ശ്രീനിവാസന്റെ വിയോഗം മലയാളസിനിമയിലെ ഒരു യുഗത്തിന്റെ അന്ത്യം കുറിക്കുന്നു എന്നത് കേവലം അതിശയോക്തിയല്ല. നർമം അതിന്റെ ഏറ്റവും മര്‍മഭേദിയായ സൂക്ഷ്മതയില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതാണ് മറ്റെന്തിനെക്കാളും അദ്ദേഹത്തെ മലയാളസിനിമാരംഗത്ത് ഒരു ഐക്കണായി ഉയര്‍ത്തിയത്. നാം കാണാതെപോയ മനുഷ്യാവസ്ഥകളെ, സാമൂഹികാവസ്ഥകളെ, വ്യക്തിപരമായ ഐറണികളെ നമ്മുടെ മുന്നിലേക്ക് ഹാസ്യമായി പുനരവതരിപ്പിക്കുന്നതിനുള്ള അസാധാരണമായ കഴിവായിരുന്നു അദ്ദേഹത്തിന്റെ വാങ്മയത്തിന്റെ സവിശേഷത. നടന് എന്നനിലയില്‍ ശരീരംകൊണ്ടും, എഴുത്തുകാരന് എന്നനിലയില്‍ ശൈലികൊണ്ടും അദ്ദേഹം നമ്മെ തന്റെ സവിശേഷമായ നര്മരൂപകങ്ങളുടെ ധാരാളിത്തത്താല്‍ അമ്പരപ്പിച്ചുകൊണ്ടിരുന്നു.
തന്റെ തലമുറയിലെ മറ്റേതൊരു സര്‍ഗാത്മക വ്യക്തിത്വത്തെക്കാളും കേരളത്തിന്റെ ദൈനംദിനഭാഷയിലേക്ക് സംക്രമിച്ച വാക്യങ്ങളും പ്രയോഗങ്ങളും ശ്രീനിവാസന്റെ സംഭാവനകളാണ്. അദ്ദേഹം എഴുതിയ പല സംഭാഷണങ്ങളും സിനിമാശാലകളിൽനിന്ന് ചായക്കടകളിലേക്കും കോളജ് ഇടനാഴികളിലേക്കും കുടുംബ സ്വീകരണമുറികളിലേക്കും എളുപ്പത്തിൽ വഴുതിവീഴുകയും ദൈനംദിന സംഭാഷണങ്ങളിൽ, ട്രോളുകളില്‍, സ്കിറ്റുകളില് എന്തിന് മറ്റു സിനിമകളിൽപോലും നിരന്തരം ആവര്‍ത്തിക്കപ്പെടുകയും ചെയ്യുന്നു. തന്റെ വാക്കുകള്‍ ഇങ്ങനെ മലയാളികളെക്കൊണ്ട് അനവരതം ഏറ്റുപറയിപ്പിക്കാന് കഴിഞ്ഞുവെന്നത് അദ്ദേഹത്തിന്റെ ഹാസ്യത്തിന്റെ ആന്തരികമായ, എന്നാല്‍ ഏറെ പ്രശ്നഭരിതമായ, മലയാളിത്തം കൊണ്ടായിരുന്നു.
നമുക്ക് പറയാന്‍ ഭാഷയില്ലാതിരുന്ന അമൂര്‍ത്തമായ ഐറണികളാണ് അനര്‍ഗളം അദ്ദേഹത്തിന്റെ തൂലികയില്‍നിന്ന് വാര്‍ന്നുവീണത്. നര്‍മം എന്ന അബോധം മൂർച്ചയുള്ളതും സ്വയം പരിഹസിക്കുന്നതും സാഹചര്യത്തെ അടിസ്ഥാനമാക്കിയുള്ളതും അസ്വസ്ഥത ഉളവാക്കുന്നതും ചിന്തിപ്പിക്കുന്നതും നിസ്സാരതകളില്‍നിന്ന് കണ്ടെടുക്കപ്പെടുന്നവയും ഒക്കെയായിരുന്നു അദ്ദേഹത്തിന്റെ നര്‍മം. നമ്മെ ഏതെല്ലാമോ തരത്തില്‍ സ്വയം തുറന്നുനോക്കാന്‍, തുരന്നുനോക്കാന്‍ പ്രേരിപ്പിക്കുക ആ ഹാസ്യവ്യവസ്ഥയുടെ ലക്ഷ്യമായിരുന്നു. സ്ലാപ്സ്റ്റിക്ക് കോമഡികളില്‍നിന്ന് വ്യത്യസ്തമായി അദ്ദേഹത്തിന്റെ നർമം സ്വഭാവം, സന്ദർഭം, വൈരുധ്യം എന്നിവയിൽ അധിഷ്ഠിതമായിരുന്നു. ദൈനംദിന ജീവിതത്തിലെ അസ്വസ്ഥതകളിൽനിന്നും മധ്യവർഗത്തിന്റെ നിസ്സാരമായ ഉത്കണ്ഠകളിൽനിന്നും അധികാരം, പണം, ജാതി, മാന്യത, ശാരീരികശക്തി എന്നിവയുമായി നാമുണ്ടാക്കുന്ന വിട്ടുവീഴ്ചകളിൽനിന്നും അദ്ദേഹം നര്‍മം സൃഷ്ടിച്ചുകൊണ്ടിരുന്നു. ഫ്രോയിഡിന്റെ ഒരു നിഗമനം, തമാശകൾ അബോധത്തിന്റെ തലത്തിലാണ് പ്രവര്‍ത്തിക്കുന്നത് എന്നതായിരുന്നു. അടിച്ചമർത്തപ്പെട്ട ആഗ്രഹങ്ങൾ, ആക്രമണാത്മക പ്രേരണകൾ, വിലക്കപ്പെട്ട ചിന്തകൾ എന്നിവ സാമൂഹികമായി സ്വീകാര്യമായ രൂപത്തിൽ ഉയർന്നുവരാൻ അവയിലൂടെ അനുവദിക്കപ്പെടുന്നു.
തമാശ ഭാഷക്കുള്ളിൽതന്നെയാണ് പ്രവർത്തിക്കുന്നത്. ആ അർഥത്തില്‍ ശ്രീനിവാസന്റെ തമാശകള്‍ ഭാഷക്കുള്ളില്നിന്ന് കണ്ടെടുത്ത് അദ്ദേഹം ഭാഷയിലേക്ക് പകര്‍ത്തിയവയായിരുന്നു. ‘ഫലിതബിന്ദു’വിലെ ഫലിതരാഹിത്യത്തില്നിന്ന് ഫലിതം സൃഷ്ടിച്ച് ദശാബ്ദങ്ങളോളം നമ്മെ ചിരിപ്പിക്കുന്നു എന്നത് നിസ്സാരമായ നർമഭാവനയല്ല. നർമം എന്ന പ്രത്യയശാസ്ത്രം എന്നാല്‍ നിർദോഷമായ, നിഷ്കളങ്കമായ ഹാസ്യം എന്നൊന്നില്ല എന്നത് ശ്രീനിവാസനും ബാധകമായ കാര്യമായിരുന്നു. ഇടതുപക്ഷത്തിൽനിന്നാണ്, പ്രത്യേകിച്ച് കേരളത്തിലെ കമ്യൂണിസ്റ്റ് വൃത്തങ്ങളിൽനിന്നാണ് പ്രധാന വിമർശനങ്ങള്‍ ഉയര്‍ന്നുവന്നത്. പാർട്ടി നേതാക്കളെയും കേഡർമാരെയും ട്രേഡ് യൂനിയൻ സംസ്കാരത്തെയും ആചാരപരമായ വിപ്ലവ വാചാടോപങ്ങളെയും ലക്ഷ്യംവെച്ചുള്ള ശ്രീനിവാസന്റെ നിരന്തരമായ പരിഹാസം അദ്ദേഹത്തിന് ‘അരാഷ്ട്രീയ പിന്തിരിപ്പൻ’ എന്ന ലേബൽ നേടിക്കൊടുത്തു. പ്രത്യയശാസ്ത്ര പ്രഖ്യാപനങ്ങൾക്കും ജീവിച്ചിരിക്കുന്ന രീതികൾക്കും ഇടയിലുള്ള വിടവിനെ, പ്രത്യേകിച്ച് സമത്വപ്രസ്ഥാനങ്ങളിൽ അധികാരം പുനർനിർമിക്കുന്ന രീതിയെ അദ്ദേഹത്തിന്റെ സിനിമകൾ പലപ്പോഴും പരിഹസിച്ചു.
പക്ഷേ, അതിനൊരു മറുപുറമുണ്ട്. ‘സന്ദേശം’ എന്ന സിനിമയാണ് ‘ശ്രീനിവാസന്’ എന്ന വിഗ്രഹഭഞ്ജകനെ സൃഷ്ടിച്ചത്. ഉദയനോ സരോജ്കുമാറിനോ ഒന്നും അത്രയും വലിയ ആഘാതം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രഭാകരൻ, പ്രകാശൻ എന്നീ സഹോദരന്മാര് കമ്യൂണിസ്റ്റ്-കോൺഗ്രസ് ചേരികളില്‍നിന്ന് പരസ്പരം അപഹസിക്കുന്ന കഥയായിരുന്നു ‘സന്ദേശം’. കെ.ജി. പൊതുവാൾ എന്ന മണ്ഡലം പ്രസിഡന്റും യശ്വന്ത് സഹായി എന്ന ഹൈകമാൻഡ് പ്രതിനിധിയും ഒരുവശത്തും കുമാരപിള്ള എന്ന ഇടതുപക്ഷനേതാവും പ്രഭാകരന് എന്ന അനുയായിയും മറുവശത്തുമായി സൃഷ്ടിച്ച കാരിക്കേച്ചര്‍ പക്ഷേ ഇടതുപക്ഷത്തെ ആക്ഷേപിക്കുന്നതിനാണ് കൂടുതലായി ഉപയോഗിക്കപ്പെട്ടത്. ഇതിന്റെ കാരണം പൊതുവാളും സഹായിയും മലയാളി പൊതുബോധത്തിന് ചിരപരിചിതരും കുമാരപിള്ളയും പ്രഭാകരനും ഹാസ്യവത്കരിക്കാനുള്ള അസംസ്കൃത വിഭവങ്ങളുമായിരുന്നു എന്നതാണ്. ഇടതുപക്ഷത്തിന്റെ ഒരു തെരഞ്ഞെടുപ്പ് പരാജയവും സിനിമയിലെ പരിഹാസവുമായി ചേരുന്നരീതിയില്‍ വിലയിരുത്തപ്പെട്ടിട്ടില്ല എന്ന് നമുക്കറിയാം. വിശകലനങ്ങളിലെ സൈദ്ധാന്തികത ജനങ്ങള്‍ക്ക് മനസ്സിലാകാതിരുന്നിട്ടില്ല. പോളണ്ടിനെക്കുറിച്ച് മിണ്ടരുതെന്ന് ആരും പറഞ്ഞിട്ടില്ല. ശ്രീനിവാസന് പക്ഷേ ഈ ഹാസ്യം കൃത്രിമമായി സൃഷ്ടിച്ചതുകൊണ്ടാണ് അത് കൊണ്ടാടപ്പെട്ടതും വിമർശിക്കപ്പെട്ടതും. കോൺഗ്രസില്‍ നിറയെ പൊതുവാള്‍മാരും സഹായിമാരും പ്രകാശന്മാരും ഉണ്ടായിരുന്നു. അവരെ ജനങ്ങള്‍ക്ക് അറിയാമായിരുന്നു. സിനിമയില്‍ തങ്ങള്‍ക്കെതിരെ ഒന്നുമില്ലെന്ന് നിഷ്കളങ്കമായി അവര്‍ക്കുപോലും വിശ്വസിക്കാന്‍ കഴിയുന്നത്ര സുതാര്യമാണ് ആ ഹാസ്യം. കെ. സുധാകരന് ടി.വിയില്‍ സന്ദേശം സിനിമ കണ്ടു പുഞ്ചിരിക്കുന്ന വിഡിയോ കഴിഞ്ഞ ദിവസവും ഒരു സുഹൃത്ത് പങ്കുവെച്ചിരുന്നു. എന്നാല്‍, കമ്യൂണിസ്റ്റ് വ്യവഹാരം അങ്ങനെയല്ല എന്ന പൊതുബോധത്തെ കീറിമുറിക്കുകയാണ് ഈ കോമാളിവത്കരണത്തിലൂടെ ശ്രീനിവാസന് ചെയ്തത്. നിത്യപരിചയത്തില്നിന്നുമെടുത്ത ഉദാരഹാസ്യം മറയ്ക്കപ്പെടുകയും സത്യത്തില്നിന്നോ ഭാഗികമായ സത്യത്തില്നിന്നോ എടുത്തത് ആര്‍പ്പുവിളികളോടെ സ്വീകരിക്കപ്പെടുകയും ചെയ്തു. കുമാരപിള്ള പറയുന്ന വിശകലന വിഡ്ഢിത്തം ഒരു ഇടതുനേതാവും ഒരിക്കലെങ്കിലും പറഞ്ഞിട്ടുള്ളതല്ല. പറയാനുമിടയില്ല. അതിനാൽതന്നെ, ഇടതുപക്ഷത്തെയോ കോൺഗ്രസ് പാരമ്പര്യത്തെയോ അദ്ദേഹത്തിന്റെ ആക്ഷേപഹാസ്യം ഒഴിവാക്കിയില്ല എന്നത് സത്യമാണെങ്കിലും കൂടുതല്‍ പ്രതിരോധാത്മകമായി പ്രതികരിച്ചത് ഇടതുപക്ഷമായിരുന്നു. ആ വിമര്‍ശനം ഒരുപടികൂടി കടന്ന്, സിനിമയുടെ പ്രത്യക്ഷത്തിലുള്ള അരാഷ്ട്രീയതയുടെ വിമര്‍ശനമായി മാറുകയുംചെയ്തു.
ശ്രീനിവാസന്റെ തിരക്കഥകൾ-ചിലപ്പോൾ അദ്ദേഹത്തിന്റെ സ്വന്തം ഓൺ-സ്ക്രീൻ ശരീരംതന്നെ-കീഴാള ജീവിതങ്ങളെ തരംതാഴ്ത്തുന്ന സ്റ്റീരിയോടൈപ്പുകൾ ശക്തിപ്പെടുത്തുന്നുവെന്ന് ആവർത്തിച്ച് ആരോപിക്കപ്പെട്ടിട്ടുണ്ട്. പാർശ്വവത്കരിക്കപ്പെട്ട ശരീരങ്ങൾ, ഉച്ചാരണങ്ങൾ, ആഗ്രഹങ്ങൾ, ജീവിതസാഹചര്യങ്ങൾ, കീഴാളത്തത്താല് അടയാളപ്പെടുത്തപ്പെടുന്ന തുച്ഛമായ കൗടില്യങ്ങള്‍ എന്നിവയുടെ അതിശയോക്തി കലർന്നതും പുച്ഛം ജനിപ്പിക്കുന്നതുമായ ചിത്രീകരണത്തിൽനിന്നാണ് അദ്ദേഹത്തിന്റെ നർമം പലപ്പോഴും ഊർജം നേടിയതെന്നത് ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. ജാതി, വർഗം, വൈകല്യം, നോൺ-നോർമേറ്റീവ് പുരുഷത്വം എന്നിവ ചിലപ്പോൾ ധാർമിക ഇടപഴകലിന്റെ തലത്തിനപ്പുറം പരിഹാസത്തിന്റെ വിഷയികളായി വിവർത്തനം ചെയ്യപ്പെടുന്നു. ദലിത്, ഫെമിനിസ്റ്റ്, പോസ്റ്റ്യുമാനിസ്റ്റ് വീക്ഷണങ്ങൾ രൂപപ്പെടുത്തിയ സമകാലിക വിമർശനാത്മക വിചാര മാതൃകകളില്‍നിന്ന്, ഈ സന്ദര്‍ഭങ്ങള്‍ നിഷേധിക്കാനാവാത്തവിധം അസ്വാസ്ഥ്യജനകങ്ങളാണ്. റിയലിസവും ആക്ഷേപഹാസ്യവും നീതിയുടെ ഉറപ്പുകളല്ലെന്നും ചിരിക്ക് പ്രത്യയശാസ്ത്രപരമായി പ്രതീകാത്മകഹിംസയുടെ ഒപ്പംനിൽക്കാൻ കഴിയുമെന്നും പല ശ്രീനിവാസന്റെ ബൗദ്ധികനര്മങ്ങളും നമ്മെ ഓർമിപ്പിക്കുന്നു.
സിനിമാലോകത്തിന് പുറത്ത്, ശ്രീനിവാസൻ തന്റെ പൊതുനിലപാടുകളിലൂടെയും വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. ജൈവകൃഷിയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടുകളും ചില ശാസ്ത്രസാങ്കേതിക ഇടപെടലുകളോടുള്ള അദ്ദേഹത്തിന്റെ സംശയവും യുക്തിവാദി, ശാസ്ത്രസമൂഹങ്ങളിൽനിന്നുള്ള വിമർശനത്തിന് കാരണമായിട്ടുണ്ട്. ഈ നിലപാടുകൾ അദ്ദേഹത്തിന്റെ പൊതുവ്യക്തിത്വത്തെ കൂടുതല്‍ സങ്കീർണമാക്കി. ഇത്തരം വിശകലനങ്ങളില്‍ പലപ്പോഴും അദ്ദേഹംതന്നെ സിനിമയില്‍ സൃഷ്ടിച്ച ഏതോ കാരിക്കേച്ചര്‍പോലെ സ്വയംപെരുമാറുന്ന പ്രതീതിയാണ് സൃഷ്ടിക്കപ്പെട്ടത്.
എന്നാല്‍, ഒരു കാര്യം നാം വിസ്മരിച്ചുകൂടാ. കേരളത്തിന്റെ സാംസ്കാരികചരിത്രത്തിൽ ശ്രീനിവാസന്റെ സ്ഥാനം ആത്യന്തികമായി ഉറപ്പിക്കുന്നത് വൈരുദ്ധ്യങ്ങളുടെ അഭാവമല്ല, അവയുടെ സാന്ദ്രതയാണ്. അദ്ദേഹം ഒരു പുരോഗമന ഐക്കണോ ലളിതമനസ്കനായ യാഥാസ്ഥിതികനോ ആയിരുന്നില്ല. മാറിക്കൊണ്ടിരുന്ന ഒരു സമൂഹത്തിന്റെ പിരിമുറുക്കങ്ങൾ ഉൾക്കൊള്ളുന്ന സർഗാത്മക പ്രതിഭയായിരുന്നു അദ്ദേഹം. നൈതികബദലുകൾ സങ്കൽപിക്കാൻ പരാജയപ്പെട്ടപ്പോഴും, തങ്ങളെക്കുറിച്ചുള്ള അസുഖകരമായ സത്യങ്ങളെ അഭിമുഖീകരിക്കാൻ അദ്ദേഹത്തിന്റെ സിനിമ പ്രേക്ഷകരെ നിർബന്ധിച്ചു. കാഴ്ചക്കാരുടെ തലമുറകൾ അദ്ദേഹത്തിന്റെ സംഭാഷണങ്ങൾ ഉദ്ധരിക്കുന്നത് സാക്ഷ്യപ്പെടുത്തുന്ന ഒരു വസ്തുതയുണ്ട്- അവ പഴമൊഴികളായി ഭാഷയില്‍ കലര്‍ന്നിരിക്കുന്നു എന്നതാണത്.
അദ്ദേഹത്തിന്റെ സംഭാവനകളുടെ സാകല്യം എന്തായിരുന്നുവെന്ന് നിര്‍വചിക്കുക എളുപ്പമല്ല. എന്നാല്‍ ഒന്നുണ്ട്: അസുന്ദരനെന്ന് സ്വയം നിന്ദിച്ചുകൊണ്ട്, താന്‍ കുഴിച്ച കുഴിയില്‍ എപ്പോഴും വീഴുന്ന പടുവിഡ്ഢിയായി, കുടിലചിത്തനായ കീഴാളനായി, ‘അഭിജാത’ നായികാസ്വത്വങ്ങളുടെ നിത്യതിരസ്കൃത കാമുക ദേഹമായി, നിരന്തരം നിന്ദാര്ഹനായി സ്വയംമാറിയ അനേകം പ്രതിനിധാനങ്ങളിലൂടെ, ‘താന്‍ അയാളല്ല’ എന്ന് കേരളീയ പുരുഷബോധത്തെ വിശ്വസിപ്പിക്കുക എന്നൊരു ആഭിചാരമായിരുന്നു അദ്ദേഹത്തിന്റെ നായക-പ്രതിനായക സ്ഥാനങ്ങള്‍ നിര്വചിച്ചുകൊണ്ടിരുന്നത്. ഇതാവട്ടെ, അപരനിർമിതികളുടെകൂടി ഒരു സാമൂഹികാഭിചാരമായിരുന്നു. കപടബോധത്തെ കപടബോധംകൊണ്ട് നേരിടുന്ന ഒരു കലാവ്യവഹാരമായിരുന്നു അദ്ദേഹത്തിന്റേത്. പ്രതിഭയുടെ പാരമ്യത്തില്‍ തനിക്കായി അദ്ദേഹം തിരഞ്ഞെടുത്തത് ഈ സന്ദിഗ്ദ്ധമായ പാതയായിരുന്നു. അതിലദ്ദേഹം സമ്പൂര്‍ണമായി വിജയിച്ചു എന്നതാണ് ഒരേസമയം അദ്ദേഹത്തിന് ലഭിക്കുന്ന സ്വീകാര്യതയും വിമര്‍ശനവും നമുക്ക് കാട്ടിത്തരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.