തിരുവനന്തപുരം കോർപറേഷനിലെ പ്രതീക്ഷിത വിജയത്തിനപ്പുറം, ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ ചെറുതും എന്നാൽ രാഷ്ട്രീയമായി പ്രാധാന്യമുള്ളതുമായ ചില നേട്ടങ്ങൾ കൈവരിച്ചു എന്നത് ശരിയാണ്. എന്നാല്‍, കഷ്ടിച്ച് 26 ഗ്രാമപഞ്ചായത്തുകളിലും രണ്ട് മുനിസിപ്പാലിറ്റികളിലും ഒരു കോർപറേഷനിലും നേടിയ ഏറ്റക്കുറച്ചിലുകളുള്ള ഈ ‘പരീക്ഷണ’ വിജയങ്ങളെ ആവശ്യത്തിലധികം ഉദാത്തവത്കരിക്കുന്ന ആഖ്യാനങ്ങള്‍ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ സാകല്യത്തെ മനസ്സിലാക്കുന്നതില്‍നിന്ന് നമ്മെ തടയുന്നതാണ്.
ഒറ്റനോട്ടത്തില്‍ ബി.ജെ.പിയുടെ നേട്ടങ്ങള്‍ എന്താണ്? തിരുവനന്തപുരം കോർപറേഷന് കൂടാതെ തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിയുടെ നിയന്ത്രണം എൻ.ഡി.എ നേടിയിട്ടുണ്ട്. പന്തളം അവര്‍ക്ക് നഷ്ടപ്പെട്ടു. പാലക്കാട് കേവല ഭൂരിപക്ഷം ഉണ്ടായിരുന്നത് നഷ്ടപ്പെട്ടു. തൃശൂർ, കോഴിക്കോട്, കൊച്ചി തുടങ്ങിയ നഗരങ്ങളിൽ കൂടുതൽ വാർഡ് സീറ്റുകൾ നേടി സാന്നിധ്യം നാമമാത്രമായി വർധിപ്പിച്ചു. അടിസ്ഥാനതലത്തിൽ, മുപ്പതില്‍ താഴെ ഗ്രാമപഞ്ചായത്തുകളിൽ ഏറ്റവും വലിയ ഒറ്റക്കക്ഷി ആവുകയോ വിജയിക്കുകയോ ചെയ്തുകൊണ്ട് ഗ്രാമീണസ്വാധീനവും നാമമാത്രമായി വർധിപ്പിച്ചു. വിവിധതലങ്ങളിലായി 1400ന് മുകളില്‍ എൻ.ഡി.എ പ്രതിനിധികള്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ടെന്ന് ചില കണക്കുകളില്‍ കാണുന്നു. ഒരു നിയമസഭാമണ്ഡലത്തിന് സമാനമായി കണക്കാക്കുന്ന ബ്ലോക്ക് പഞ്ചായത്തുകളില്‍ ഒന്നിൽപോലും ബി.ജെ.പി ഭൂരിപക്ഷം നേടിയിട്ടില്ല. നാൽപത്തഞ്ചുവര്ഷമായി എൽ.ഡി.എഫ്-യു.ഡി.എഫ് മുന്നണികളുടെ ഇടയിലൂടെ ഒരു പ്രബലശക്തിയാവാന് ആഞ്ഞുശ്രമിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പി ഇപ്പോള്‍ നേടിയിട്ടുള്ള സമാശ്വാസവിജയങ്ങള് പക്ഷേ അവര്‍ സൃഷ്ടിച്ച വിദ്വേഷരാഷ്ട്രീയത്തിന്റെ പ്രത്യയശാസ്ത്രാഘാതങ്ങള്ക്ക് ഒട്ടും ആനുപാതികമല്ല. അങ്ങനെയാവാതെ എത്രനാള്‍ രാഷ്ട്രീയകേരളത്തെ സംരക്ഷിക്കാന്‍ കഴിയുമെന്നതാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം.
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ അത്ര ചെറുതല്ലാത്ത, എന്നാല്‍ അവരുടെ വിഭവാധികാരത്തിനും പ്രത്യയശാസ്ത്ര മേൽക്കോയ്മക്കും ആനുപാതികമായിട്ടല്ലാത്ത, ഈ വിജയങ്ങള്‍ യഥാർഥത്തില്‍, എൽ.ഡി.എഫിൽനിന്ന് യു.ഡി.എഫിലേക്കുള്ള അധികാരമാറ്റത്തോടൊപ്പമുണ്ടായ താൽക്കാലിക രാഷ്ട്രീയപ്രതിഭാസമാണ്. കേരളരാഷ്ട്രീയത്തിലെ ഈ പരിചിതമായ പരിവർത്തനഘട്ടത്തിൽ, ചില ഭരണവിരുദ്ധവോട്ടുകളും എൽ.ഡി.എഫ് വോട്ടുകളുടെ ഒരു ചെറിയഭാഗവും ബി.ജെ.പിയിലേക്ക് നീങ്ങിയതായി മനസ്സിലാവുന്നുണ്ട്. എന്നാല്‍, തിരുവനന്തപുരം നഗരത്തിലൊഴികെ മറ്റെങ്ങും അവരുടെ കാര്യമായ വോട്ടു ഏകീകരണം നടന്നിട്ടില്ല. ഏതെങ്കിലും തരത്തിലുള്ള ഭരണവിരുദ്ധവികാരം ഉണ്ടായിരുന്നെങ്കില്‍ അതിന്റെ പ്രയോജനം യു.ഡി.എഫ് ആണ് നേടിയിട്ടുള്ളത്.
തിരുവനന്തപുരത്ത് ബി.ജെ.പി വിജയിച്ചത് 45 വര്‍ഷത്തെ എൽ.ഡി.എഫ് ദുര്‍ഭരണവിരുദ്ധ വികാരംകൊണ്ടാണ് എന്നൊക്കെ ശശി തരൂര്‍ അല്ലാത്ത മറ്റാരെങ്കിലും പറയുമെന്ന് തോന്നുന്നില്ല. തന്നെ സ്ഥാനാര്‍ഥിയാക്കി മത്സരിപ്പിച്ച് വിജയിപ്പിച്ച, താന്‍കൂടി നേതാവായ, കോൺഗ്രസ് നേതൃത്വം നല്കുന്ന യു.ഡി.എഫിനെ, ‘അവരുടെ വിജയത്തില്‍’ അഭിനന്ദിച്ച അത്ഭുതമനുഷ്യനാണ് ശശി തരൂര്‍. കോൺഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗമായ അദ്ദേഹം, തന്റെ നിയോജകമണ്ഡലമടങ്ങുന്ന തിരുവനന്തപുരം നഗരസഭയിലെ ബി.ജെ.പി വിജയം ആസ്വദിച്ച് അത് ‘ജനാധിപത്യത്തിന്റെ സൗന്ദര്യം’ ആണെന്നുപറയാന്‍ കഴിയുന്നത്ര രാഷ്ട്രീയനിരക്ഷരനോ നിഷ്കളങ്കനോ കൂടിയാണ്. 20 ട്വന്റി തോല്‍ക്കാനുള്ള കാരണം ‘എതിരാളികളുടെ പണാധിപത്യമാണ്’ എന്ന് പറഞ്ഞ സാബുജേക്കബ് മാത്രമാണ് ഇത്തരം പ്രസ്താവനകളില്‍ തരൂരിന്റെ ഒരേ ഒരു നിഷ്കളങ്കനായ എതിരാളി.
എന്നാല്‍, ചില നഗരകേന്ദ്രങ്ങളിലെ പ്രതീകാത്മക വിജയങ്ങളിലൂടെയും അപ്രധാനമായ വാർഡ് തല നേട്ടങ്ങളിലൂടെയും, ബി.ജെ.പി സ്വന്തം അടിത്തറ വികസിപ്പിക്കുകയാണ് എന്ന യാഥാർഥ്യം കണ്ടില്ലെന്നു നടിക്കാനാവില്ല. കേരളത്തിന്റെ ബഹുസ്വര പാരമ്പര്യങ്ങളുമായി നേര്‍ക്കുനേർ നില്ക്കാന് ഇപ്പോഴും കെൽപില്ലാത്ത ഭൂരിപക്ഷദേശീയതയിലും സാംസ്കാരികയാഥാസ്ഥിതികതയിലും വേരൂന്നിയ രാഷ്ട്രീയപ്രവാഹങ്ങളുടെ നുഴഞ്ഞുകയറ്റത്തിന് നഷ്ടപ്പെടാനല്ല, കിട്ടാനാണുള്ളത് എന്നത് നിസ്സാരമായ സാഹചര്യമല്ല. ബി.ജെ.പിയുടെ ഈ ചെറിയ വിജയങ്ങള്‍ കേരളത്തിന്റെ ചരിത്രപരമായ പുരോഗമനനൈതികതക്ക് ഗുരുതരമായ വെല്ലുവിളി ഉയർത്തുന്നുണ്ട്. മത-മതേതര പരിഷ്കരണ പ്രസ്ഥാനങ്ങളുടെ ഊർജസ്വലമായ തരംഗങ്ങൾ, ജാതി-കീഴാള നവോത്ഥാന പോരാട്ടങ്ങൾ, ന്യൂനപക്ഷരാഷ്ട്രീയ ദൃശ്യത, സാക്ഷരത, സാമൂഹികക്ഷേമം എല്ലാവരെയും ഉൾക്കൊള്ളുന്ന സമത്വബോധം എന്നിവയിലൂടെ രൂപപ്പെട്ട കേരളത്തിന്റെ ജനാധിപത്യദേശീയതയോടുള്ള നിരന്തരമായ അസഹിഷ്ണുതയാണ് എൻ.ഡി.എയുടെ പ്രത്യയശാസ്ത്രം പ്രതിനിധാനം ചെയ്യുന്നത്.
അമ്പതുകളിലെ കമ്യൂണിസ്റ്റ് വിജയത്തിനും അറുപതുകളിലെ ഫ്യൂഡൽശക്തികളുടെ തകർച്ചക്കുംശേഷം കേരളത്തിൽ പ്രകടമായി പ്രത്യക്ഷപ്പെട്ട ജനാധിപത്യ-പുരോഗമന നൈതികത, അതിന്റെ എല്ലാ പരിമിതികള്‍ക്കുള്ളിലും, സാമൂഹികസൗഹാര്ദത്തിന്റെ രാഷ്ട്രീയത്തിന് മേല്‍ക്കൈ നല്‍കിയിരുന്നു. നാല്പതുകള്വരെയുള്ള അന്തരീക്ഷത്തില്‍നിന്ന് ഈ സന്ദര്ഭത്തിനുണ്ടായിരുന്ന സവിശേഷത, പുതിയ ഇന്ത്യന്‍ ഭരണഘടന ഏതാണ്ട് പൂര്‍ണമായുംതന്നെ കേരളത്തിന്റെ നവോത്ഥാന പാരമ്പര്യവുമായി പൊരുത്തപ്പെടുന്നതായിരുന്നു എന്നതാണ്. കേരളത്തിലെ എഴുപതുകളിലെ ദലിത് പോരാട്ടങ്ങള്‍, നക്സലൈറ്റ് രാഷ്ട്രീയത്തിന് ലഭിച്ച സാംസ്കാരിക-നൈതിക സ്വീകാര്യത, ഭൂപരിഷ്കരണം, സാമൂഹികക്ഷേമ സമവായങ്ങള്‍ എന്നിവ അറുപതുകളുടെ തുടര്‍ച്ചയായിരുന്നു.
എന്നാല്‍, എണ്‍പതുകളില്‍ നിലക്കല്‍ പ്രക്ഷോഭത്തിലൂടെ തലയുയര്‍ത്തിയ ഭൂരിപക്ഷമത രാഷ്ട്രീയം തുടക്കംമുതല്‍ സൃഷ്ടിക്കാന്‍ ശ്രമിച്ച വര്‍ഗീയധ്രുവീകരണം, സാമൂഹികജീവിതത്തിലേക്ക് കലര്‍ത്തിയ വിഷമയവാതകങ്ങള് അവര്‍ ആരെ ആക്രമിച്ചാണോ കേരളത്തില്‍ രാഷ്ട്രീയസാംഗത്യം നേടാന്‍ ശ്രമിച്ചത്, അതേ ക്രൈസ്തവ ന്യൂനപക്ഷത്തെപ്പോലും വർഗീയവത്കരിക്കുന്ന സാഹചര്യത്തിലേക്ക് കേരളത്തെ എത്തിക്കുന്നതില്‍ വിജയിച്ചിരിക്കുകയാണ്. എസ്.എൻ.ഡി.പിയുടെ ഭൂരിപക്ഷവർഗീയതയിലേക്കുള്ള ചുവടുമാറ്റത്തെക്കുറിച്ച് 2009 മുതലെങ്കിലും ഞാന്‍ സൂചിപ്പിച്ചു പോന്നിട്ടുണ്ട്.
കേരളത്തിന്റെ സാമൂഹികമേഖലയില്‍ ഇപ്പോള്‍ പ്രകടമാവുന്ന അഭൂതപൂര്‍വമായ ഇസ്ലാമോഫോബിയയും നവ-യാഥാസ്ഥിതികതയും നവലിബറലിസവും ചെലുത്തുന്ന സമ്മർദങ്ങള്‍ അവഗണിക്കാൻ കഴിയില്ല. ഇടതുമുന്നണിപോലെ കെട്ടുറപ്പുള്ള ഒരു രാഷ്ട്രീയസംവിധാനത്തിന്റെ അടിസ്ഥാനവോട്ടുകളിലേക്കും രാഷ്ട്രീയധാരണകളിലേക്കും കടന്നുകയറാന്‍ കഴിയുന്നവിധത്തില്‍ അത് രൂഢമൂലമാവുകയാണ്. എൽ.ഡി.എഫ് ഒരു രാഷ്ട്രീയമുന്നണിയാണെങ്കില് യു.ഡി.എഫ് പ്രധാനമായും ഒരു സാമൂഹികരൂപവത്കരണമാണ്. യു.ഡി.എഫ് ഭരിക്കുമ്പോള്‍ പത്തു ശൂദ്രമന്ത്രിമാര് ഉണ്ടാവുക എന്നത് അചിന്തനീയമാണ്. കാരണം അതിന്റെ അടിസ്ഥാനം അതിനെ നിലനിര്‍ത്തുന്ന സാമൂഹികവിഭാഗങ്ങളിലേക്കുള്ള സ്ഥൂലാധികാരവിതരണമാണ്. എൽ.ഡി.എഫ് കൂടുതല്‍ ദൃഢമായ രാഷ്ട്രീയരൂപവത്കരണമാണ്. അത് സാമൂഹികവിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്നത് നയപരിപാടികളിലൂടെയാണ്. ഇത് തിരിച്ചറിഞ്ഞുതന്നെയാണ് കേരളത്തിലെ ജനങ്ങള്‍ ഈ മുന്നണികള്‍ക്ക് മാറിമാറി വോട്ടുചെയ്യുന്നത്. എന്നാല്‍, ഈ രണ്ട് സമീപനത്തില്‍നിന്നും വ്യത്യസ്തമായി കേവലമായ മതവിഭാഗീയതയുടെ സങ്കുചിതരാഷ്ട്രീയംമാത്രം മുന്നോട്ടുവെക്കുന്ന രാഷ്ട്രീയസഖ്യമാണ് എൻ.ഡി.എ. അവര്‍ക്കുണ്ടാവുന്ന ചെറിയ വിജയങ്ങള്‍പോലും എണ്പതുകള്മുതല് കേരളത്തിന്റെ സാമൂഹികശരീരത്തില്‍ അവര്‍ കടത്തിവിട്ട സിനിക്കല്‍ യുക്തികളുടെ അംഗീകാരമായി മാറുമെന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്.
കാരണം, കേരളത്തിന്റെ വർഗഘടനകള്‍ ഗണ്യമായ പരിവർത്തനത്തിന് വിധേയമായിട്ടുണ്ട്. ആഗോളവത്കരണവുമായി ബന്ധപ്പെട്ട ചില സവിശേഷതകളിലൂടെയും ക്ഷേമസമ്പദ്വ്യവസ്ഥയുടെ തുടര്‍ച്ചയിലൂടെയും ഒരു സമനിലവത്കരണ പ്രക്രിയ മധ്യവർഗത്തിനും ദരിദ്രർക്കും ഇടയിലുള്ള മൂർച്ചയുള്ള വിടവ് ലഘൂകരിച്ചിട്ടുണ്ട്. പ്രബലമായ കാർഷിക-വ്യാവസായിക മൂലധനത്തിന്റെ അഭാവത്തിൽ, കേരളത്തില്‍ കാണുന്നത് മധ്യവർഗങ്ങളുടെ ഒരു വലിയ നിരയാണ്. വർഗരൂപവത്കരണങ്ങളായോ സ്ഥിരതയുള്ള രാഷ്ട്രീയസഖ്യമായോ ഈ മധ്യവർഗം നിലനില്‍ക്കാനുള്ള സാധ്യതകള്‍ പരിമിതമാണ്. കൊളോണിയൽ കാലഘട്ടത്തിൽ കേരളം ദര്‍ശിച്ച ദലിത്, കീഴാള നവോത്ഥാന പ്രസ്ഥാനങ്ങളുടെ ശക്തമായ ചരിത്രപാരമ്പര്യംമൂലം യാഥാസ്ഥിതിക ശക്തികൾക്ക് ഇതുവരെ ഈ അസ്ഥിരതയെ പൂർണമായി ഉപയോഗപ്പെടുത്താൻ കഴിഞ്ഞിട്ടില്ല എന്നേയുള്ളൂ. അതിലേക്കാണ് അവര്‍ ആഴ്ന്നിറങ്ങാന്‍ ശ്രമിക്കുന്നത്. അതിനെ എങ്ങനെ തടയും എന്നത് കേരളത്തില്‍ രണ്ട് മുന്നണികളും സിവിൽ സമൂഹവും പൊതുവില്‍ നേരിടുന്ന രാഷ്ട്രീയ വെല്ലുവിളിയാണ്.
sreekumartt@gmail.com
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.