കേരളം ഒരു സംസ്ഥാനമായി രൂപവത്കരിക്കപ്പെട്ടിട്ട് 69 വർഷം കഴിഞ്ഞിരിക്കുന്നു. ഒരു സ്വയംസമ്പൂര്‍ണ ദേശീയതയായി ചരിത്രപരമായി അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള ഒരു പ്രദേശമാണ് കേരളം. അതിന്റെ കാരണം, കേരളം എന്ന പദം വളരെ പഴക്കമുള്ള ഒന്നാണ് എന്നതാണ്. അത് ഇന്നുകാണുന്ന ഭൂമിശാസ്ത്ര മേഖലയുമായി ബന്ധിപ്പിച്ചിട്ടാണ് കൂടുതൽ മനസ്സിലാക്കപ്പെട്ടിട്ടുള്ളത് എന്നുള്ളതുകൊണ്ട് അമൂര്‍ത്തമായ വരേണ്യ ദേശീയബോധം ചരിത്രത്തിൽ നേരത്തേ നിലനിൽക്കുന്നുണ്ട്. അത്...
കേരളം ഒരു സംസ്ഥാനമായി രൂപവത്കരിക്കപ്പെട്ടിട്ട് 69 വർഷം കഴിഞ്ഞിരിക്കുന്നു. ഒരു സ്വയംസമ്പൂര്‍ണ ദേശീയതയായി ചരിത്രപരമായി അടയാളപ്പെടുത്തപ്പെട്ടിട്ടുള്ള ഒരു പ്രദേശമാണ് കേരളം. അതിന്റെ കാരണം, കേരളം എന്ന പദം വളരെ പഴക്കമുള്ള ഒന്നാണ് എന്നതാണ്. അത് ഇന്നുകാണുന്ന ഭൂമിശാസ്ത്ര മേഖലയുമായി ബന്ധിപ്പിച്ചിട്ടാണ് കൂടുതൽ മനസ്സിലാക്കപ്പെട്ടിട്ടുള്ളത് എന്നുള്ളതുകൊണ്ട് അമൂര്‍ത്തമായ വരേണ്യ ദേശീയബോധം ചരിത്രത്തിൽ നേരത്തേ നിലനിൽക്കുന്നുണ്ട്. അത് ഇഴപിരിച്ച് പരിശോധിക്കുമ്പോൾ പല വൈരുധ്യങ്ങളും സങ്കീർണതകളും നമുക്ക് മനസ്സിലാവുമെങ്കിലും ‘ദേശീയത’ എന്ന നിലയിലാണ് ഐക്യകേരള സങ്കൽപം തന്നെയുണ്ടാകുന്നത്-ഒരു ഭാവനാകേരളം ചരിത്രത്തില്‍ അമൂര്‍ത്തമായി നിലനില്ക്കുന്നു,
ഏതോ ചേരരാജാവ് അത് വിഭജിക്കുന്നു, കൊളോണിയല്‍കാലത്ത് പുതിയ സംയോജനങ്ങളും വിഭജനങ്ങളുമുണ്ടാകുന്നു, പിന്നീട് സ്വാതന്ത്യ്രാനന്തരം കേരളം വീണ്ടും സംയോജിപ്പിക്കപ്പെടുന്നു. ഇത് ഒരു ‘കപടബോധ’മാവാമെങ്കിലും, ദൃഢീകരിക്കപ്പെട്ട ദേശീയബോധവും ഇതില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട് എന്നതിനാല്‍ അതിനുള്ളിലെ നിരന്തരമായ വൈരുധ്യങ്ങളെ അഭിമുഖീകരിച്ചുകൊണ്ടാണ് രാഷ്ട്രീയകേരളം രൂപാന്തരപ്പെടുന്നത്. ഫ്യൂഡൽ കേരളമുണ്ട്, ജാതികേരളമുണ്ട്. മുതലാളിത്തത്തിലേക്ക് പിച്ചവെച്ചുവന്ന കൊളോണിയൽ കേരളമുണ്ട്. ഇപ്പോള്‍ നിയോലിബറല്‍ ആഗോളവ്യവസ്ഥയില് മതഭൂരിപക്ഷ ദേശീയ സംവിധാനത്തിനുള്ളില്‍ ബഹുവിധമായ സംഘര്‍ഷങ്ങള്‍ നേരിടുന്ന വര്‍ത്തമാന കേരളമുണ്ട്. ഈ സങ്കീർണതകളെയും വൈരുധ്യങ്ങളെയും പരിഗണിക്കാത്ത വിശകലനങ്ങള്‍ രാഷ്ട്രീയമായി സ്വയം റദ്ദുചെയ്യപ്പെടുന്നവയാണ്.
പി.എം ശ്രീയും അതിദരിദ്രരും
ഏറ്റവും അടുത്ത ദിവസങ്ങളിലുണ്ടായ രണ്ട് പ്രധാനപ്പെട്ട ചർച്ചകൾ കേരളത്തിന്റെ രാഷ്ട്രീയഭാവിയെക്കുറിച്ച് ചില ചിന്തകള്‍ക്ക് വഴിയൊരുക്കുന്നതാണ്. പി.എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടായ സംവാദത്തില്‍ മൂന്നുകാര്യങ്ങളാണ് ഏറ്റവും പ്രധാനമായുള്ളത്. ഒന്ന് പി.എം ശ്രീ പദ്ധതിയടക്കമുള്ള വിദ്യാഭ്യാസ മേഖലയിലെ കേന്ദ്ര സർക്കാർ ഇടപെടൽ അടിമുടി കാവിവത്കരണ സ്വഭാവമുള്ളതാണ് എന്ന ചർച്ച സജീവമാകാൻ ഈ സംവാദം സഹായിച്ചു. യഥാർഥത്തിൽ പി.എം ശ്രീ പദ്ധതിയുടെ ഉള്ളടക്കത്തെക്കുറിച്ച് ആർക്കും സംശയമുണ്ടായിരുന്നില്ല. ഇത് ഒപ്പിട്ടുവെന്ന് പറയുമ്പോഴും സർക്കാർ പറഞ്ഞിരുന്നത് കേന്ദ്രസർക്കാർ വളഞ്ഞവഴിയിലൂടെ ഇത് അടിച്ചേൽപിക്കാൻ ശ്രമിക്കുന്നു എന്നതായിരുന്നു. മറ്റു ഫണ്ടിങ്ങുകൾ ഇതുമായി ബന്ധപ്പെടുത്തി നൽകാതിരിക്കുന്നു എന്നകാര്യമാണ് സർക്കാർതന്നെ ചൂണ്ടിക്കാട്ടിയത്. അതുകൊണ്ടുതന്നെ, പി.എം ശ്രീ പദ്ധതി മരവിപ്പിക്കാനുള്ള കൂട്ടായ തീരുമാനം ഒടുവില്‍ എൽ.ഡി.എഫ് സ്വീകരിച്ചുവെന്നത് ആശാവഹമായിട്ടുള്ള ഒരു കാര്യമാണ്.
രണ്ടാമത്തെ പ്രധാന കാര്യം കേന്ദ്രം ഫെഡറലിസത്തെ ആയുധമാക്കുകയാണ് എന്ന നിലപാടിന് പരക്കെ അംഗീകാരം ലഭിച്ചു എന്നതാണ്. ഫണ്ടിങ്ങും പ്രത്യയശാസ്ത്രവും കൂട്ടിക്കലർത്താനാണ് കേന്ദ്രസർക്കാർ ശ്രമിക്കുന്നതെന്ന യാഥാർഥ്യം പകൽപോലെ വെളിപ്പെട്ടു. മൂന്നാമത് കേന്ദ്ര ഫണ്ടിങ്ങല്ല പ്രശ്നം, അത് പ്രത്യയശാസ്ത്ര ആയുധമാക്കുന്ന സമീപനമാണ് എന്നത് കൂടുതൽ മനസ്സിലാക്കപ്പെട്ടു. ഫണ്ടുകൾ സംസ്ഥാനങ്ങൾക്ക് അവകാശപ്പെട്ടതാണ്. വിശേഷിച്ച് വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്‍ ഉൾപ്പെടുത്തുകയെന്ന കോത്താരി കമീഷന് റിപ്പോര്‍ട്ടിലെ നിർദേശം നിരവധി സമരങ്ങള്‍ നടത്തി അംഗീകരിപ്പിച്ചത് കേന്ദ്ര ഫണ്ടിങ് വിദ്യാഭ്യാസ മേഖലയില്‍ സുഗമമാക്കാനാണ്. അല്ലാതെ കേന്ദ്രത്തിന് ഭരണനിര്‍വഹണത്തില്‍ ഇടപെടാനോ സംസ്ഥാനങ്ങളെ നിയന്ത്രിക്കാനോ അല്ല. ഈ ചര്‍ച്ചയില്‍ പലതരത്തിലുള്ള ഭിന്നതകളും സ്പർധകളും പോരുകളുമൊക്കെ ഉയര്ന്നെങ്കിൽപോലും അതിനപ്പുറത്ത് ഒരു ജനാധിപത്യ സിവിൽ സമൂഹം ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട നിലപാടെന്താണെന്ന കാര്യത്തിൽ സർക്കാറും ജനങ്ങളും തമ്മിൽ ഒരു വൈരുധ്യമില്ലെന്ന് പി.എം ശ്രീ പദ്ധതി മരവിപ്പിക്കാൻ തീരുമാനിച്ചതോടുകൂടി വ്യക്തമായിരിക്കുകയാണ്.
രണ്ടാമത്തെ കാര്യം അതിദരിദ്രരെ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട സംവാദമാണ്. യഥാർഥത്തിൽ ആ പ്രക്രിയ ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വളരെ നേരത്തേ ആരംഭിച്ചിരുന്നു. അവസാനഘട്ടമാണ് ഇപ്പോൾ പ്രഖ്യാപിച്ചത്. ഇതിന്റെ സാമൂഹികശാസ്ത്രപരമായ കൃത്യതകളെക്കുറിച്ചും പ്രത്യാഘാതങ്ങളെക്കുറിച്ചും സംശയങ്ങൾ ഉയർത്തപ്പെടുന്നുണ്ടെങ്കിലും ഈ പ്രക്രിയയിലൂടെ പ്രയോജനപരമായ ഒരു ക്ഷേമ ഇടപെടലുണ്ടായി എന്നത് ഇന്നത്തെ നിയോലിബറൽ കാലഘട്ടത്തിൽ തീരേ അവഗണിക്കപ്പെടേണ്ട ഒന്നല്ല. കാരണം ലോകമെമ്പാടുംതന്നെ ഏതുതരത്തിലുമുള്ള ക്ഷേമ ഇടപെടലുകളെയും നിരാകരിക്കുന്ന മൂലധനസമീപനം ശക്തമായി നിലനിൽക്കുന്നുണ്ട്. അപ്പോഴാണ് കേരളവും തെലങ്കാനയുംപോലുള്ള പ്രദേശങ്ങളിൽ നിലനിൽക്കുന്ന സർക്കാറുകളുടെ ക്ഷേമ ഇടപെടലുകൾ നിയോ ലിബറൽവിരുദ്ധ രാഷ്ട്രീയത്തിലെ ദുർബലമെങ്കിലും സാർഥകമായ കണ്ണികളായി മാറുന്നത്.
അതിദരിദ്രര്‍ എന്ന സൂചകം എങ്ങനെയുണ്ടാകുന്നു, അതിന്റെ സാംഖികമായ പ്രശ്നങ്ങൾ എന്തൊക്കെയാണ് എന്നതിനെക്കുറിച്ചുള്ള ചർച്ചകളാവാം. പക്ഷേ, അത്തരം ഇടപെടലുകള്‍ക്ക് ശക്തമായ പ്രതീകാത്മക മൂല്യമുണ്ടെന്നത് വിസ്മരിക്കാൻ സാധിക്കില്ല. അതിദരിദ്ര വിഭാഗത്തെ എങ്ങനെയാണ് കണ്ടെത്തുക, ഇപ്പോഴത്തെ ഇടപെടല്‍ നിലവിലുള്ള അഞ്ചുലക്ഷത്തോളം വരുന്ന അതിദരിദ്ര വിഭാഗത്തെ ബാധിക്കുമോ, ഇപ്പോഴത്തേത് ഡോ. കെ.പി. കണ്ണന് ചൂണ്ടിക്കാട്ടുന്നതുപോലെ നിരാലംബ വിഭാഗം മാത്രമാണോ തുടങ്ങിയ ചര്‍ച്ചകള്‍ തീര്‍ച്ചയായും നടത്താവുന്നതാണ്. ദലിത്-ആദിവാസി സംഘടനകളും വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. ദാരിദ്ര്യമെന്നത് എപ്പോഴും ആപേക്ഷികമായിട്ടുള്ളതാണ്. അതുകൊണ്ടാണ് അതിന് ചില മാനദണ്ഡങ്ങൾ വെച്ചിരിക്കുന്നത്.
അത്തരം മാനദണ്ഡങ്ങൾ എല്ലാ കാലത്തേക്കുമുള്ളവയല്ല. പക്ഷേ, ഇന്നത്തെ ആഗോള നിയോലിബറൽ രാഷ്ട്രീയത്തിനെതിരെയുള്ള ചുവടുവെപ്പാണ് ഏതു ചെറിയ ക്ഷേമ ഇടപെടലുമെന്ന അടിസ്ഥാന രാഷ്ട്രീയം പ്രധാനമാണ്. കേരളമടക്കം ഏത് സംസ്ഥാനമാണെങ്കിലും അതിദുർബലരെ കണ്ടെത്തുകയും അവർക്ക് സാമ്പത്തികമായി മൊബിലിറ്റി ഉണ്ടാവുന്നതിനുള്ള ഇടപെടൽ നടത്തുന്നതും ആ അർഥത്തിൽ വളരെ സാർഥകമായ സമീപനമാണ്. എഴുപതുകളിലെ സി.പി.ഐ അടങ്ങിയ മുന്നണിയൊഴിച്ചാല്, കോണ്‍ഗ്രസിനു മുന്‍തൂക്കമുള്ള സര്‍ക്കാറുകള്‍ ക്ഷേമരാഷ്ട്രീയം പൂർണമായും കൈയൊഴിഞ്ഞു എന്നുപറയാന്‍ കഴിയില്ലെങ്കിലും അതിനോട് തുറന്ന സമീപനം സ്വീകരിച്ചിട്ടില്ല എന്നതും യാഥാർഥ്യമാണ്.
ആഗോളവത്കൃത സംസ്ഥാനം
യഥാർഥത്തിൽ നാം നേരിടുന്ന പ്രശ്നം കേരളം ഇന്ത്യയിലെതന്നെ ഏറ്റവും കൂടുതൽ ആഗോളവത്കരിക്കപ്പെട്ട സംസ്ഥാനങ്ങളിലൊന്നാണ് എന്നതാണ്. പഴയ കേരളം ചുരുങ്ങുകയും പുതിയ കേരളം ആഗോളതലത്തിൽ വികസിക്കുകയുമാണ്. അടഞ്ഞുകിടക്കുന്ന വീടുകൾക്കൊക്കെ നികുതി ചുമത്തും എന്നുപറയുമ്പോള്‍ സർക്കാർതന്നെ ഈ പ്രക്രിയയുടെ അടിസ്ഥാനവശം ശ്രദ്ധിക്കുന്നുവെന്ന് അർഥമാകുന്നു. ഇപ്പോഴുള്ളതിൽ കൂടുതൽ വീടുകൾ അടഞ്ഞുകിടക്കാന്‍ സാധ്യതയുള്ള വികസനത്തിലേക്കാണ് കേരളം പോകുന്നത്. പ്രായമുള്ളവർ വൃദ്ധസദനങ്ങളിലേക്കും ചെറുപ്പക്കാർ മറ്റു ദേശങ്ങളിലേക്കും പോകുന്നത് ഭൂതാതുരതയോടെ കാണേണ്ട കാര്യമല്ല. പത്തൊമ്പതാം നൂറ്റാണ്ടുമുതല്‍ പ്രബലമായി നിലനിൽക്കുന്ന സാമൂഹിക-സാമ്പത്തിക യാഥാർഥ്യത്തിന്റെ തുടര്‍ച്ചയാണ് ഈ പ്രക്രിയ.
ആഗോളവത്കരിക്കപ്പെടുന്ന ഒരു പ്രദേശത്തിന്റെ ചിന്ത ആഗോളവത്കൃതമായിരിക്കും. ആഗോളവത്കൃതമായ അടിസ്ഥാനസൗകര്യ വികസന സങ്കൽപമാണ് യഥാർഥത്തിൽ കേരളത്തിനുമുള്ളത്. ഇപ്പോൾ തെക്കന്‍ ഗോളാർധത്തിലെ രാഷ്ട്രങ്ങൾ പങ്കിടുന്ന ഒരു ആശങ്കയാണ് അടിസ്ഥാനസൗകര്യ വികസനം എങ്ങനെ സാധ്യമാവുമെന്നത്. കേരളത്തിലും അതിന്റെ അനുരണനങ്ങൾ ശക്തമായി നിലനിൽക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നം കാലദേശങ്ങളെ കടന്നുനിൽക്കുന്ന പ്രതിഭാസങ്ങളെക്കുറിച്ചുള്ള ചർച്ചകള്‍ അധികം ഉണ്ടാവുന്നില്ല എന്നുള്ളതാണ്. എന്താണുവേണ്ടത് എന്നതിനെക്കുറിച്ച് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാവാമെങ്കിൽപോലും 1980കൾ മുതൽക്കുതന്നെ വികസിത രാജ്യങ്ങൾക്ക് ഒപ്പമെത്തുക എന്ന ഫെറ്റിഷ് യഥാർഥത്തിൽ കേരളത്തിലുമുണ്ട്.
അത് ഒരു തെറ്റായോ പാപമായോ കാണേണ്ട കാര്യമില്ല. അടിസ്ഥാനപരമായി ശരിയായ മാനസികാവസ്ഥയാണ്. എന്നാല്‍, കാലദേശ വ്യത്യാസങ്ങളെ കടന്നുനിൽക്കുന്ന കാലാവസ്ഥാ വ്യതിയാനം, ആഗോളതാപനം തുടങ്ങിയ പ്രതിഭാസങ്ങളെക്കുറിച്ച് കേരളത്തിൽ വ്യക്തമായ ചർച്ചകള്‍ ഉണ്ടാവുന്നില്ല. ഈ ചർച്ചതന്നെ ഇവിടെ ഉണ്ടാകാത്തതിന്റെ പ്രധാന കാരണം ഇതിനോടുള്ള നിർമമതയല്ല, മറിച്ച് വികസനവും സുസ്ഥിരതയും എങ്ങനെ ഒരുമിച്ച് കൊണ്ടുപോകാമെന്ന കാര്യത്തിൽ നിശ്ചയക്കുറവുള്ളതുകൊണ്ടാണ്. ഇക്കാര്യത്തില്‍ പഴയ പരിസ്ഥിതിവാദവും പഴയ വികസനവാദവും ഒരുപോലെ പ്രതിക്കൂട്ടിലാവുന്ന സാഹചര്യം കേരളത്തിലുണ്ട്.
എന്നാല്‍, കാവിവത്കരണം ഒരു മധ്യവര്‍ഗ ചിന്തയെന്ന തലത്തില്‍നിന്ന് എല്ലാ ജാതി-വര്‍ഗ വിഭാഗങ്ങളെയും-എന്തിന്, അതിന്റെ പ്രത്യക്ഷ ഇരകളായ ചില ന്യൂനപക്ഷ വിഭാഗങ്ങളെപ്പോലും ആകര്‍ഷിക്കുന്നു എന്ന വസ്തുതയാണ് കേരളപ്പിറവിയുടെ ഏഴാംദശകത്തെ സ്വീകരിക്കാനൊരുങ്ങുന്ന കേരളത്തില്‍ എന്നെ ഏറ്റവും കൂടുതല്‍ ഭയപ്പെടുത്തുന്നത്. ഹിന്ദുത്വ പ്രത്യയശാസ്ത്രം കേരളത്തില്‍ നേടുന്ന മേല്‍ക്കൈ ‘ഇത് കേരളമാണ്’ എന്ന വിശ്വാസത്തെ കഠിനമായി പിടിച്ചുലക്കുന്നത് നമുക്കിനിയും അവഗണിക്കാന്‍ കഴിയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.