അറുപത് ശതമാനം കെ. കരുണാകരനും ഇരുപത്തിയഞ്ച് ശതമാനം ഇ.എം.എസ്. നമ്പൂതിരിപ്പാടും പതിനഞ്ച് ശതമാനം പട്ടംതാണുപിള്ളയും ഉരുകിച്ചേർന്നുണ്ടായ രാഷ്ട്രീയവിഗ്രഹമാണ് പിണറായി വിജയൻ. തനിത്തങ്കത്തേക്കാൾ തിളക്കമുണ്ടെങ്കിലും കൂട്ടുണ്ടതിൽ. കൂടിച്ചേർന്ന ധാതുക്കൾക്കെല്ലാം അതാതിന്റെ ശക്തിയുമുണ്ട്. അതിനാൽ തങ്കത്തേക്കാൾ ബലംകാണും. കരുണാകരധാതുവിന്റെ കരുത്തറിയാമല്ലോ. കേരളരാഷ്ട്രീയത്തെ താൻ പിടിച്ചിടത്ത് കൊണ്ടുപോയിക്കെട്ടാനുള്ള കഴിവാണത്. അതിനായി ആരെയും മെരുക്കിയെടുക്കാനാവും. പ്രത്യേകിച്ച്, സമുദായ നേതാക്കളെ. അവരെ ആദരിക്കുകയാണെന്ന് അവർക്കും പുറമെനിന്ന് നോക്കുന്നവർക്കും തോന്നുമെങ്കിലും അകത്തമ്പലത്തിൽ...
അറുപത് ശതമാനം കെ. കരുണാകരനും ഇരുപത്തിയഞ്ച് ശതമാനം ഇ.എം.എസ്. നമ്പൂതിരിപ്പാടും പതിനഞ്ച് ശതമാനം പട്ടംതാണുപിള്ളയും ഉരുകിച്ചേർന്നുണ്ടായ രാഷ്ട്രീയവിഗ്രഹമാണ് പിണറായി വിജയൻ. തനിത്തങ്കത്തേക്കാൾ തിളക്കമുണ്ടെങ്കിലും കൂട്ടുണ്ടതിൽ. കൂടിച്ചേർന്ന ധാതുക്കൾക്കെല്ലാം അതാതിന്റെ ശക്തിയുമുണ്ട്. അതിനാൽ തങ്കത്തേക്കാൾ ബലംകാണും. കരുണാകരധാതുവിന്റെ കരുത്തറിയാമല്ലോ. കേരളരാഷ്ട്രീയത്തെ താൻ പിടിച്ചിടത്ത് കൊണ്ടുപോയിക്കെട്ടാനുള്ള കഴിവാണത്. അതിനായി ആരെയും മെരുക്കിയെടുക്കാനാവും. പ്രത്യേകിച്ച്, സമുദായ നേതാക്കളെ. അവരെ ആദരിക്കുകയാണെന്ന് അവർക്കും പുറമെനിന്ന് നോക്കുന്നവർക്കും തോന്നുമെങ്കിലും അകത്തമ്പലത്തിൽ അവർ കരുണാകരനെ ആദരിക്കുകയായിരുന്നു എക്കാലത്തും. വേണ്ടിവന്നാൽ സമുദായസംഘടനങ്ങളെക്കൊണ്ട് രാഷ്ട്രീയപാർട്ടികളുണ്ടാക്കിക്കാനും അവയുടെ നേതാക്കന്മാരെ നയതന്ത്രപ്രതിനിധികളാക്കി രാജ്യത്തിന് പുറത്തേക്ക് പറത്തിവിടാനും കരുണാകരന്റെ തന്ത്രങ്ങൾക്കാവുമായിരുന്നു.
കിടങ്ങൂർ ഗോപാലകൃഷ്ണപിള്ളയെ ഓർക്കുക. എൻ.എസ്.എസ് ഒരു ഉദാഹരണം മാത്രം. സമുദായകഥകളതി സാദരം. രാഷ്ട്രീയത്തിലോ പറകവേണ്ട. ഏതു പാർട്ടിയേയും നിന്നനിൽപ്പിൽ പിളർത്തി ഒരു കഷ്ണത്തെ കൂടെനിർത്താനുള്ള വൈഭവം അതിഭയങ്കരമായിരുന്നു. കടവൂർ ശിവദാസനുപോലും ആർ.എസ്.പിയെ പിളർത്താനും അങ്ങനെയുണ്ടാക്കിയ പാർട്ടിയെ കരുണാകരന്റെ മുന്നണിയിൽകൊണ്ടുപോയി ചേർത്താനും ധൈര്യംവന്നു എന്നതോർക്കുക. ലീഡർ കണ്ണുകാണിച്ചാൽ ഏതുസമുദായത്തിലേയും ഏതുപാർട്ടിയിലേയും ഏതു നേതാവിനും എന്തും ചെയ്യാൻ തോന്നുമായിരുന്നു. ഇവിടെയിപ്പോൾ പിതാക്കന്മാരുടെ ഉപദേശംകേട്ട് ജോസ്മോൻ യു.ഡി.എഫിലേക്ക് നോക്കിയപ്പോൾ റോഷി പിളരാനാഞ്ഞതുപോലെ. അവസാനകാലത്ത് സ്വന്തമായി കോൺഗ്രസിനെ പിളർത്തി മകനുവേണ്ടി ഡി.ഐ.സി ഉണ്ടാക്കിയപ്പോൾ മാത്രമാണ് കെ. കരുണാകരന് പിഴച്ചത്. മകനായാലും മകളായാലും ഒന്ന് കരുതിനിൽക്കുന്നത് നല്ലതാണ്!
കെ. കരുണാകരന്റെ മറ്റൊരു പ്രധാന സവിശേഷത ആഭ്യന്തരവകുപ്പിനോടുള്ള ആർത്തിയായിരുന്നു. അദ്ദേഹം ആദ്യമായി മന്ത്രിയായതുതന്നെ ആഭ്യന്തരവകുപ്പ് ഭരിച്ചുകൊണ്ടാണ്. 1975ൽ. അടിയന്തരാവസ്ഥ വന്നപ്പോൾ, സി. അച്യുതമേനോന്റെ മന്ത്രിസഭയിൽ സി.എച്ച്. മുഹമ്മദ്കോയ ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്തുകൊണ്ടിരിക്കെയാണ് കരുണാകരന്റെ നേതൃത്വത്തിൽ കോൺഗ്രസുകാർ മന്ത്രിസഭയിൽ ചേർന്നത്. സി.എച്ചിനെ പൂർണമായും വിദ്യാഭ്യാസവകുപ്പിലാക്കി കരുണാകരൻ പൊലീസ് ഭരണം ഏറ്റെടുത്തു. പിന്നീട്, മുഖ്യമന്ത്രി ആയപ്പോഴെല്ലാം കരുണാകരന് ആഭ്യന്തരം ഹരമായിരുന്നു. ആന്റണിഗ്രൂപ്പിന്റെ അതിപ്രതാപകാലത്ത് വയലാർ രവിക്കൊക്കെ ചിലപ്പോൾ വകുപ്പ് വിട്ടുകൊടുത്തിട്ടുണ്ടെങ്കിലും തക്കംകിട്ടിയപ്പോഴൊക്കെ അതിൽ ഇടപെട്ടിട്ടുണ്ട്. സഹമന്ത്രിമാരെക്കാൾ കരുണാകരന് വേണ്ടപ്പെട്ടവർ പൊലീസിലെ ഉന്നതരായിരുന്നു. അവർ കാരണം അദ്ദേഹം എന്തെന്തൊക്കെ അനുഭവിക്കേണ്ടിവന്നിട്ടുണ്ടെന്നത് വേറൊരു വിഷയം. അത് പിന്നെ പരിശോധിക്കാം.
ഇ.എം.എസ് നമ്പൂതിരിപ്പാടിന് പൊലീസ് ഭരണത്തോട് അത്രതന്നെ ആർത്തിയുണ്ടായിരുന്നില്ല. 1957ൽ മന്ത്രിസഭയുണ്ടാക്കിയ പുതുക്കത്തിൽ കുറച്ചുമാസം അദ്ദേഹം ആഭ്യന്തരം ഭരിക്കാൻ നോക്കിയിരുന്നു. എന്നാൽ, അത് തിരുമേനിക്ക് പറ്റിയ പണിയല്ലെന്ന് വളരെ പെട്ടെന്നുതന്നെ പാർട്ടിക്ക് ബോധ്യമായി. സംസ്ഥാനകമ്മിറ്റി തീരുമാനമെടുത്ത് ആഭ്യന്തരവകുപ്പ് വി.ആർ. കൃഷ്ണയ്യരെ ഏൽപിച്ചു. വിമോചനസമരം കത്തിയാളിപ്പോൾ അയ്യരിൽ നിന്നെടുത്ത് അച്യുതമേനോനെ ഏൽപിച്ചു. തിരുമേനി രണ്ടുവർഷം മുഖ്യമന്ത്രിയായി ഇരുന്നപ്പോൾ മൂന്ന് ആഭ്യന്തരമന്ത്രിമാരുണ്ടായിരുന്നു. പക്ഷേ, പിണറായി വിജയൻ പത്തുകൊല്ലം മുഖ്യമന്ത്രിയായി ഇരുന്നപ്പോഴും പൊലീസിനെ അദ്ദേഹംതന്നെയാണ് കൈകാര്യം ചെയ്തത്. അതോ അവർ അദ്ദേഹത്തെ കൈകാര്യം ചെയ്തോ എന്തോ! ഏതായാലും ഇക്കാര്യത്തിൽ പിണറായി തിരുമേനിക്ക് വിരുദ്ധമായി തോന്നാം.
ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ ശരിയായ ശക്തി ഭരണത്തിലൊന്നുമായിരുന്നില്ല. ചരിത്രമെടുത്ത് അമ്മാനമാടുന്നതിലായിരുന്നു. എം.പി. നാരായണപിള്ള ഒരിക്കൽ പറഞ്ഞിട്ടുണ്ട്: ‘ഓർക്കുന്നുണ്ടോ തിരുമേനിയുടെ പഴയ ലൈൻ! മുസ്‍ലിം ലീഗ് കോൺഗ്രസുകാരോടടുത്താൽ മലബാർലഹളയെ തിരുമേനി വർഗീയകലാപമാക്കും. മുസ്‍ലിം ലീഗ് കമ്യൂണിസ്റ്റുകാരോടടുത്താൽ മലബാർലഹളയെ കാർഷികകലാപമാക്കി മാറ്റും’’. ആ ലൈനിലാണ് പിണറായി തിരുമേനിയുടെ പിൻഗാമിയാവുന്നത്. മുസ്‍ലിംകൾ സ്വന്തം നിലക്ക് നടത്തുന്ന സാമുദായികമോ രാഷ്ട്രീയമോ ആയ ഏതൊരു സംഘാടനത്തേയും സ്വത്വവാദമായും വർഗീയമായും മുദ്രകുത്തുന്ന പിണറായി പാർട്ടി സെക്രട്ടറിയായിരുന്നപ്പോൾ പാർട്ടി മുസ്‍ലിം സമ്മേളനം സംഘടിപ്പിച്ചതോർക്കുക. മുള്ളുള്ള സഖാഫിമാർ പ്രസംഗിക്കുകയും മലബാറിലെ മുസ്‍ലിംകളും ഇടതുപക്ഷവും തമ്മിലെ സവിശേഷ ബന്ധത്തെക്കുറിച്ച് പിണറായി പ്രബന്ധം അവതരിപ്പിക്കുയും ചെയ്തത് കണ്ണൂരിൽ ചേർന്ന ആ സമ്മേളനത്തിലാണ്, 2015ൽ. അക്കാലം പാർട്ടി മുസ്‍ലിംകൾക്കായി ’മുഖ്യധാര’ എന്നൊരു പ്രസിദ്ധീകരണം തന്നെ ഇറക്കിയിരുന്നു. 1959ൽ തിരുമേനിയുടെ കാലത്ത് ’പുരോഗതി’ എന്ന പേരിൽ പ്രസിദ്ധീകരണം ഇറക്കുകയും പ്രോഗ്രസിവ് മുസ്‍ലിം ലീഗ് എന്ന ലീഗുണ്ടാക്കുകയും ചെയ്ത കളിയുടെ മറ്റൊരു പതിപ്പ്. ’പുരോഗമന മുസ്‍ലിംകളെ’ പാർട്ടിക്കുപിന്നിൽ അണിനിരത്തുക എന്നതുതന്നെയാണ് പിണറായിക്കാലത്തും കണ്ടത്.
അണിചേരാത്തവർ പ്രതിലോമകാരികൾ. അബ്ദുന്നാസിർ മഅ്ദനിയും ഇബ്രാഹിംസുലൈമാൻ സേട്ടും മഹാത്മാഗാന്ധിയേയും മൗലാനാ അബുൽകലാം ആസാദിനേയുംപോലെ ആരാധ്യരായ നേതാക്കളാണെന്നും അവരോട് സഹകരിക്കാമെന്നുമുള്ള നമ്പൂതിരിസിദ്ധാന്തം തന്നെയാണ് ഇപ്പോൾ പിണറായി നടപ്പിലാക്കുന്നത്. കഴിഞ്ഞ മാസങ്ങൾ വരെയും ജമാഅത്തെ ഇസ് ലാമിയും എസ്.ഡി.പി.ഐയും പ്രതിലോമപ്പട്ടികയിലായിരുന്നു. ഇപ്പോൾ എസ്.ഡി.പി.ഐ പരോളിലാണ്. ലീഗിനെ പുരോഗമനപ്പട്ടികയിൽ പെടുത്താൻ പെടാപ്പാട് പെട്ടത് മറക്കാറായിട്ടില്ലല്ലോ. ലീഗ് ഇടത്തോട്ടില്ല എന്ന് ഉറപ്പിച്ചപ്പോൾ അത് ജമാഅത്തെ ഇസ്‍ലാമിയുടെ കീഴിലാണെന്ന് കണ്ടെത്തി. പിണറായി നയിക്കുന്ന ജാഥയിൽ കെ.ടി. ജലീലും പിണറായി പ്രസംഗിക്കുന്ന വേദിയിൽ മുക്കത്തെ മുഫ്തിയും ഖദാഅ് ആകാതെ നിസ്കരിച്ച ചേതോഹരമായ നിമിഷങ്ങൾ ഓർക്കുക. അവരാണ് ഗുഡ്മുസ്‍ലിംകൾ. പാർട്ടി ശക്തികേന്ദ്രമായി കാണുന്നിടത്ത് മുസ്‍ലിം രാഷ്ട്രീയക്കാർ മത്സരിച്ചാൽ അവർ ബാഡ് മുസ്‍ലിംകൾ.
മൂലധാതുക്കളിൽ മൂന്നാമത്തേതായ പട്ടംതാണുപിള്ളയുടെ പ്രധാനഗുണം അസാമാന്യമായ തന്റേടമാണ്. അഹംഭാവമെന്നോ അഹങ്കാരമെന്നോ പറയാവുന്ന ആത്മവിശ്വാസം. തോമസ് ചാഴികാടൻ ഒരിക്കൽ പട്ടത്തെ വില്ല്യംപിറ്റിനോട് ഉപമിച്ചിട്ടുണ്ട്. ‘‘ഇംഗ്ലണ്ടിലെ പ്രധാനമന്ത്രി വില്ല്യംപിറ്റ് പറയാറുണ്ടായിരുന്നു ’എനിക്കറിയാം എനിക്ക് ഇംഗ്ലണ്ടിനെ രക്ഷിക്കാൻ കഴിയുമെന്ന്, എനിക്കറിയാം എനിക്കു മാത്രമേ ഇംഗ്ലണ്ടിനെ രക്ഷിക്കാനാവൂ എന്ന്. എനിക്കറിയാം മറ്റൊരാൾക്കും ഇംഗ്ലണ്ടിനെ രക്ഷിക്കാനാവില്ലെന്ന്’- പട്ടത്തിന് അദ്ദേഹത്തെക്കുറിച്ചുള്ള അഭിപ്രായം വില്ല്യംപിറ്റിനുണ്ടായിരുന്നതു തന്നെയാണ്‘- ഇതാണ് ചാഴികാടൻ പറഞ്ഞത്. പിണറായിക്ക് അദ്ദേഹത്തെക്കുറിച്ചുള്ള അഭിപ്രായവും മറ്റൊന്നല്ല. പിണറായിക്കറിയാം പിണറായിക്കല്ലാതെ മറ്റൊരാൾക്കും കേരളത്തെ രക്ഷിക്കാനാവില്ലെന്ന്. ’’മറ്റാരുണ്ട്?’’ എന്നാണല്ലോ അദ്ദേഹത്തിന്റെ പരസ്യവാചകംതന്നെ! എൺപത്തിയൊന്നാം വയസ്സിൽ അദ്ദേഹം മുഖ്യമന്ത്രിസ്ഥാനത്തേക്ക് മത്സരിക്കുന്നത് പോലും കേരളത്തെ രക്ഷിക്കാൻ വേണ്ടി മാത്രമാണ്.
ഈ മൂന്ന് ചരിത്രപുരുഷന്മാർക്കുള്ള പൊതുഗുണം ഡീലുണ്ടാക്കാനുള്ള മിടുക്കായിരുന്നു. ലീഡർ കെ. കരുണാകരനെ ’’ഡീലർ’’ എന്നുതന്നെ വിളിച്ചവരുണ്ട്. 1956ൽ കേരള സംസ്ഥാനമുണ്ടായി അടുത്തവർഷം ആദ്യ തെരഞ്ഞെടുപ്പ് നടന്നതു മുതൽ ഇങ്ങോട്ട് ഡീലില്ലാത്ത ഒരു തെരഞ്ഞെടുപ്പുണ്ടായിട്ടില്ല. തെളിവ് അത്യാവശ്യമായി തോന്നുന്നവർക്ക് ഇ.എം.എസ് നമ്പൂതിരിപ്പാട് എഴുതിയ കമ്യൂണിസ്റ്റ് പാർട്ടി കേരളത്തിൽ എന്ന ഗ്രന്ഥം എടുത്ത് പരിശോധിക്കാവുന്നതാണ്. കാലാകാലങ്ങളിലുണ്ടായ തരാതരം ഡീലുകൾ പഠിക്കാം. ഒരു ഉദാഹരണം: (1962) ’’കമ്യൂണിസ്റ്റ് സ്ഥാനാർഥികളെ ലീഗോ ലീഗ്സ്ഥാനാർഥികളെ കമ്യൂണിസ്റ്റ് പാർട്ടിയോ പിന്താങ്ങിയില്ല. രണ്ടുപാർട്ടികളുടേയും ഔദ്യോഗിക സ്ഥാനാർഥികൾ മത്സരിക്കുന്നിടത്തെല്ലാം അവ തമ്മിൽ ഏറ്റുമുട്ടി. എന്നാൽ, ഇരുപാർട്ടികളും പിന്തുണനൽകുന്ന സ്വതന്ത്രന്മാരുണ്ടായിരുന്നു.
തലശ്ശേരിയൽ എസ്.കെ പൊറ്റക്കാട്ടും വടകരയിൽ എ.വി. രാഘവനും. അവർ രണ്ടുപേരും ജയിച്ച് ലോകസഭയിലേക്ക് പോവുകയും ചെയ്തു. ലീഗിന്റെ പിന്തുണയോടെയാണെങ്കിലും കമ്യൂണിസ്റ്റ് പാർട്ടിയുടെ രണ്ട് അനുഭാവികൾ പാർലമെന്റിൽ എത്തിയെന്നത് പാർട്ടിയെ സംബന്ധിച്ചേടത്തോളം ആവേശകരമായ അനുഭവമായിരുന്നു’’. ഇത്തരം ഏർപ്പാടിനാണല്ലോ രാഷ്ട്രീയ മലയാളത്തിൽ ഡീൽ എന്നു പറയുന്നത്. അതില്ലാത്ത ഒരു തെരഞ്ഞെടുപ്പ് കേരളത്തിൽ കടന്നുപോയിട്ടില്ലല്ലോ. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ മാത്രമല്ല, കൊലപാതകരാഷ്ട്രീയത്തിൽ പോലും ഡീലുണ്ടാക്കാൻ മിടുക്കുതെളിയിച്ച നേതാവിന്റെ കാലമാണല്ലോ ഇത്. കൊലമണ്ഡലത്തിൽ സി.പി.എമ്മും ആർ.എസ്.എസും പോരിഞ്ഞപോര് നടത്തുമ്പോഴാണല്ലോ തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ ഇരുപ്രസ്ഥാനങ്ങളടേയും നേതാക്കൾ ഇരുന്ന് സമാധാനത്തിന് ഡീലുണ്ടാക്കിയത്. മധ്യസ്ഥശ്രീക്ക് അന്ന് ഭൂമിയായാണല്ലോ ബ്രോക്കറേജ് കൊടുത്തത്. പിന്നെയാണോ തെരഞ്ഞെടുപ്പിൽ ഡീലുണ്ടോ ഇല്ലയോ എന്ന് തർക്കിക്കാൻ നിൽക്കുന്നത്. പോയി പൂജിക്കനഡേയ്!
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.