്‍പോലും മാറ്റിവെച്ചുകൊണ്ടാണ്. കോടതിയാവട്ടെ, മന്ത്രിയുടെ ഈ നിലപാടിനെ അംഗീകരിക്കുകയാണ് ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥന് കൊടുത്ത റിപ്പോര്‍ട്ട് കോടതി സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചത് വിദ്യാഭ്യാസവകുപ്പിന്റെ ഇടപെടലിനെ ശരിവെക്കുന്നതായിരുന്നു. സ്കൂള്‍ മാനേജ്മെന്റിന്റെ അവകാശങ്ങളെക്കുറിച്ചുള്ള 2018ലെ കോടതിവിധി ചൂണ്ടിക്കാട്ടിയ അവതാരകനോട് അദ്ദേഹം പറഞ്ഞ മറുപടിയും എ.ജി. ഗാര്‍ഡിനര്‍ തന്റെ കഥയില്‍ നല്കിയ ഉപദേശത്തിന് സമാനമായിരുന്നു.
ഈ സംഭവം വെളിവാക്കുന്നത്, സമകാലിക സന്ദര്‍ഭത്തില്‍ പള്ളുരുത്തിയിലെ സ്കൂളായാലും ക്രൈസ്തവ സഭാനേതൃത്വമായാലും തിരിച്ചറിയേണ്ടത് ഇന്നത്തെ ഇന്ത്യ ആവശ്യപ്പെടുന്ന, ന്യൂനപക്ഷ ഐക്യത്തിൽകൂടി ഊന്നിയ വിശാലമായ ജനാധിപത്യരാഷ്ട്രീയമാണ് എന്നതാണ്. അതുണ്ടാവാതെപോയാല് പ്രത്യാഘാതങ്ങള്‍ ആപത്കരമായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.