പട്ടം താണുപിള്ള, പി.ടി. ചാക്കോ, ആർ. ശങ്കർ

63 എം.എൽ.എമാർ അഥവാ അപശകുനം

തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ കേരളനിയമസഭയിൽ കോൺഗ്രസിനുള്ളത് 63 എം.എൽ.എമാരാണല്ലോ. ആ സംഖ്യ കേരളത്തിലെ കോൺഗ്രസിനെ സംബന്ധിച്ച് ഒരു അപശകുനമാണ്. ഇപ്പോഴത്തെ കോൺഗ്രസുകാർക്ക് ഓർമയുണ്ടോ എന്നറിയില്ല, കേരള ചരിത്രത്തിൽ ആദ്യമായി കോൺഗ്രസ് സ്വന്തമായി മന്ത്രിസഭയുണ്ടാക്കിയപ്പോൾ എം.എൽ.എമാരുടെ എണ്ണം 63 ആയിരുന്നു. രണ്ടുവർഷം തികയുംമുമ്പേ അവിശ്വാസപ്രമേയത്തിൽതട്ടി തകർന്ന ആ മന്ത്രിസഭയാണ് കേരളത്തിലെ അവസാനത്തെ ഏകകക്ഷിമന്ത്രിസഭ. കോൺഗ്രസ് എന്നല്ല ഒരു പാർട്ടിയും പിന്നീട് കേരളം ഒറ്റക്ക് ഭരിച്ചിട്ടില്ല. ആർ. ശങ്കറായിരുന്നു ആ മന്ത്രിസഭയുടെ ദുരന്തനായകൻ. മന്ത്രിസഭയുടെ രാജിമാത്രമല്ല, നേതാക്കന്മാർക്ക് മാനഹാനി, ജീവനഷ്ടം, പാർട്ടിക്ക് പിളർപ്പ്, ചില നേതാക്കന്മാരുടെ രാഷ്ട്രീയജീവിതത്തിന്റെ അന്ത്യം, എന്നുവേണ്ട എല്ലാ ദുഷ്ഫലങ്ങളും ദുരന്തങ്ങളും കോൺഗ്രസിന് സമ്മാനിച്ച സംഖ്യയാണ് നിയമസഭയിലെ 63.

1960ലാണ് തെരഞ്ഞെടുപ്പ് നടന്നത്. കോൺഗ്രസും പി.എസ്.പിയും മുസ്‍ലിം ലീഗും ചേർന്നുള്ള സഖ്യമാണ് മത്സരിച്ചത്. മുക്കൂട്ട് മുന്നണി. ‘‘ഒറ്റക്കൊടിയിൽ മൂന്നുകൊടി, വോട്ടുകഴിഞ്ഞാൽ തമ്മിലടി’’ എന്നായിരുന്നു തെരഞ്ഞെടുപ്പുകാലത്ത് എതിരാളികളായ കമ്യൂണിസ്റ്റുകാർ വിളിച്ച മുദ്രാവാക്യം. 126 അംഗങ്ങളെയാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കുന്നത്. ഒരു നോമിനേറ്റഡ് അംഗമുണ്ടാവുമെങ്കിലും അദ്ദേഹത്തിന് വോട്ടവകാശമില്ല. കോൺഗ്രസിന് 63, പി.എസ്.പിക്ക് 20, മുസ്‍ലിം ലീഗിന് 11 എന്നിങ്ങനെയായിരുന്നു ഭൂരിപക്ഷംകിട്ടിയ മുന്നണിയിലെ കക്ഷിനില. തെരഞ്ഞെടുപ്പു കഴിഞ്ഞതും പ്രതിപക്ഷത്തെ സന്തോഷിപ്പിച്ചുകൊണ്ട് മുക്കൂട്ടുമുന്നണിയിൽ കലഹം തുടങ്ങി.

ഒന്നിച്ചുനിന്ന് മുന്നണിയുണ്ടാക്കി, ഒന്നിച്ചുപ്രചാരണം നടത്തി വിജയിച്ചുവന്ന ഘടകക്ഷിയായ മുസ്‍ലിം ലീഗിനെ മന്ത്രിസഭയിൽ എടുക്കാനാവില്ല എന്ന് കോൺഗ്രസ് ശഠിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. കോൺഗ്രസ് ദേശീയനേതൃത്വത്തിന് അത് ആലോചിക്കാനേ വയ്യ. ദക്ഷിണേന്ത്യയിൽ മുസ്‍ലിം ലീഗുമായി ചേർന്ന് ഭരണം പങ്കിടുന്നത് ഉത്തരേന്ത്യയിൽ ദോഷം ചെയ്യും എന്നായിരുന്നു കോൺഗ്രസിന്റെ വാദം. സഖ്യകക്ഷിയായ പി.എസ്.പിയും ദേശീയപത്രങ്ങളും മുസ്‍ലിം ലീഗിനുവേണ്ടി വാദിച്ചെങ്കിലും കോൺഗ്രസ് നേതൃത്വം അമ്പിനുംവില്ലിനും അടുത്തില്ല. മന്ത്രിസ്ഥാനം കൊടുക്കില്ല, പകരം സ്പീക്കർസ്ഥാനം കൊടുക്കാമെന്നായി കോൺഗ്രസ്. അങ്ങനെയാണ് കെ.എം. സീതിസാഹിബ് കേരള നിയമസഭാ സ്പീക്കർ ആകുന്നത്. നഷ്ടമായി എന്ന് ലീഗിന് തോന്നാതിരിക്കാൻ ഒരു രാജ്യസഭാംഗത്വവും കൊടുത്തു. ലീഗ് ഇബ്രാഹീം സുലൈമാൻ സേട്ടിനെ പാർലമെന്റിലെത്തിച്ചു. ഒരർഥത്തിൽ ലീഗിന് ലാഭമായി.

മുസ്‍ലിംലീഗിനുവേണ്ടി പി.എസ്.പി ശക്തമായി വാദിച്ചു എന്നുപറഞ്ഞല്ലോ. പി.എസ്.പിയുടെ ദേശീയനേതൃത്വം ശക്തമായി വാദിച്ചുവരുന്നതിനിടെ സംസ്ഥാനനേതൃത്വം തണുത്തു. പിന്നെക്കേട്ടത് മുഖ്യമന്ത്രിസ്ഥാനം കോൺഗ്രസ് എടുക്കുന്നില്ല, പി.എസ്.പിയുടെ നേതാവ് പട്ടംതാണുപിള്ളയെ മുഖ്യമന്ത്രിയാക്കുന്നു എന്നാണ്. പട്ടത്തിന്റെ പാർട്ടിക്ക് 20 എം.എൽ.എമാരേയുള്ളൂ, കോൺഗ്രസിന് 63 ഉണ്ട്. എന്നിട്ടും മുഖ്യമന്ത്രിസ്ഥാനം പട്ടത്തിന് കൊടുത്തു. അതിന് പല കാരണങ്ങളും പറഞ്ഞുകേട്ടിരുന്നു. തിരുവിതാംകൂറിലെ തലയെടുപ്പുള്ള നേതാവും വിമോചനസമരത്തിന്റെ മുൻനിര നേതാവും ആയതുകൊണ്ട് പട്ടത്തെ ബഹുമാനിക്കാനായി ചെയ്തു എന്നൊക്കെയാണത് കേട്ടത്. അതൊന്നും അത്രയങ്ങ് ന്യായീകരിക്കത്തക്ക കാരണമായി ആർക്കും തോന്നിയില്ല. വിമോചനസമരത്തിലെ തലയെടുപ്പുള്ള നേതാക്കളായി കോൺഗ്രസിൽ അർ. ശങ്കറും പി.ടി. ചാക്കോയുമുണ്ട്. അവരുണ്ട് എന്നതായിരുന്നു യഥാർഥപ്രശ്നം എന്ന് വിശ്വസിച്ചവരും ഉണ്ട്. കോൺഗ്രസ് നേതാക്കൾക്കിടയിൽ സമവായം ഉണ്ടാക്കാനായില്ല എന്നതും ഒരു പ്രശ്നമായി രേഖപ്പെടുത്തിയവരുണ്ട്. അതല്ല, എസ്.എൻ.ഡി.പി നേതാവുമായ ആർ. ശങ്കറെ മുഖ്യമന്ത്രിയാക്കുന്നത് ഇഷ്ടമില്ലാത്തവർ ചരടുവലിച്ച് പട്ടത്തെ കൊണ്ടുവന്നതാണ് എന്ന് കരുതുന്നവരുമുണ്ട്. എന്തായാലും 1960 ഫെബ്രുവരി 22ന് പി.എസ്.പി നേതാവ് പട്ടംതാണുപിള്ള മുഖ്യമന്ത്രിയായി. കെ.പി.സി.സി പ്രസിഡന്റായിരുന്ന ആർ. ശങ്കർ ഉപമുഖ്യമന്ത്രിയായി. ലീഗ് നേതാവ് കെ.എം. സീതിസാഹിബ് സ്പീക്കറും. മുക്കൂട്ടുമുന്നണി ഭരണം തുടങ്ങി.

അത് ഏറെയൊന്നും മുന്നോട്ടുപോയില്ല. പട്ടംതാണുപിള്ളയുടെ അപ്രമാദിത്വം സഹിക്കാൻ കോൺഗ്രസിൽ ആർക്കും കഴിയുമായിരുന്നില്ല. ഇപ്പോഴത്തെ അവസ്ഥയിൽ പൊളിറ്റിക്കലി കറക്ടല്ലാത്ത പെരുമാറ്റമായിരുന്നു മുഖ്യമന്ത്രിയുടേത്. ഉപമുഖ്യമന്ത്രിയുടെ പേരുപോലും ശരിക്ക് ഉച്ചരിക്കില്ല. മന്ത്രി പി.ടി. ചാക്കോ ആകട്ടെ, തൊട്ടടുത്ത മുറിയിലിരിക്കുന്ന മുഖ്യമന്ത്രിക്കുള്ള കടലാസുകൾ രജിസ്ട്രേഡ് പോസ്റ്റായി അയക്കും. ‘‘ഒപ്പിട്ടുവാങ്ങട്ടെ’’ എന്നായിരുന്നു നിലപാട്. കഷ്ടിച്ച് ഒരു വർഷം ആയപ്പോഴേക്ക് സീതിസാഹിബ് മരിച്ചു. സ്പീക്കർ സ്ഥാനത്തേക്ക് പകരം സി.എച്ച്. മുഹമ്മദ്കോയയെ ലീഗ് നിർദേശിച്ചപ്പോൾ കോൺഗ്രസിന് പിന്നെയും നെഗളിപ്പ്. സി.എച്ച് ലീഗ് അംഗത്വം രാജിവെച്ച് സ്വതന്ത്രനായിവേണം നാമനിർദേശപത്രിക കൊടുക്കാൻ എന്ന് കോൺഗ്രസ് ശഠിച്ചു. തൽക്കാലം അത് സമ്മതിച്ചെങ്കിലും ഏറെതാമസിയാതെ ലീഗ് മുന്നണിവിട്ടു. മുക്കൂട്ടുമുന്നണിയിൽ രണ്ടു പാർട്ടികളായി. അതിനിടെ പി.എസ്.പിയെ ഒഴിവാക്കി ഏകകക്ഷി മന്ത്രിസഭ ഉണ്ടാക്കണമെന്ന് കോൺഗ്രസിനകത്ത് ആവശ്യമുയർന്നു. പട്ടത്തെ സഹിക്കുന്നതിലുള്ള എതിർപ്പ് പ്രകടിപ്പിക്കാനായി ശങ്കറും ചാക്കോയും കെ.പി.സി.സി എക്സിക്യൂട്ടിവ് യോഗംവരെ ബഹിഷ്കരിച്ചു. 1962 ജൂൺ 18ന് എറണാകുളത്ത് യോഗം ചേർന്നപ്പോഴാണത്. (അക്കാലത്ത് അതൊക്കെ അർഥമുള്ള വേദികളായിരുന്നേ). ഏതായാലും കോൺഗ്രസ് നേതൃത്വം വഴങ്ങി. കോൺഗ്രസിന്റെ ദേശീയനേതൃത്വം ഇടപെട്ട് പട്ടംതാണുപിള്ളയെ ഗവർണർ കസേരയിൽ കയറ്റി. 1962 സെപ്റ്റംബർ 22ന് പട്ടം മുഖ്യമന്ത്രിസ്ഥാനം ഒഴിഞ്ഞ് പഞ്ചാബിലേക്ക് പറന്നു.

സെപ്റ്റംബർ 26ന് ആർ. ശങ്കർ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. പട്ടംമന്ത്രിസഭയിൽ അംഗങ്ങളായിരുന്ന എല്ലാവരേയും ശങ്കർ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നു. എങ്കിലും തങ്ങളുടെ നേതാവിനെ ഗവർണറാക്കി പറപ്പിച്ചുവിട്ടതിൽ പ്രതിഷേധിച്ച് പി.എസ്.പിക്കാർ മന്ത്രിസഭവിട്ടു. അങ്ങനെ മുക്കൂട്ടുമുന്നണി ഇല്ലാതായി. കോൺഗ്രസിന്റെ ഏകകക്ഷിഭരണമായി. 126 അംഗ നിയമസഭയിൽ 63 ഏതാണ്ട് ഭൂരിപക്ഷത്തിനേ ഉള്ളൂവെങ്കിലും സഹായിക്കാൻ ചില സ്വതന്ത്രരുമുണ്ടായിരുന്നു. ഭരണവും മോശമായിരുന്നില്ല. പ്രൈമറി സ്കൂളിലെ പാവപ്പെട്ട കുട്ടികൾക്ക് ഉച്ചക്കഞ്ഞി ഏർപ്പെടുത്തിയതും, പ്രീയൂനിവേഴ്സിറ്റി നിർത്തലാക്കി പ്രീഡിഗ്രി സമ്പ്രദായം തുടങ്ങിയതും വാർധക്യകാല പെൻഷൻ തുടങ്ങിയതും അങ്ങനെ പലനേട്ടങ്ങളും ശങ്കർ സർക്കാറിന്റേതായി എണ്ണാനുണ്ട്. പക്ഷേ, മന്ത്രിസഭാ നേതൃത്വവും കെ.പി.സി.സി നേതൃത്വവും തമ്മിലുള്ള തല്ല് അതിനെയൊക്കെയും കടത്തിവെട്ടുമായിരുന്നു. ആദർശത്തിന്റെ കാരണവരായി അറിയപ്പെട്ടിരുന്ന സി.കെ. ഗോവിന്ദൻ നായരായിരുന്നു കെ.പി.സി.സി പ്രസിഡന്റ്. മുഖ്യമന്ത്രി ആർ. ശങ്കറിനും വ്യവസായമന്ത്രി കെ.എ. ദാമോദര മേനോനും എതിരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണം കെ.പി.സി.സി നേതൃത്വം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയതോടെ സംഗതി മൂർച്ഛിച്ചു. അതിനിടെ സി.കെ. ഗോവിന്ദൻ നായരെ എ.ഐ.സി.സി വർക്കിങ് കമ്മിറ്റിയിലെടുത്തു. പകരം കെ.പി.സി.സി പ്രസിഡന്റിനെ തെരഞ്ഞെടുക്കാൻ മത്സരം നടന്നപ്പോൾ മന്ത്രിസഭാവിഭാഗം നിർത്തിയ സ്ഥാനാർഥി തോറ്റു. എറണാകുളത്തുനിന്നുള്ള ആദർശനേതാവ് കെ.പി. മാധവൻ നായർ കെ.പി.സി.സി പ്രസിഡന്റായിവന്നു.

പാർട്ടി നേതൃത്വവും ഭരണ നേതൃത്വവും അങ്ങനെ അടിവെച്ചടിവെച്ച് മുന്നേറുന്നതിന് ഇടയിലാണ് ആഭ്യന്തരമന്ത്രി പി.ടി. ചാക്കോ സ്വന്തമായി ഓടിച്ചുപോയ സ്റ്റേറ്റ്കാർ തൃശൂർ നഗരത്തിൽവെച്ച് ഒരു ഉന്തുവണ്ടിക്ക് തട്ടിയത്. അത് വാർത്തയായി. അപ്പോൾ കാറിൽ ഒരു സ്ത്രീ ഉണ്ടായിരുന്നു എന്നും ആ സ്ത്രീ കണ്ണടവെച്ചിരുന്നു എന്നും ആ സ്ത്രീ പൊട്ടുതൊട്ടിരുന്നുവെന്നും ആ സ്ത്രീ മന്ത്രിയുടെ ഭാര്യയല്ല എന്നും അടിക്കടി വാർത്ത അപ്ഡേറ്റ് ചെയ്യപ്പെട്ടു. ഇത്തരം വാർത്തകൾ പരക്കാൻ ന്യൂസ്ചാനലും വാട്സ്ആപ്പും ഒന്നും വേണ്ടല്ലോ. അതങ്ങ് പരന്നു- അതോടെ കഥമാറി. കോൺഗ്രസിന് അകത്തും പുറത്തുമുള്ള ചാക്കോയുടെ ശത്രുക്കൾക്ക് ഉത്സവമായി. ജ്യേഷ്ഠാനുജന്മാരെപ്പോലെ കഴിഞ്ഞിരുന്നവരാണ് ചാക്കോയും ശങ്കറും. രാഷ്ട്രീയത്തിലെ സാഹോദര്യബന്ധത്തിന് മികച്ച ഉദാഹരണമായിരുന്നു ഇരുവരും. എല്ലാം തകർന്നു. 1964 ഫെബ്രുവരി 14 ഡി.സി.സി പ്രസിഡന്റുമാരുടെ യോഗംചേർന്നു. ചാക്കോയുടെ കൈയിലുള്ള വകുപ്പുകൾ മുഖ്യമന്ത്രി ഏറ്റെടുക്കണം എന്ന് അഭിപ്രായം ഉയർന്നു. ശങ്കർ അത് നടപ്പാക്കി. പിന്നാലെ നിയമസഭാകക്ഷി ചേർന്നു. ‘‘ചാക്കോയിൽ തനിക്ക് വിശ്വാസം നഷ്ടപ്പെട്ടു’’ എന്ന് ശങ്കർ പ്രഖ്യാപിച്ചു. തകർന്നുപോയ ചാക്കോ ഫെബ്രുവരി 20ന് മന്ത്രിസ്ഥാനം രാജിവെച്ചു. രാഷ്ട്രീയത്തേക്കാൾ നന്ദിയുള്ള പണി വക്കീൽപണിയാണ് എന്ന് പ്രഖ്യാപിച്ച് ചാക്കോ കോടതിയിലേക്ക് മടങ്ങി. ഒരു കേസിന്റെ വാദത്തിനുവേണ്ടി സംഭവസ്ഥലം സന്ദർശിക്കാനായി വന്ന കോഴിക്കോട് ജില്ലയിലെ പേരാമ്പ്രക്കടുത്ത ഒരു മലമ്പ്രദേശമായ കാവിലുംപാറയിൽവെച്ച് ഹൃദ്രോഗം ഉണ്ടായാണ് മരണം. അദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്ക് മരണം സംഭവിച്ചിരുന്നു. കഷ്ടകാലത്തിന് മുഖ്യമന്ത്രി ആർ. ശങ്കർ അന്ന് കോഴിക്കോട്ടുണ്ടായിരുന്നു. പിന്നീടങ്ങോട്ട് ദുരന്തങ്ങളുടെ പരമ്പരയായിരുന്നു. ചാക്കോയെ ശങ്കർ കൂടോത്രംചെയ്ത് കൊന്നതാണ് എന്നുവരെ കേരളം കേട്ടു. മഴയായതിനാൽ പൊലീസ് വാനിൽ മൃതദേഹം നാട്ടിലെത്തിക്കാൻ ശങ്കർ ഏർപ്പാട് ചെയ്തിരുന്നു. ചാക്കോയുടെ അനുയായികൾ തൃശൂരിൽവെച്ച് അത് പിടിച്ചുവാങ്ങി തുറന്നലോറിയിൽ വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോയി. പിന്നീടുണ്ടായ ദുരന്തങ്ങൾ എണ്ണിപ്പറയാം. (1) ചാക്കോഗ്രൂപ്പുകാർ ശങ്കറിനെതിരെ കോപ്പുകൂട്ടി. (2) നിയമസഭയിൽ പ്രതിപക്ഷം ശങ്കർസർക്കാറിന് എതിരെ അവിശ്വാസം കൊണ്ടുവന്നപ്പോൾ ചാക്കോഗ്രൂപ്പിൽനിന്ന് 15 പേർ അവിശ്വാസത്തെ പിന്തുണച്ചു. (3) സ്വന്തം പാർട്ടിയിലെ 15 പേർ എതിർത്തു വോട്ട് ചെയ്ത് കേരളത്തിലെ ആദ്യത്തെ കോൺഗ്രസ് മന്ത്രിസഭ 1974 സെപ്റ്റംബർ എട്ടിന് വീഴ്ത്തി. (4) പിന്നീട് കേരളത്തിൽ ഒരു പാർട്ടിയും ഒറ്റക്ക് ഭരിച്ചിട്ടില്ല. (5) എതിർത്ത് വോട്ട് ചെയ്തവർ പിന്നീട് കോൺഗ്രസ് പിളർത്തി കേരള കോൺഗ്രസുണ്ടാക്കി. (6)1965ൽ നടന്ന അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ആർ. ശങ്കർ ആറ്റിങ്ങലിൽ തോറ്റു. (6) 67ൽ ചിറയിൻകീഴിൽനിന്ന് ലോക്സഭയിലേക്ക് മത്സരിച്ചപ്പോഴും തോറ്റു. (7) പിന്നീട് മത്സരിക്കാൻ സീറ്റുകിട്ടിയില്ല. ആർ. ശങ്കറിന് പിൻവാങ്ങേണ്ടിവന്നു. 63 എം.എൽ.എമാരും നിയമസഭയിലെ ഏറ്റവുംവലിയ ഒറ്റക്കക്ഷിയെന്ന പദവിയും ഇതൊക്കെയാണ് കോൺഗ്രസിന് സമ്മാനിച്ചിട്ടുള്ളത്. 63 അപശകുനമാണേ കോൺഗ്രസുകാരേ!

Tags:    
News Summary - This is what has given the Congress 63 MLAs and the status of the largest single party in the assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.