രാഷ്ട്രീയം സാധ്യതയുടെ കലയാണ് എന്നൊരു ചൊല്ലുണ്ടല്ലോ. കുറച്ച് കോൺഗ്രസ് കലാകാരന്മാർ അണിയറയിൽ വേഷമിടുന്നുമുണ്ടല്ലോ! കുറേയൊന്നുമില്ല, രണ്ട് രണ്ടര, ഏറിയാൽ മൂന്ന്. എത്രപേരായാലും അരങ്ങിലേക്ക് കയറുംമുമ്പ് കാര്യം കൃത്യമായി അറിഞ്ഞുവെക്കണം. ജർമൻ ചാൻസലർ ആയിരുന്ന ഓട്ടോ വോൺ ബിസ്മാർക്കിന്റെ പേരിലാണ് ഈ ആപ്തവാക്യം പതിഞ്ഞുകിടക്കുന്നത്. 1867 ആഗസ്റ്റ് പതിനൊന്നിന് ഫ്രഡറിക് മേയർവോൺ വാൾഡക്ക് എന്ന പത്രക്കാരനു നൽകിയ അഭിമുഖത്തിലാണ് ഈ രാഷ്ട്രീയസിദ്ധാന്തം ബിസ്മാർക്ക് പറഞ്ഞുപോകുന്നത്. ഫ്രഡറിക് മേയർവോൺ, St. Petersburger Zeitung എന്ന പത്രത്തിന്റെ ലേഖകനായിരുന്നു. ‘സാധ്യതയുടെ കല’ എന്നല്ല ‘സാധ്യമായതിന്റെ കല’ എന്നാണ് ബിസ്മാർക്ക് പറഞ്ഞിട്ടുള്ളത്. കൃത്യമായി, ‘‘Politics is the art of possible, the attainable- the art of next best’’ എന്നാണ് പറഞ്ഞത്. ‘‘രാഷ്ട്രീയം എന്നത് സാധ്യമായതിന്റെയും നേടിയെടുക്കാവുന്നതിന്റെയും കലയാണ് - ഏറ്റവും മികച്ചതിന്റെ തൊട്ടുപിന്നിലുള്ളത് നേടിയെടുക്കാനുള്ള തന്ത്രമാണത്’’ എന്ന് തർജമചെയ്യാം. പ്രായോഗിക രാഷ്ട്രീയത്തിന്റെ ആചാര്യനായ ബിസ്മാർക്കിന്റെ രാഷ്ട്രീയതന്ത്രം അക്കാലത്ത് ‘റിയൽ പൊളിറ്റിക്’ എന്നാണ് അറിയപ്പെട്ടിരുന്നത്. രാഷ്ട്രീയമെന്നത് ആദർശങ്ങളിൽ മാത്രം കുരുക്കിയിടേണ്ട ഒന്നല്ല; മറിച്ച്, നിലവിലുള്ള സാഹചര്യങ്ങളിൽ പ്രായോഗികമായി നടപ്പാക്കാൻ കഴിയുന്നതിന് മുൻഗണന നൽകുക എന്നതാണ് അദ്ദേഹത്തിന്റെ ഉപദേശം. ലക്ഷ്യംവെച്ചത് നേടാൻ കഴിഞ്ഞില്ലെങ്കിൽ ലഭ്യമായതിൽ ഏറ്റവും മികച്ചത് (next best) നേടിയെടുക്കുക എന്നതാണ് രാഷ്ട്രീയക്കാരുടെ മികവ് എന്ന് ബിസ്മാർക്ക് വിശ്വസിച്ചു. ഇത്രയും അറിഞ്ഞുവെച്ചിട്ടുവേണം കോൺഗ്രസ് നർത്തകരുടെ സിംഗ്ൾഡാൻസിന് കർട്ടൺ പൊക്കാൻ. മുദ്രയിൽ മാത്രം ശ്രദ്ധിച്ചാൽ, ഒരാൾ മുഖ്യമന്ത്രിയാകുമ്പോൾ ഒരാളെങ്കിലും ദുഃഖമന്ത്രിയാവും. അന്ന് നിരാശ ദേഷ്യമായും പകയായും മാറും. സീൻ ആകെ ഡാർക്കാവും. അതിനേക്കാളൊക്കെ നല്ലത് ബിസ്മാർക്കിന്റെ ലൈൻ പിടിക്കുകയാണെന്ന് ബഹുമാന്യ മത്സരാർഥികളെ ഓർമിപ്പിക്കുകയാണ്.
കെ. മുരളീധരൻ ഈ കളിയിലില്ല. ചെസ്റ്റ് നമ്പറിനുപോലും ശ്രമിക്കുന്നില്ല. ആരും സിംഗ്ൾഡാൻസ് കളിക്കേണ്ട എന്ന് മുന്നറിയിപ്പുകൊടുത്ത് ആ പഴയ നടരാജൻ മാറിനിൽക്കുകയാണ്. ചെറുപ്പത്തിൽ ഒന്നുരണ്ടുതവണ ചുവടുപിഴച്ചതിന്റെ ഓർമ തികട്ടിവരുന്നതിനാൽ അദ്ദേഹമിപ്പോൾ അങ്ങനെയങ്ങ് ചാടിക്കയറി ആടാറില്ല. തന്നെയുമല്ല, വോട്ട് എണ്ണിക്കഴിയുംവരെ കാക്കുകയാവും നല്ലത് എന്നൊക്കെ മനസ്സിലാക്കാൻ വേണ്ടത്ര പക്വത കെ. മുരളീധരന് ആയിക്കഴിഞ്ഞു. ഇതിന്റെ പാതി പക്വത 2004ൽ ഉണ്ടായിരുന്നെങ്കിൽ കെ. മുരളീധരനെ ഇന്ന് കോൺഗ്രസ് മുഖ്യമന്ത്രിയെ തീരുമാനിക്കാവുന്ന വിതാനത്തിൽ കാണാമായിരുന്നു. കെ.പി.സി.സി പ്രസിഡന്റ് പദം ഇട്ടെറിഞ്ഞ് മന്ത്രിയായിട്ടാണ് അന്നദ്ദേഹം നിയമസഭയിലേക്ക് മത്സരിച്ചത്. ഏറ്റവും അനുകൂലമായ വടക്കാഞ്ചേരി മണ്ഡലത്തിൽ അന്ന് ലീഡർവിരുദ്ധ ഗ്രൂപ്പുകൾ മുരളീധരനെ പാലംവലിച്ചു. അന്നാ മത്സരത്തിന് വഴിവെക്കാതിരുന്നെങ്കിൽ! ആങ്, അതൊന്നും ഇനി ആലോചിച്ചിട്ട് കാര്യമില്ല ‘എങ്കിൽ’, ‘പക്ഷേ’ എന്നീ രണ്ട് ഗിയറുകൾ ഇല്ലാത്ത വണ്ടിയാണല്ലോ ചരിത്രം. ഏതായാലും കെ. മുരളീധരൻ രംഗത്തില്ല. വട്ടിയൂർക്കാവിൽ ജയിച്ചെങ്കിൽ, യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടിയെങ്കിൽ, തരക്കേടില്ലാത്ത ഒരു വകുപ്പോടെ മന്ത്രിയായെങ്കിൽ, ആ രാഷ്ട്രീയപ്രതിഭയുടെ പ്രകടനം കാണാം. അത്രമാത്രം.
പിന്നെയുള്ളത്, സ്വാഭാവികമായും മുഖ്യമന്ത്രിയാകാനുള്ള ആളാണ് എന്ന് ഉറച്ചുവിശ്വസിക്കുന്ന വി.ഡി. സതീശനും അഞ്ചുവർഷം മുമ്പ് അങ്ങനെയൊരുറപ്പിലിരിക്കുമ്പോൾ പ്രതിപക്ഷനേതാവിന്റെ പദവി കൈവിട്ടുപോയ രമേശ് ചെന്നിത്തലയുമാണ്. യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടുകയാണെങ്കിൽ, ഈ രണ്ട് നേതാക്കളും തമ്മിലുള്ള മത്സരം പ്രതീക്ഷിക്കുന്നതിൽ അസ്വാഭാവികതയൊന്നുമില്ല. ഈ വ്യവസ്ഥിതിയുടെ സംവിധാനംതന്നെ അങ്ങനെയാണ്. കൂടുതൽ സീറ്റ് നേടിയ കക്ഷിയുടെ സാമാജികർ അവരുടെ നേതാവിനെ തെരഞ്ഞെടുക്കുക എന്നതാണ് രീതി. പക്ഷേ, അങ്ങനെയങ്ങ് നിഷ്കളങ്കമായി അത് നടക്കാറില്ല. തെരഞ്ഞെടുപ്പുകഴിഞ്ഞാൽ കൂടുതൽ എം.എൽ.എമാർ കൂടെയുണ്ടാകുമെന്ന് നേതാക്കൾ സ്ഥാനാർഥി നിർണയഘട്ടത്തിൽതന്നെ ഉറപ്പുവരുത്താറുണ്ട്. അതാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടൻ കാണുന്ന ചവിട്ടുനാടകത്തിന്റെ കഥ. എ-ഐ ഗ്രൂപ്പുകളുടെ പ്രതാപകാലത്ത്, കെ. കരുണാകരൻ സ്വന്തംഗ്രൂപ്പിന്റെ കടിഞ്ഞാൺ കൈയിൽവെച്ചു കളിക്കുകയും ഉമ്മൻ ചാണ്ടി, കെ.സി. ജോസഫ്, ആര്യാടൻ മുതലുള്ള ഗ്രൂപ് മാനേജർമാർ എ ഗ്രൂപ്പിന്റെ ചരടുവലിക്കുകയും ചെയ്തിരുന്നകാലത്ത് സ്ഥാനാർഥിപ്പട്ടിക കണ്ടാൽ അറിയാമായിരുന്നു, ആരായിരിക്കും മുഖ്യമന്ത്രി എന്ന്. കരുണാകരനാണെന്ന് നേരത്തേ മനസ്സിലാക്കിയാൽ പിന്നെ, എ ഗ്രൂപ്പുകാർ കൂടുതൽ മന്ത്രിസ്ഥാനവും നല്ലവകുപ്പുകളും നേടാനാണ് കളിക്കാറുള്ളത്.
ഗ്രൂപ്പുകളും നേതാക്കളും കളിയുടെ നിയമങ്ങൾതന്നെയും മാറിയല്ലോ. എൺപതുകളിൽ തെരുവുകളിലും സ്കൂൾ യുവജനോത്സവങ്ങളിലുമൊക്കെ അരങ്ങേറിയിരുന്ന ‘‘ആധുനികനാടകങ്ങൾ’’ പോലെയാണിപ്പോൾ. കാണികൾ വേദിയിലേക്ക് കണ്ണുംനട്ട് ഇരിക്കുമ്പോഴായിരിക്കും സദസ്സിലൂടെ കൂളായി നടന്നുവന്ന് ഒരാൾ വേദിയിൽ കയറുന്നത്. അയാൾ മൈക്ക് പിടിച്ചുപറ്റി സംഭാഷണം പറയുമ്പോൾ അണികൾ കരുതും പരിപാടി കലക്കാൻ വന്നവനാണെന്ന്, പിന്നീടാണ് മനസ്സിലാകുക കഥാപാത്രമാണെന്ന്. ചില നാടകങ്ങളിൽ നായകൻതന്നെ രംഗത്തുവരുന്നത് ഇങ്ങനെ പാതിക്കുശേഷമാണ്. അതോടെ കളി മാറും. ഇപ്പോൾ കാണുന്നപോലെ, സിറ്റിങ് എം.പിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന് തീരുമാനമെടുത്ത ഹൈകമാൻഡിന്റെ ഭാഗമായിട്ടുള്ള കെ.സി. വേണുഗോപാൽ വോട്ടിങ് കഴിഞ്ഞപ്പോൾ രംഗത്ത് പ്രത്യക്ഷപ്പെട്ടപോലെ. ആ കഥാപാത്രമടക്കം മൂന്നാളുണ്ട് ഇപ്പോൾ മുഖ്യമന്ത്രിക്കപ്പിനുള്ള മത്സരത്തിൽ. അതിൽ രമേശ് ചെന്നിത്തല ശ്രദ്ധിച്ചേ കളിക്കൂ. പ്രായവും അനുഭവങ്ങളും ആളെ പാകപ്പെടുത്തി. നടുവ് ഉളുക്കുന്ന സ്റ്റെപ്പൊന്നും ഇനി വെക്കാനിടയില്ല. ആഭ്യന്തരമന്ത്രിയാകുമെന്ന് ഉറപ്പുകിട്ടിയാലും വഴങ്ങിയേക്കും. മറ്റുരണ്ട് പഴയ കെ.എസ്.യുക്കാരും അങ്ങനെയല്ല. എളുപ്പവഴിക്ക് ക്രിയചെയ്ത് ശീലിച്ചവരാണ്. ഇത്തവണയും അതാണ് ചെയ്തത്. സ്ഥാനാർഥിനിർണയ സമയത്തുതന്നെ വി.ഡി. സതീശൻ പിന്തുണ തികക്കാനുള്ള നീക്കം നടത്തിയിട്ടുണ്ട്. ജയിച്ചാൽ കൂടെ നിൽക്കുന്നവരെ ഉറപ്പാക്കിയിട്ടുണ്ട്. എന്നാൽ, വി.ഡി. സതീശൻ മനസ്സിൽകണ്ടത് കെ.സി. വേണുഗോപാൽ മരത്തിൽകണ്ടു. സതീശൻ വഴി കയറിയവരെപ്പോലും തെരഞ്ഞെടുപ്പുകുളത്തിൽവെച്ച് കെ.സി. വേണുഗോപാൽ ചൂണ്ടയിട്ടു. അതിനുള്ള ഇരയൊക്ക അദ്ദേഹത്തിന്റെ കൂടയിലുണ്ടായിരുന്നു. ജയിച്ചുവരുന്ന കോൺഗ്രസ് എം.എൽ.എമാരുടെ തലയെണ്ണിയാൽ എങ്ങനെയും താൻ ജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് കെ.സി. വേണുഗോപാൽ. സതീശനും അതേ പിടിയിലാണ്. തിരുവനന്തപുരം രാഷ്ട്രീയത്തിൽ മുൻഗാമികളുടെ തലകൊയ്താണ് സതീശൻ കയറിവന്നതെങ്കിൽ ഡൽഹിരാഷ്ട്രീയത്തിൽ കുതികാൽവെട്ടിയാണ് വേണുഗോപാൽ വളർന്നത്. രണ്ടാളും നല്ല വെട്ടുകാരാണ്. പക്ഷേ, ഒളിവെട്ടുതടുക്കാൻ അറിയുമോ എന്നതാണ് പ്രധാനം.
കെ. മുരളീധരന്റെ കഴുത്തിലെ വടു ഓർമയുണ്ടല്ലോ? സിറ്റിങ് എം.എൽ.എ ആയിരുന്ന വി. ബലറാം സീറ്റൊഴിഞ്ഞ് 2004 മേയ് മാസത്തിൽ വടക്കാഞ്ചേരിയിൽ മത്സരിച്ചപ്പോൾ കൊണ്ട വെട്ട്. എല്ലാംകൊണ്ടും കെ. കരുണാകരന്റെ മകന് ജയിക്കാവുന്ന സീറ്റായിരുന്നു. മത്സരിച്ചത് മന്ത്രിയാണ്. എന്നിട്ടും തോറ്റു. കെ.സി. മൊയ്തീൻ ജയിച്ചത് എൽ.ഡി.എഫിന്റെ ശക്തികൊണ്ടാണെന്ന് അവർ ഇന്നും വിശ്വസിക്കുന്നില്ല. കോൺഗ്രസുകാരുടെ ഒളിവെട്ടിന്റെ ആഘാതമായിരുന്നു അത്. കെ.സി, ആ സാധ്യതയൊക്കെയൊന്ന് അറിഞ്ഞുവെക്കണം. ഉറച്ചൊരു മണ്ഡലമൊക്കെ കണ്ണൂരിൽ കിട്ടും. ഇരിക്കൂർ നല്ല മണ്ണാണ്. അവിടെനിന്ന് ജയിച്ചുവരാൻ സാധ്യതയുള്ള കോൺഗ്രസുകാരൻ സ്വാമിഭക്തിയുള്ളയാളാണ്. അദ്ദേഹത്തെ രാജിവെപ്പിച്ച് നിയമസഭയിലേക്ക് മത്സരിക്കുമ്പോൾ അവിടെ ജയിക്കണം. അതിനുമുമ്പുതന്നെ എം.പി സ്ഥാനം രാജിവെക്കണം. ആലപ്പുഴയിൽ ഉപതെരഞ്ഞെടുപ്പുവരും. അവിടെ ആരെ നിർത്തിയാലും ജയിപ്പിച്ചെടുക്കണം. പത്തുവർഷം ഭരിച്ച് ജനവികാരം എതിരാക്കിവെച്ച സർക്കാറിനെ പൊതുതെരഞ്ഞെടുപ്പിൽ തോൽപിക്കുന്നയത്ര എളുപ്പമാവില്ല ഉപതെരഞ്ഞെടുപ്പുകളിൽ ഭരണമുന്നണിയെ ജയിപ്പിച്ചെടുക്കുക എന്നത്. കെ.സി. വേണുഗോപാൽ എന്ന അറുപത്തിമൂന്നുകാരനായ യുവനേതാവിനെ ഓർക്കുമ്പോൾ ഇതൊക്കെ മുന്നിൽവരുന്നു.
വി.ഡി. സതീശൻ എന്ന അറുപത്തൊന്നുകാരൻ നിയമസഭാപാർട്ടിയിൽ തോൽക്കുമോ എന്നല്ല പേടി. പറവൂർ അങ്കത്തട്ടിൽനിന്ന് പരിക്കില്ലാതെ കയറിവന്നാൽത്തന്നെ പാതിവിജയിച്ചു എന്ന് കരുതുന്ന ഗണികന്മാരുണ്ട്. പിണറായിപ്പടയുടെ വെട്ടുമാത്രമല്ല, സ്വന്തംഭാഗത്തെ ചില ഇളമുറചേകോന്മാരെയും പേടിക്കണം. ഒളിവെട്ടുവീരന്മാരുണ്ടല്ലോ. പിന്നിൽനിന്നുള്ള വെട്ടുതടുക്കാൻ വെട്ടിനിരത്തലിന്റെ ആചാര്യനായ വി.എസ്. അച്യുതാനന്ദനുപോലും കഴിഞ്ഞിട്ടില്ല എന്നോർക്കണം. 1996ൽ മുഖ്യമന്ത്രിയാകുമെന്ന് ഉറപ്പിച്ചപ്പോഴാണ് വി.എസ് മാരാരിക്കുളത്ത് തോറ്റത്. എൽ.ഡി.എഫിന് ഭൂരിപക്ഷം കിട്ടുകയും ചെയ്തു. യു.ഡി.എഫ് തോൽപിച്ചതല്ല. വിധി അങ്ങനെ വന്നതല്ല. ചിലർ വരുത്തിയതാണ്. പറവൂരിൽ അങ്ങനെയൊക്കെ വരുമെന്നല്ല, ഏറ്റവും മോശമായ സാഹചര്യം പ്രതീക്ഷിച്ചാൽ പിന്നെ വരുന്നതെല്ലാം എളുപ്പത്തിൽ നേരിടാമെന്ന് ആലോചിച്ചതാണ്. ഏതായാലും ഒരാളേ മുഖ്യമന്ത്രിയാവൂ. അതുറപ്പാണ്. എന്നാലും ഒരാളും ദുഃഖമന്ത്രിയാകരുത്. അതിനാൽ, ബിസ്മാർക്ക് തന്നെയാണ് മികച്ച ഉപദേശകൻ. ലക്ഷ്യത്തിന്റെ തൊട്ടുപിന്നിലുള്ളത് കൈക്കലാക്കണം. ഹാപ്പിയായിരിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.