കോഴിക്കോട് കടപ്പുറത്ത് നടത്തിയ മഹാസമ്മേളനത്തിൽ ജോർജ് പ്രസംഗിച്ചത് കേട്ടവരും കണ്ടവരും ഒരിക്കലും അയാളുടെ അപ്പനെ മറക്കില്ല. അസ്സലാമു അലൈക്കും എന്ന് തുടങ്ങി ബിസ്മിയും ഹംദും തെറ്റില്ലാതെ ഓതിയശേഷം അയാൾ അന്ന് പ്രസംഗത്തിലേക്ക് കടന്നത് സ്വന്തം അപ്പനെപ്പിടിച്ച് ആണയിട്ടുകൊണ്ടാണ്
വേദപുസ്തകത്തിൽ യോഹന്നാൻ എഴുതിയ ഒന്നാമത്തെ ലേഖനം ശ്രദ്ധയോടെ വായിക്കണം. എങ്കിലേ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നതും ഇനിയങ്ങോട്ട് നടക്കാൻ പോകുന്നതുമായ കാര്യങ്ങൾ പിടികിട്ടുകയുള്ളൂ. ‘നമ്മുടെ മധ്യസ്ഥൻ’ എന്ന ഉപതലക്കെട്ടിൽ തുടങ്ങുന്ന രണ്ടാം ഖണ്ഡികയിലെ പതിനെട്ടാം വചനംമുതൽ വായിപ്പിൻ: ‘‘കുഞ്ഞുങ്ങളേ, ഇത് അവസാന മണിക്കൂറാണ്. അന്തിക്രിസ്തു വരുന്നു എന്നു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. ഇപ്പോൾതന്നെ വ്യാജക്രിസ്തുമാർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് അവസാനമണിക്കൂറാണെന്ന് അതിൽനിന്ന് നമുക്കറിയാം. അവർ നമ്മുടെ കൂട്ടത്തിൽനിന്നാണു പുറത്തുപോയത്; അവർ നമുക്കുള്ളവരായിരുന്നില്ല. നമുക്കുള്ളവരായിരുന്നെങ്കിൽ നമ്മോടുകൂടെ നിൽക്കുമായിരുന്നു. എന്നാൽ, അവരാരും നമുക്കുള്ളതല്ലെന്ന് ഇങ്ങനെ തെളിഞ്ഞിരിക്കുന്നു. നിങ്ങൾ സത്യം അറിയായ്കകൊണ്ടല്ല ഞാൻ നിങ്ങൾക്കെഴുതുന്നത്. നിങ്ങൾ സത്യം അറിയുന്നതുകൊണ്ടും വ്യാജമായതൊന്നും സത്യത്തിൽനിന്നല്ലാത്തതുകൊണ്ടുമാണ്’’ (1 യോഹന്നാൻ 2:18). അപ്പോസ്തലനായ യോഹന്നാൻ ഇത്രയും വ്യക്തമായി എഴുതിയിട്ടുള്ള ലേഖനങ്ങളും അതടങ്ങിയ സത്യവേദപുസ്തകവും കൈയിലിരിക്കേ, അന്തിക്രിസ്തുവും മകനും പൂഞ്ഞാർവഴി ഇറങ്ങിവന്ന് കുഞ്ഞാടുകളെ കട്ടോണ്ടുപോകുമ്പോൾ സഭാപിതാക്കന്മാർ ഉറക്കംനടിച്ചോളുമെന്ന് പ്ലാത്തോട്ടത്തിൽ ചാക്കോയുടെ മകൻ ജോർജോ, പ്ലാത്തോട്ടത്തിൽ ജോർജിന്റെ മകൻ ഷോണോ അമിത് ഷാക്ക് ഉറപ്പുകൊടുത്തിട്ടുണ്ടെങ്കിൽ, ആ ഉറപ്പിന്മേൽ അച്ചാരംവല്ലതും വാങ്ങിയിട്ടുണ്ടെങ്കിൽ, മെത്രാനച്ചന്മാർ എന്തുപിഴച്ചു? പൂഞ്ഞാറിലെ അന്തിക്രിസ്തുവും മകനുംകൂടി എന്തിന് മെത്രാന്മാരെ ഭള്ളുപറയുന്നു?
ഇരിക്കട്ടെ, ഇതിനിടയിൽ എന്തിന് പ്ലാത്തോട്ടത്തിൽ ചാക്കോച്ചനെ പറയുന്നു എന്ന് ചിലർക്കെങ്കിലും തോന്നുന്നുണ്ടാവാം. ഷോൺ പിഴച്ചതിന് പ്ലാത്തോട്ടത്തിൽ ജോർജിനെ പറയാം. കൊണ്ടുനടന്ന് പിഴപ്പിച്ചതാണ്. എന്നാൽ, ജോർജ് പിഴച്ചതിന് പ്ലാത്തോട്ടത്തിൽ ചോക്കോച്ചനെ പറയണോ എന്ന് സംശയിക്കുന്നവരുണ്ടാകാം. അവരോടായിട്ട് പറയുകയാണ്. വേണം. പ്ലാത്തോട്ടത്തിൽ ചാക്കോയെ എപ്പോഴും ഓർമിപ്പിച്ചുകൊണ്ടിരിക്കണമെന്ന് ജോർജുതന്നെ പരസ്യമായി പറഞ്ഞിട്ടുണ്ട്. കടലോളം പുരുഷാരം ഒത്തുകൂടിയ ഒരു കടപ്പുറത്തുവെച്ചാണ് ഒരു പതിറ്റാണ്ടു മുമ്പ് ജോർജ് അത് പറഞ്ഞത്. കൃത്യമായിപ്പറഞ്ഞാൽ 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം. ആ തെരഞ്ഞെടുപ്പിന്റെ വിശേഷം അറിയാമല്ലോ. അന്ന് പി.സി. ജോർജ് സ്വതന്ത്രനായി പൂഞ്ഞാറിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചപ്പോൾ ആദ്യമായി പിന്തുണപ്രഖ്യാപിച്ചത് എസ്.ഡി.പി.ഐ എന്ന പാർട്ടിയാണ്. അവർക്ക് പൂഞ്ഞാറിൽ, പ്രത്യേകിച്ച് പേട്ടയിൽ അസാരം വോട്ടുണ്ടല്ലോ. അതായിരുന്നു അന്ന് ജോർജിന്റെ മൂലധനം. അതിന്മേലാണ് ജോർജ് പ്രചാരണം കെട്ടിപ്പൊക്കിയതും 27,821 വോട്ട് ഭൂരിപക്ഷത്തിന് ജയിച്ചുപോയതും. അതിനുപിന്നാലെ ആ പാർട്ടിക്കാർ കോഴിക്കോട് കടപ്പുറത്ത് നടത്തിയ മഹാസമ്മേളനത്തിൽ ജോർജ് പ്രസംഗിച്ചത് കേട്ടവരും കണ്ടവരും ഒരിക്കലും അയാളുടെ അപ്പനെ മറക്കില്ല.
അസ്സലാമു അലൈക്കും എന്ന് തുടങ്ങി ബിസ്മിയും ഹംദും തെറ്റില്ലാതെ ഓതിയശേഷം അയാൾ അന്ന് പ്രസംഗത്തിലേക്ക് കടന്നത് സ്വന്തം അപ്പനെപ്പിടിച്ച് ആണയിട്ടുകൊണ്ടാണ്. അതും നസ്രാണി മട്ടിലല്ല. തികഞ്ഞ മേത്തൻ മട്ടിൽ. ‘‘എന്റെ ബാപ്പ, (കൈ നെഞ്ചത്ത് അടിക്കുന്നു) പ്ലാത്തോട്ടത്തിൽ ചാക്കോച്ചനാണെങ്കിൽ ഈ ജന്മത്തിൽ ഞാൻ നിങ്ങളെവിട്ട് പോകത്തില്ല. കാരണം, കൂടെ ആരുമില്ലാതെ ഞാൻ ഒറ്റക്ക് മത്സരിച്ചപ്പോൾ, ‘ഞങ്ങൾ നിങ്ങൾക്ക് പിന്തുണപ്രഖ്യാപിക്കട്ടെ, അത് ബുദ്ധിമുട്ടാകുമോ?’ എന്നു ചോദിച്ചുകൊണ്ട് വന്നത് ഈ പാർട്ടിയാണ്. പരസ്യമായി പ്രഖ്യാപിച്ചോളാൻ ഞാൻ പറഞ്ഞു. എന്നിട്ട് തോൽക്കുകയാണെങ്കിൽ തോൽക്കട്ടെ. അതുകൊണ്ടുവരുന്ന നഷ്ടം വരട്ടെ എന്ന് വെച്ചാണ് മത്സരിച്ചത്. നിങ്ങളാണ് എനിക്കുവേണ്ടി കഷ്ടപ്പെട്ടത്. നിങ്ങളെവിട്ട് ഞാൻ പോകത്തില്ല’’ -ഇതായിരുന്നു പി.സി. ജോർജിന്റെ പ്രസംഗം. ജോർജിന്റെ അതേനിലവാരത്തിൽനിന്നാണ് ജോർജിന്റെ രാഷ്ട്രീയം വിലയിരുത്തുന്നതെങ്കിൽ ‘‘അപ്പനിപ്പോഴും പഴയ ചാക്കോതന്നെയാണോ’’ എന്നാണ് ചോദിക്കേണ്ടത്. അത്രയും താഴാനാകില്ലല്ലോ. ഏതായാലും അതിനുശേഷം പ്ലാത്തോട്ടത്തിൽ ജോർജ് ചെയ്തുകൂട്ടിയതൊന്നും പിതാവായ പ്ലാത്തോട്ടത്തിൽ ചാക്കോക്കും രാഷ്ട്രീയഗുരുവായ ഹാജി വി.എം.എ കരീംസാഹിബിനും നിരക്കുന്നതല്ല. മുസ്‍ലിംലീഗിന്റെ സംസ്ഥാന സെക്രട്ടറിയും അനേകകാലം ഈരാറ്റുപേട്ട പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ഹാജി വി.എം.എ കരീംസാഹിബാണ് രാഷ്ട്രീയത്തിൽ പി.സി. ജോർജിന്റെ വഴികാട്ടി. ഇനിയിപ്പം പറഞ്ഞിട്ട് കാര്യമില്ല. പറ്റാനുള്ളത് പറ്റി. ആ രണ്ട് ആത്മാക്കൾക്കും ഉടയതമ്പുരാൻ ശാന്തിനൽകട്ടെ എന്ന് പ്രാർഥിക്കാനേ നമുക്ക് കഴിയൂ.
പി.സി. ജോർജ് രാഷ്ട്രീയത്തിലെ പെരുച്ചാഴിയാണ്. തനിത്തുരപ്പൻ- ഇരുന്നിടം കുഴിക്കും. ആ സ്വഭാവംകാരണം മാണിഗ്രൂപ്പിലും ജോസഫ്ഗ്രൂപ്പിലും ഇടമില്ലാതായി. എൽ.ഡി.എഫിലും യു.ഡി.എഫിലും വിലയില്ലാതായി. ഉമ്മൻ ചാണ്ടിക്കും പിണറായിക്കും വേണ്ടാതായി. നാവുകൊണ്ട് പാപം ചെയ്യുന്നവന്റെ വിധി വേദപുസ്തകത്തിൽ പറഞ്ഞിട്ടുണ്ടല്ലോ. ‘‘ദൈവം അവനെ തെന്നുന്ന സ്ഥലത്ത് നിർത്തുകയും നാശത്തിലേക്ക് വഴുതിവീഴാൻ ഇടയാക്കുകയും ചെയ്യും’’ എന്ന്. അതാണ് പ്ലാത്തോട്ടത്തിൽ ചാക്കോ ജോർജിന് സംഭവിച്ചത്. ഏഴുതവണ ജയിച്ച് എം.എൽ.എയായ സ്വന്തം മണ്ഡലത്തിൽ എട്ടാംതവണ മത്സരിച്ചപ്പോൾ തോറ്റു. എൽ.ഡി.എഫിൽ നിന്നാലും യു.ഡി.എഫിൽ നിന്നാലും രണ്ടിലുമല്ലാതെ തനിയെ നിന്നാലും സ്വന്തംനാട്ടിൽനിന്ന് ജയിച്ചുകയറുന്ന കാലമുണ്ടായിരുന്നു. ഒടുവിലെന്തായി? സ്വന്തം വീടുപോലെ സകല വീട്ടിലും കയറിയിറങ്ങിയിരുന്ന ആൾ നാട്ടിൽ ഒറ്റക്കുറുക്കനായി. മഹല്ലുകളിലെ ശാഫി-ഹനഫി തർക്കങ്ങളിൽ വരെ മാധ്യസ്ഥ്യം വഹിച്ചിരുന്ന ഒരാളുടെ അവസ്ഥയാണെന്നോർക്കണം. മരണവീട്ടിൽ കയറിച്ചെന്നാൽപോലും ആളുകൾ സംശയത്തോടെ നോക്കുന്ന ഗതിയായി. അങ്ങനെയൊരാൾക്ക് ഈ നാട്ടിൽ അഭയം ബി.ജെ.പി മാത്രമാണല്ലോ. അങ്ങോട്ടാണ് മകന്റെ കൈപിടിച്ച് ജോർജ് കയറിച്ചെന്നത്. ആ പാർട്ടി രണ്ടുപേരേയും സ്വീകരിച്ചാനയിച്ചു.
രാഷ്ട്രീയമാണ് ജീവിതമാർഗമെങ്കിൽ മനുഷ്യരുമായി നല്ലബന്ധം പുലർത്തണം. അതില്ലാത്തവർക്ക് പറ്റിയത് ബി.ജെ.പിയാണ്. ആ പാർട്ടിക്ക് വെറുപ്പാണല്ലോ തുറുപ്പുശീട്ട്. ബി.ജെ.പിയിലെത്തിയതു മുതൽ ജോർജിന്റെ നാവു പ്രവർത്തിച്ച രീതി പറയേണ്ടതില്ലല്ലോ. അതിന്റ ഫലമാണിപ്പോൾ അനുഭവിക്കുന്നത്. അപ്പനും മകനും ഒരേസമയം ബി.ജെ.പി സ്ഥാനാർഥികളായി സീറ്റുവാങ്ങിയത് ഇംഗ്ലീഷിൽ ചില സാങ്കേതികപ്രയോഗങ്ങളൊക്കെ എടുത്തുവീശിയിട്ടാണ്. ‘പൊട്ടൻഷ്യൽ വിന്നബിലിറ്റി’ പോലുള്ള ചില ഷോൺപ്രയോഗങ്ങളിൽ കാര്യവാഹക്മാർ വീണുപോയതാണ്. അങ്ങനെയുള്ള ഇരുപത്തൊന്ന് സീറ്റുകൾ ഉറങ്ങിക്കിടക്കുന്നുണ്ടെന്നും താനും അപ്പനും ക്രിസ്ത്യൻ വോട്ട് ഉണർത്തിക്കൊടുക്കാമെന്നും അങ്ങനെയാകുമ്പോൾ അതിലൊക്കെ ജയിച്ചുവരാമെന്നുമാണ് ഷോൺ വക്കീൽ സമർഥിച്ചത്. അത് വിശ്വസിച്ചാണ് ബി.ജെ.പി അടുത്തടുത്ത മണ്ഡലങ്ങളിൽ അപ്പനേയും മകനേയും മത്സരിപ്പിച്ചത്. എന്നാൽ, മെത്രാനച്ചന്മാർ കൃത്യസമയത്ത് ഉണർന്നു. ബി.ജെ.പി ചെയ്തുകൊണ്ടിരിക്കുന്ന േദ്രാഹങ്ങൾ അവർ നാട്ടുകാരെ ഓർമിപ്പിച്ചു. അതോടെ ഷോണിനേയും അപ്പനേയും ദുരാത്മാവ് ആവേശിച്ചു. അതാണ് ഷോണിന് സാത്താൻ കയറിയപ്പോൾ ‘‘അമിത് ഷാ ചോദിച്ചാൽ ഞാൻ എന്നാ പറയും’’ എന്ന് ആക്രോശിച്ചത്.
ഇപ്പോ, അപ്പനും മകനും നല്ല ഇളക്കത്തിന്റെ നേരമാണ്. കുരിശു കണ്ടുകൂടാ. മെത്രാനച്ചന്മാരെ കണ്ടുകൂടാ. ദീപിക കണ്ടുകൂടാ. പത്രങ്ങൾക്കും ജീവനും ജാതകവുമുണ്ട്. ജന്മോദ്ദേശ്യം പൂർത്തിയാക്കാനാണ് അവ ജീവിച്ചിരിക്കുന്നത്. ദീപികയും അങ്ങനെത്തന്നെ. പിറന്നപ്പോൾ അതിനെ വിളിച്ച പേര് നസ്രാണിദീപിക എന്നായിരുന്നല്ലോ. ‘‘ഒരുത്തൻ സ്വഭാവഗുണംകൊണ്ട് കുടുംബം കുളംതോണ്ടി എന്നിരിക്കട്ടെ, ആ കഥ പത്രത്തിലെഴുതിയാൽ ആളുകളുടെ മുഖംകറുക്കും. എഴുതിയില്ലെങ്കിലോ, ചങ്കുറപ്പില്ലാത്തവൻ എന്ന റിമാർക്കാവും ലഭിക്കുക. ചുണവേണം, നട്ടെല്ലുവേണം, പത്രാധിപർക്ക് ധൈര്യമുണ്ടോ? അയാളുടെ പത്രം സർക്കാറിന്റെ ഗസറ്റാണോ എന്നൊക്കയാവും അപ്പോൾ ചോദിക്കുക’’ എന്ന് 123 കൊല്ലംമുമ്പ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയപ്പോൾ ചൂണ്ടിക്കാട്ടിയ പത്രമാണ് ദീപിക (1903 ഫെബ്രുവരി-8). ഇപ്പോൾ സ്വഭാവഗുണംകൊണ്ട് രാഷ്ട്രീയജീവിതം കുളംതോണ്ടിയ ഒരുത്തൻ ആ പത്രത്തോട് പടവെട്ടുന്നത് കൗതുകം മാത്രമല്ല കാവ്യനീതികൂടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.